ad
Deshabhimani

പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ ബദൽ ഭൂമി മൗലികാവകാശമല്ല: സുപ്രീം കോടതി

m a vahid
വെബ് ഡെസ്ക്

Published on Jul 19, 2025, 07:41 PM | 1 min read

ന്യൂഡൽഹി : പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ പുനരധിവാസമോ ബദൽ ഭൂമിയോ നൽകൽ മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. ഭൂമി ഏറ്റെടുക്കുമ്പോൾ ചട്ടപ്രകാരമുള്ള നഷ്ടപരിഹാരത്തുകയ്ക്ക് എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, ഭൂമി ഏറ്റെടുക്കലിൽ വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവർക്ക് മാത്രമേ പുനരധിവാസത്തിന് അർഹതയുണ്ടായിരിക്കുകയുള്ളൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി. സർക്കാർ പദ്ധതികൾക്കായി ആകെയുള്ള ഭൂമി നൽകേണ്ടി വരുന്നവർക്ക് തിരിച്ചടിയാകുകയാണ് സുപ്രീംകോടതിയുടെ വിധി


ഭൂമി വിട്ടുനൽകിയവർക്ക് 1992ലെ നിയമപ്രകാരം നഷ്ടപരിഹാരത്തിന് പുറമേ പുനരധിവാസവും നടപ്പാക്കണമെന്ന ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി. ഹരിയാനയിലെ കൈതാൽ ജില്ലയിലെ സ്ഥലമുടമകളാണ് ഹർജി സമർപ്പിച്ചത്.


പുനരധിവാസ പദ്ധതികൾ പലപ്പോഴും ഏറ്റെടുക്കൽ പ്രക്രിയയെ സങ്കീർണമാക്കുകയും നീണ്ടുനിൽക്കുന്ന വ്യവഹാരങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. മാനുഷിക പരിഗണന നൽകേണ്ട കേസുകളിൽ മാത്രം പ്രാവർത്തികമാക്കിയാൽ മതിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജനങ്ങളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ ജനങ്ങളിലുണ്ടാക്കുന്ന പ്രതീക്ഷ മറ്റുപല പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നും കോടതി പറഞ്ഞു.


ഇത്തരം ഹർജികൾ ഒത്തുതീർപ്പാക്കാൻ കഴിയാത്ത നിയമവ്യവഹാരങ്ങളിലേക്കാണ് നയിക്കുകയെന്നും ഈ കേസ് അതിനുദാഹരണമാണെന്നും കോടതി പറഞ്ഞു. ഈ വിധി രാജ്യത്തെ മുഴുവൻ സർക്കാരുകളുടെയും കണ്ണുതുറപ്പിക്കുമെന്നാണ് കോടതിയുടെ മറ്റൊരു അവകാശവാദം. അതേസമയം ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി അനാവശ്യവാഗ്ദാനങ്ങൾ നൽകി പൊതുജനങ്ങളെ സർക്കാർ ആശങ്കയിലാഴ്ത്തരുതെന്നും കോടതി പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home