print edition അന്ന് യുഡിഎഫ് ബഹിഷ്‌കരിച്ചു; ഇപ്പോൾ എൽഡിഎഫ് പങ്കെടുത്തു

സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശനും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും സൗഹൃദ സംഭാഷണത്തിൽ
തിരുവനന്തപുരം: അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ച് നിരാശരായ യുഡിഎഫ് സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ച 2021ലെ അനുഭവമായിരുന്നില്ല തിങ്കളാഴ്‌ച സെൻട്രൽ സ്‌റ്റേഡിയത്തിൽ. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് എൽഡിഎഫ് ബഹിഷ്‌കരിച്ചില്ല.
സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രയാംസ്‌കുമാർ, കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
വേദിയിലെത്തി നിയുക്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കുകയുംചെയ്‌തു. തെരഞ്ഞെടുപ്പിൽ തോൽവിയും ജയവും സാധാരണമാകുമ്പോൾ ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം, അല്ലാതെ ബഹിഷ്‌കരണമല്ലെന്ന സന്ദേശവും എൽഡിഎഫ് മുന്നോട്ടുവച്ചു.
2021ലെ തെരഞ്ഞെടുപ്പ് കോവിഡ് കാലത്തായിരുന്നു. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌തില്ലെങ്കിൽ ഭരണഘടനാ പ്രശ്‌നമുണ്ടാകും. കോവിഡ് ജാഗ്രതയുള്ളതിനാൽ അടച്ചിട്ട മുറിയിൽ പോലും ചടങ്ങ് സംഘടിപ്പിക്കാൻ കഴിയാത്ത സാഹചര്യം.
അങ്ങനെയാണ് വിശാലമായ സെൻട്രൽ സ്‌റ്റേഡിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ഷണിക്കപ്പെട്ട 500 പേരെ മാത്രം പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞ നിശ്‌ചയിച്ചത്. എംഎൽഎമാർ, അവശ്യംവേണ്ട പൊലീസ് ഉൾപെടെയുള്ള ഉദ്യോഗസ്ഥർ, പ്രത്യേകം ക്ഷണിതാക്കളായ കുറച്ചുപേർ എന്നിവർ മാത്രം.
കസേരകൾ തമ്മിൽ കൃത്യമായ അകലമുൾപെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. എന്നാൽ തോൽവിയുടെ ആഘാതത്തിൽ കോവിഡിന്റെ പേരു പറഞ്ഞ് യുഡിഎഫ് സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു.
പിണറായി വിജയൻ അഭിനന്ദിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി ഡി സതീശനെയും മന്ത്രിസഭയെയും അഭിനന്ദിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. മുൻ സർക്കാരുകൾ ആരംഭിക്കുകയും പിന്തുടരുകയും ചെയ്ത ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും പുതിയ സർക്കാർ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു. അത്തരം ഇടപെടലുകൾക്ക് ക്രിയാത്മകമായ പിന്തുണ ഉറപ്പ് നൽകുന്നതായും പിണറായി ഫെയ്‌സ് ബുക്കിൽ കുറിച്ചു.










0 comments