ad
Deshabhimani

ടൂറിസ്റ്റുകളായി വയനാട്ടിൽ എത്തിയ അടിമകളെന്ന് രമ്യ ഹരിദാസ്; ഉന്നംവെച്ചത് രാഹുലിനെയും പ്രിയങ്കയെയുമോ?

Ramya Haridas Priyanka Gandhi Vadra Rahul Gandhi

രമ്യ ഹരിദാല് (ഇടത്), പ്രിയങ്ക ​ഗാന്ധി വാദ്രയും രാഹുൽ ​ഗാന്ധിയും (വലത്)

വെബ് ഡെസ്ക്

Published on Mar 02, 2026, 11:49 AM | 2 min read

കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതർക്കായി സംസ്ഥാന സർക്കാർ നിർമിച്ച ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനത്തിന് പിന്നാലെ വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി കോൺ​ഗ്രസ് നേതാവ് രമ്യ ഹരിദാസ്. ടി സിദ്ദിഖ് എംഎൽഎയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം രമ്യ നൽകിയ ക്യാപ്ഷനാണ് ചർച്ചയായിരിക്കുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയെയും വയനാട് എംപി പ്രിയങ്ക ​ഗാന്ധി വാദ്രയെയും പരോക്ഷമായി ഉന്നംവെക്കുന്നതാണ് പോസ്റ്റ് എന്നാണ് ചർച്ച.


മലവെള്ള പാച്ചിലിൽ ഒറ്റപ്പെട്ടുപോയ ജനതയെ ജീവൻ പണയം വെച്ചു ചേർത്തു പിടിച്ച ടി സിദ്ധിക്ക് MLA യെ മുണ്ടക്കൈ ചൂരൽമലക്കാർക്കറിയാം... ടൂറിസ്റ്റുകളായി വയനാട്ടിൽ എത്തിയ രാഷ്ട്രീയ അടിമകൾക്ക് ആ നാട് അനുഭവിച്ച വേദന അറിയില്ല..- ഇതായിരുന്നു രമ്യയുടെ പോസ്റ്റ്.


ഇതിൽ ടൂറിസ്റ്റുകളായി വയനാട്ടിൽ എത്തുന്നവർ എന്ന പ്രയോ​ഗം വയനാട്ടിലെ മുൻ എംപി കൂടിയായ രാഹുലിനെയും നിലവിലെ എംപി പ്രിയങ്കയെയും ഉദ്ദേശിച്ചാണോ എന്ന് കമന്റിൽ നിരവധിപേർ ചോദിക്കുന്നു. രമ്യ ഹരിദാസ് ഇത്തരം കമന്റുകൾക്ക് മറുപടി നൽകിയിട്ടുമില്ല. വയനാട് ദുരന്തബാധിതരുടെ അതിജീവിനത്തിന് യാതൊരുവിധ ഇടപെടലും നടത്താത്ത രാഹുലിന്റെയും പ്രിയങ്കയുടെയും നടപടികളിൽ പൊതുവെ വ്യാപകമായ പരാതിയുണ്ട്.


പുനരധിവാസ പ്രവർത്തനങ്ങൾക്ക കേരളം ആവശ്യപ്പെട്ട സഹായം ഭീമമായി വെട്ടിക്കുറച്ച്‌, നാമമാത്ര തുക മാത്രം കേന്ദ്രസർക്കാർ നൽകിയപ്പോൾ മണ്ഡലത്തിലെ എംപിയായ പ്രിയങ്കയുടെ ഇടപെടൽ പ്രസ്‌താവനയിൽ മാത്രം ഒതുങ്ങുകയായിരുന്നു. വയനാടിന്‌ അർഹതമായത്‌ നേടിയെടുക്കാൻ ഇതുവരെ എംപി ഇടപെട്ടില്ല. പുനരധിവാസ പ്രവർത്തനത്തിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പ്രിയങ്ക നയാപൈസയും നൽകിയില്ല. എൽഡിഎഫിന്റെ എംപിമാരായ ജോൺ ബ്രിട്ടാസ്, കെ രാധാകൃഷ്ണൻ, ഡോ. വി ശിവദാസൻ, എ എ റഹീം, പി പി സുനീർ, പി സന്തോഷ് കുമാർ, ജോസ് കെ മാണി എന്നിവരും മറ്റ്‌ മൂന്ന്‌ എംപിമാരുമാണ്‌ എംപി ഫണ്ടിൽനിന്ന്‌ തുക നൽകിയത്‌. ജോൺ ബ്രിട്ടാസ്‌ ഒരുകോടി നൽകി. എന്നിട്ടും പ്രിയങ്ക സ്വന്തം മണ്ഡലത്തിലെ മനുഷ്യരെ മറന്നു.


