എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് ആശ്വാസം; 20,000 പേർക്ക് നിയമനാംഗീകാരം നൽകാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെ ദീർഘകാലത്തെ ആശങ്കകൾക്ക് പരിഹാരമായി സർക്കാരിന്റെ ചരിത്രപരമായ തീരുമാനം. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ മൂലം നിയമനാംഗീകാരം തടസ്സപ്പെട്ട അധ്യാപകർക്ക് അനുകൂലമായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇരുപതിനായിരത്തോളം അധ്യാപകർക്കാണ് ഇതുവഴി പ്രയോജനം ലഭിക്കുക.
1996-ലെ ഭിന്നശേഷി നിയമപ്രകാരം എയ്ഡഡ് സ്‌കൂളുകളിൽ സംവരണം നടപ്പിലാക്കുന്നതിലെ സങ്കീർണ്ണതകൾ കാരണം വർഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്തിരുന്നവർക്കാണ് ഈ തീരുമാനത്തിലൂടെ സേവന-വേതന ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്. എൻഎസ്‍എസ് കേസിൽ സുപ്രീം കോടതി നൽകിയ വിധിന്യായത്തിന്റെ ആനുകൂല്യം സമാന സാഹചര്യത്തിലുള്ള മറ്റ് മാനേജ്‌മെന്റുകൾക്കും ലഭ്യമാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഭിന്നശേഷി നിയമനത്തിനായി തസ്തികകൾ മാറ്റിവെച്ച മാനേജ്‌മെന്റുകൾക്ക് കീഴിലെ താൽക്കാലിക അധ്യാപകർക്ക് സ്ഥിര നിയമനം നൽകും. അധ്യാപകർ ജോലിയിൽ പ്രവേശിച്ച തീയതി മുതൽ തന്നെയുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്നും ഉത്തരവിൽ പറയുന്നു. നിയമനാംഗീകാരത്തിനായുള്ള പ്രൊപ്പോസലുകൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. സർക്കാരിന്റെ റെഗുലറൈസേഷൻ നടപടിയെ എതിർത്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയ 442 അധ്യാപകരുടെ കാര്യത്തിൽ കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം മാത്രമേ നടപടിയുണ്ടാകൂ.
സാമൂഹിക നീതി ഉറപ്പാക്കിക്കൊണ്ട് തന്നെ അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ട പറഞ്ഞു. വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് ഈ തീരുമാനം വലിയ ഊർജ്ജം പകരുമെന്ന് സർക്കാർ വിലയിരുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments