print edition ലോക്‌സഭാസീറ്റ് 824 ആക്കാൻ ശുപാർശ


സ്വന്തം ലേഖകൻ
Published on Jun 13, 2026, 12:00 AM | 1 min read
ന്യൂഡൽഹി : വനിതാസംവരണത്തിന്റെ മറവിൽ ഏകപക്ഷീയ മണ്ഡല പുനഃനിർണയം നടത്താനുള്ള നീക്കം പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ പുതിയ കുതന്ത്രവുമായി കേന്ദ്രസർക്കാർ. 170 വലിയ മണ്ഡലങ്ങൾ വിഭജിച്ച് ലോക്‌സഭാസീറ്റ് 543ൽ നിന്നും 824 ആക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തികാര്യ ഉപദേശക കൗൺസിൽ (ഇഎസി–പിഎം) ശുപാർശ ചെയ്‌തു. 59 മണ്ഡലങ്ങളെ രണ്ടായും 111 മണ്ഡലങ്ങളെ മൂന്നായും വിഭജിക്കാനാണ് ശുപാർശ. മണ്ഡലപുനഃനിർണയം സംബന്ധിച്ച പഠനത്തിന് ശേഷം നൽകിയ റിപ്പോർട്ടിലാണിത് . ഉപദേശക സമിതി അംഗമായ ഡോ. ഷമികാരവി, ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിലെ എക്‌ണോമിക്‌സ് ആൻഡ് പ്ലാനിങ്ങ് യൂണിറ്റിലെ മുദിത് കപൂർ എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
2029ൽ ലോക്‌സഭാതെരഞ്ഞെടുപ്പിന് മുന്പ് മണ്ഡല പുനഃനിർണയം നടത്താനുള്ള പുതിയ നിയമനിർമാണത്തിന് കേന്ദ്രസർക്കാർ നീക്കം സജീവമാക്കിയിരുന്നു. പുതിയ റിപ്പോർട്ടിൽ കേരളത്തിലെ ലോക്‌സഭാസീറ്റ് 20ൽ നിന്നും 30 ആക്കാനും തമിഴ്‌നാട്ടിലേത് 39ൽ നിന്നും 59 ആക്കാനും ആന്ധ്രാപ്രദേശിലേത് 25ൽ നിന്നും 38 ആക്കാനും കർണാടകത്തിലേത് 28ൽ നിന്നും 42 ആക്കാനും നിർദേശമുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റുകൾ ചെറിയ രീതിയിൽ വർധിപ്പിക്കുന്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ വർധനയുണ്ടാകും. ഉത്തർപ്രദേശിലെ മൊത്തം സീറ്റ് 80ൽ നിന്നും 120 ആകും. മഹാരാഷ്ട്രയുടെ സീറ്റുകൾ 48 ൽ നിന്നും 72ആയും ബിഹാറിലേത് 40ൽനിന്നും 60 ആയും ഉയരും.









0 comments