സ്‌കൂൾ ഫിറ്റ്‌നസ് നടപടിയിൽ ഇളവ്

പ്രതീകാത്മകചിത്രം

സ്വന്തം ലേഖകൻ
Published on May 14, 2026, 12:28 AM | 1 min read
തിരുവനന്തപുരം : സ്‌കൂൾ ഫിറ്റ്‌നസ് നടപടികളിൽ ഇളവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ചെക്ക് ലിസ്റ്റ് അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ഫിറ്റ്‌നസ് അനുവദിക്കും. തദ്ദേശ സ്ഥാപനത്തിലെ അസിസ്റ്റന്റ് എൻജിനീയറും ആരോഗ്യ വിഭാഗം അധികൃതരും കെട്ടിടങ്ങളും സ്കൂൾ പരിസരവും പരിശോധിച്ച് നടപടികൾ പൂർത്തിയാക്കിയോ എന്ന് ഉറപ്പാക്കിയശേഷമാകും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുക.
12 സുരക്ഷാകാര്യങ്ങളാണ് അസിസ്റ്റന്റ് എൻജിനീയർ ഉറപ്പു വരുത്തേണ്ടത്. സ്‌കൂൾ പരിസരത്തെ വൃത്തി, പ്രാഥമിക ശുശ്രൂഷ കിറ്റ് തുടങ്ങിയവ ആരോഗ്യ വിഭാഗം പരിശോധിക്കും. സ്കൂൾ വാഹനങ്ങൾക്കുള്ള ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പിൽനിന്ന് പ്രത്യേകം വാങ്ങണം.
അടുത്ത രണ്ട് ആഴ്ച സ്കൂളുകളുടെ തയ്യാറെടുപ്പുകൾ കലക്ടർമാർ നിരീക്ഷിക്കാനും ആവശ്യമായിടത്ത് പരിശോധന നടത്താനും ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ബുധനാഴ്ച ചേർന്ന യോഗത്തിൽ നിർദേശം നൽകിയിരുന്നു. സ്കൂൾ തുറക്കലിനുള്ള ഒരുക്കം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു. 31നകം പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്നും അറിയിച്ചു. 65 ശതമാനം പാഠപുസ്തകം വിതരണം ചെയ്തു. ശേഷിക്കുന്നവ സമയബന്ധിതമായി വിതരണംചെയ്യും. കൈത്തറി വകുപ്പ് വഴി സ്കൂൾ യൂണിഫോം തുണികളുടെ വിതരണം പുരോഗമിക്കുകയാണെന്ന് യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി.










0 comments