print edition കുതിപ്പ് തുടര്‍ന്ന് കെഎംഎംഎല്‍: സിലിമിനൈറ്റ് വിപണനത്തില്‍ റെക്കോഡ്

ജയൻ ഇടയ്ക്കാട്
Published on Apr 30, 2026, 12:00 AM | 1 min read
കൊല്ലം: സിലിമിനൈറ്റ് വിപണനത്തില്‍ റെക്കോഡിട്ട് പൊതുമേഖലാ വ്യവസായ സ്ഥാപനമായ ചവറ കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎൽ). 2025– 26 സാമ്പത്തിക വര്‍ഷം ഉൽപ്പാദിപ്പിച്ച 8824 ടണ്‍ സിലിമിനൈറ്റിൽ 8656.9 ടണ്ണും വിപണനം ചെയ്തു. ഗ്ലാസ്, സെറാമിക് ഉൽപ്പാദനത്തിനാണ് സിലിമിനൈറ്റ് പ്രധാനമായി ഉപയോഗിക്കുന്നത്.
2025–2026ൽ 889കോടി രൂപയുടെ വിറ്റുവരവുണ്ടായി. 74.8കോടി രൂപയുടെ ലാഭം നേടി. 34,001ടണ്‍ ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്‌മെന്റ് ഉല്‍പ്പാദിപ്പിച്ചതിൽ 30837.8 ടണ്‍ വിറ്റു. 85497 ടണ്‍ ടിക്കിള്‍ ഉല്‍പ്പാദിപ്പിച്ചു. കെഎംഎംഎൽ 2021 മുതല്‍ 2025വരെ ലഭിച്ച 26.3കോടി രൂപയുടെ ലാഭവിഹിതം സംസ്ഥാന സര്‍ക്കാരിന് കൈമാറി. 2024-–25ലെ ലാഭവിഹിതമായി 4.64 കോടി രൂപ ഫെബ്രുവരിയില്‍ കൈമാറിയിരുന്നു. 2021 -–22 സാമ്പത്തികവർഷമാണ് കമ്പനി വലിയ ലാഭം നേടിയത്, 310.5കോടി രൂപ. 783.5കോടിയുടെ ഉയർന്ന വിറ്റുവരവും നേടി. 2022–-23 സാമ്പത്തിക വർഷവും കുതിപ്പ് തുടർന്നു. 103.58കോടി രൂപയുടെ ലാഭവും 896.4കോടിയുടെ വിറ്റുവരവും. 89കോടി രൂപയുടെ ലാഭവുമായി മിനറൽ സെപ്പറേഷൻ യൂണിറ്റും കുതിച്ചു.
2024–25 സാമ്പത്തികവർഷം 1000 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ഉയർന്ന രണ്ടാമത്തെ നേട്ടമാണിത്. ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് വിപണനത്തിൽ റെക്കോഡ് നേട്ടവുമുണ്ടാക്കി. 8815 ടണ്ണായിരുന്നു വിപണനം. ടൈറ്റാനിയം ഡയോക്‌സൈഡ് വിപണനത്തിലും എട്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നേട്ടമാണ്. 2020ൽ ദിവസം 70ടൺ ഉൽപ്പാദനശേഷിയുള്ള പുതിയ ഓക്സിജൻ പ്ലാന്റും കമീഷൻ ചെയ്‌തു. യുഡിഎഫ് ഭരണകാലത്ത് കെഎംഎംഎൽ എട്ടുകോടി രൂപയ്ക്ക് വിൽക്കാൻ പരസ്യം നൽകിയിരുന്നു. 2011–16ൽ ഉൽപ്പാദനവും കുറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി കെഎംഎംഎൽ ലാഭത്തിലാണ്.










0 comments