കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതി ആത്മഹത്യ ചെയ്തു

കണ്ണൂർ: സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി. ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വയനാട് കേണിച്ചിറ സ്വദേശി ജിൽസ (43) നാണ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത ശേഷം മുറിവിൽ നിന്ന് കൈകൊണ്ട് ഞെക്കി രക്തം കളയുകയായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിൽസന്റെ ജീവൻ രക്ഷിക്കാനായില്ല.
ഏഴ് മാസം മുൻപാണ് ജിൽസനെ മാനന്തവാടി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഇതിനു മുൻപും ഇയാൾ രണ്ട് തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി ജയിൽ അധികൃതർ വ്യക്തമാക്കി. അതിനാൽ ജിൽസന് തുടർച്ചയായി കൗൺസിലിംഗ് നൽകി വരികയായിരുന്നു. ചിത്രകാരനായിരുന്ന ജിൽസൻ, ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ചിത്രപ്രദർശനം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ജയിൽ അധികൃതർ അറിയിച്ചു.
കഴിഞ്ഞ വിഷുവിനാണ് ജിൽസൻ ഭാര്യയെ കൊലപ്പെടുത്തിയത്. മക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം. അതിനുശേഷം ഇയാൾ ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. ജല അതോറിറ്റിയിലെ പടിഞ്ഞാറത്തറയിലെ പ്ലംബിങ് ജീവനക്കാരനായിരുന്നു ജിൽസൻ.








0 comments