വയനാട്ടിലെ മുൻ എംപിയായ രാഹുലും ദുരന്തബാധിതരായ ജനങ്ങളോട് മുഖംതിരിക്കുകയായിരുന്നു. വയനാടിന്‌ ഒന്നല്ല, രണ്ട്‌ എംപിമാർ ഉണ്ടെന്നായിരുന്നു ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക വിജയിച്ചപ്പോൾ രാഹുലിന്റെ അവകാശവാദം. എന്നാൽ ഇത് വെറും വാക്കായി ദുരന്തബാധിതർക്ക്‌ നൂറ്‌ വീട്‌ വാഗ്‌ദാനംചെയ്‌ത രാഹുൽ പിന്നീട്‌ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടേയില്ല. പ്രിയങ്കയെ പോലെ രാഹുലും ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയില്ല.


അതിനിടെ, ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ കല്‍പ്പറ്റ എംഎൽഎ ടി സിദ്ദിഖിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എംഎൽഎ പ്രസംഗിക്കുമ്പോൾ സദസ്സിൽനിന്ന്‌ കൂക്കിവിളിയുണ്ടായി. ദുരന്തബാധിതർക്ക്‌ സർക്കാർ വീട്‌ നൽകുന്നത്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ടാണെന്ന്‌ ദിവസങ്ങൾക്ക്‌ മുന്പ്‌ സിദ്ദിഖ്‌ വാർത്താ സമ്മേളനത്തിൽ ആരോപിച്ചതിലെ പ്രതിഷേധമാണുയർന്നത്‌.


ദുരന്തബാധിതർക്ക്‌ വീട്‌ വാഗ്‌ദാനം ചെയ്‌ത്‌ കോൺഗ്രസ്‌ കോടികൾ പിരിച്ച്‌ വഞ്ചിച്ചതിലും ദുരന്തബാധിതർ ഉൾപ്പെടെ പ്രതിഷേധത്തിലാണ്‌. വീട്‌ നിർമാണവുമായി ബന്ധപ്പെട്ട്‌ പലതവണ ആളുകളെ കബളിപ്പിക്കുന്ന പ്രസ്‌താവന എംഎൽഎ നടത്തി. ട‍ൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തീകരണത്തോട്‌ അടുക്കുമ്പോഴായിരുന്നു സർക്കാർ ഒരുവീടുപോലും നിർമിച്ചിട്ടില്ലെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ ആക്ഷേപം. സ്ഥലം എംഎൽഎയായ സിദ്ദിഖ്‌ ഇതുതിരുത്തിക്കാൻ തയ്യാറായില്ല.


ദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ അന്നത്തെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഉൾപ്പെടെയുള്ളവർ നിലപാട്‌ എടുത്തപ്പോഴും എംഎൽഎ നിശബ്ദനായി. സ്വന്തം മണ്ഡലത്തിലെ ദുരന്തത്തിന്റെ പേരിൽ കോൺഗ്രസും യൂത്ത്‌ കോൺഗ്രസും പിരിച്ച തുക എത്രയാണെന്ന്‌ മാധ്യമപ്രവർത്തകർ ചോദിക്കുമ്പോഴെല്ലാം പരിഹാസ്യ മറുപടികളായിരുന്നു. ചോദ്യങ്ങൾ ആവർത്തിച്ച മാധ്യമപ്രവർത്തകരെയും കോൺഗ്രസ്‌ നേതാക്കൾ പരിഹസിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home