ad
Deshabhimani

print edition സർക്കാരിനെ വിമർശിച്ചെന്നാരോപിച്ച്‌ വൃക്കരോഗിക്ക്‌ പൊലീസ്‌ മർദനം; ‘വലിച്ചിഴച്ചത്‌ 128 പടികളിലൂടെ; ചോരവാർന്നിട്ടും വിട്ടില്ല’

Attacked.jpg

പൊലീസ്‌ മർദനത്തിൽ പരിക്കേറ്റ അനിൽകുമാർ കോന്നി മെഡിക്കൽ കോളേജിൽ

വെബ് ഡെസ്ക്

Published on Jul 29, 2026, 12:08 AM | 1 min read

ചിറ്റാർ (പത്തനംതിട്ട): സമൂഹമാധ്യമത്തിൽ സർക്കാരിനെ വിമർശിച്ചെന്നാരോപിച്ച്‌ വൃക്കരോഗിയെ പൊലീസ്‌ തല്ലിച്ചതച്ചു. സീതത്തോട്‌ ആങ്ങമൂഴി കുന്നുംപുറത്ത് വീട്ടിൽ കെ എസ് അനിൽകുമാറി(46)നെയാണ്‌ ചൊവ്വ പകൽ 11ന്‌ മൂഴിയാർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നെപ്പോളിയനും സംഘവും കസ്റ്റഡിയിലെടുത്ത്‌ ക്രൂരമർദനത്തിനിരയാക്കിയത്‌.


‘‘നീയാണോടാ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടതെന്ന്‌ ചോദിച്ച്‌ എന്നെ കട്ടിലിൽനിന്നു വലിച്ചു താഴെയിട്ടു. നീരുവന്ന കാലുകളിൽ പിടിച്ചുവലിച്ച്‌ മുറ്റത്തേക്ക് തള്ളി. വൃക്കരോഗിയാണെന്ന്‌ പറഞ്ഞിട്ടും പൊലീസ്‌ കേട്ടില്ല. വീട്ടിൽനിന്ന്‌ റോഡിലേക്കുള്ള 128 പടികളിലൂടെ വലിച്ചിഴച്ചാണ്‌ ജീപ്പിൽ കയറ്റിയത്‌. ഇരുകാലുകളും പൊട്ടി ചോര വാർന്നൊഴുകുന്നുണ്ടായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകണമെന്ന്‌ കേണപേക്ഷിച്ചിട്ടും കേൾക്കാൻ തയ്യാറായില്ല. സ്റ്റേഷനിലിട്ടും മർദിച്ചു’’–അനിൽകുമാർ പറഞ്ഞു.


പൊതിച്ചോർ വിതരണം തടയൽ, സ്‌ത്രീസുരക്ഷാ പെൻഷൻ നിഷേധിക്കൽ, പവർകട്ട് എന്നിവയ്‌ക്കെതിരെ ഫെയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ്‌ചെയ്‌തെന്ന്‌ ആരോപിച്ച്‌ പ്രാദേശിക കോൺഗ്രസ് നേതാവ്‌ നൽകിയ പരാതിയിലായിരുന്നു ഭീകരത. ഇരുവൃക്കകളും തകരാറിലായ ഇദ്ദേഹം ഹൃദ്രോഗത്തിനും ചികിത്സയിലാണ്‌.


ഗുളിക കഴിച്ച് വിശ്രമിക്കവെയാണ് പൊലീസെത്തിയത്‌. സംഭവമറിഞ്ഞ് സിപിഐ എം പ്രവർത്തകർ സ്റ്റേഷനിൽ പ്രതിഷേധിച്ചതോടെ അനിൽകുമാറിനെ വിട്ടയച്ചു. കോന്നി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌ അദ്ദേഹം. പൊലീസ്‌ അതിക്രമത്തിനെതിരെ വ്യാഴാഴ്‌ച സിപിഐ എം മൂഴിയാർ സ്റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home