ad
Deshabhimani

നമ്മൾ ഒന്നേയുള്ളു

theyyam at masjid

വിഷ്‌ണുമൂർത്തി തെയ്യം പെരുമ്പട്ട ജുമാമസ്‌ജിദിൽ

avatar
പി വി ജീജോ

Published on Mar 16, 2026, 11:49 AM | 4 min read

കാസർകോട്‌ പെരുന്പട്ട താഴത്തിടം പാടാർക്കുളങ്ങര ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാനം വിഷ്‌ണുമൂർത്തി തെയ്യം പെരുന്പട്ട ജുമാമസ്‌ജിദിലെത്തും. പള്ളിയിൽ തെയ്യം അരങ്ങേറുന്ന വിസ്‌മയം. തലസ്ഥാന നഗരിയിൽ ആറ്റുകാൽ പൊങ്കാലയിടാൻ എത്തുന്നവർക്ക്‌ വിശ്രമിക്കാനും സ‍ൗകര്യമൊരുക്കാനും മസ്‌ജിദും വീടുകളും തുറന്നുകൊടുക്കണമെന്ന്‌ ഇസ്ലാംമത പുരോഹിതൻ, പാളയം ഇമാം ഡോ. വി പി സുഹൈബ്‌ മ‍ൗലവി വിളിച്ചോതുന്നതും നാം കേട്ടു. നെയ്യാറ്റിൻകരയിലെ പ്ലാമൂട്ടുക്കട ക്ഷേത്രമുറ്റത്ത്‌ നോന്പുതുറയൊരുക്കി സ്‌നേഹാതിഥ്യം ചൊരിഞ്ഞതും ഇത്തവണത്തെ റംസാന്‌ പകിട്ടേകിയ മുഹൂർത്തമായിരുന്നു. കായംകുളത്തെ ചേരാവള്ളി ജുമാമസ്‌ജിദിൽ ഹൈന്ദവാചാരപ്രകാരമുള്ള വിവാഹത്തിന്‌ വേദിയായത്‌ 2020 ജനുവരി 19ന്‌ ആയിരുന്നു. പെൺകുട്ടിക്ക്‌ ആഭരണവും വസ്‌ത്രവും നൽകിയാണ്‌ പള്ളിക്കമ്മിറ്റി ഭാരവാഹികൾ പുതുജീവിതത്തിന്‌ മംഗളമോതിയത്‌.


മലപ്പുറത്തെ മങ്കടയിൽ ശിവക്ഷേത്രത്തിന്‌ സ്ഥലം സംഭാവന നൽകിയ മറിയുമ്മ ഹജ്ജുമ്മ, മതംമാറിയ സഹോദരിക്ക്‌ നിസ്‌കരിക്കാൻ വീട്ടിൽ പായ വാങ്ങി സൂക്ഷിച്ച, സഹോദരിയുടെ വേർപാടിനുശേഷവും ആ ഓർമപ്പായ പെങ്ങളുടെ സ്‌നേഹസ്‌പർശമായി സൂക്ഷിക്കുന്ന ജ്യേഷ്‌ഠൻ മണ്ണാരക്കൽ നാരായണൻ, ഇതരമതവിശ്വാസിയായ കൂട്ടുകാരിയുടെ മക്കളെ സ്വന്തം മക്കളെപ്പോലെയല്ല മക്കളായിത്തന്നെ, അവരുടെ മതവിശ്വാസമനുസരിച്ച്‌ വളർത്തിയ കാളികാവിലെ തെന്നാടൻ സുബൈദയും അബ്ദുൾഅസീസ്‌ ഹാജിയും, തിരുവനന്തപുരം വെഞ്ഞാറമൂട്‌ മേലേകുറ്റിമൂട്ടിൽ ചാമുണ്ഡേശ്വരിക്ഷേത്രത്തിന്‌ കമാനം സ്ഥാപിക്കാൻ സമീപത്തെ മസ്‌ജിദിന്റെ കമാനത്തിന്റെ പാതിഭാഗം വിട്ടുനൽകിയ, മതത്തിനപ്പുറം മനുഷ്യരായി വളരുന്ന കാഴ്‌ചകൾ പലതുണ്ട്‌ ഇ‍ൗ നാട്ടിൽ. നമ്മളറിയേണ്ട, പറയേണ്ട നിരവധി മഹദ്‌സുകൃത ജീവിതങ്ങൾ നമുക്കിടയിലുണ്ട്‌. ജാതിയുടെ, മതത്തിന്റെ, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വേലിക്കെട്ടുകളില്ലാതെ ജീവിക്കുന്ന മലയാളി മനുഷ്യരുടെ ജീവിതകഥയാണ്‌ ലോകം അറിയേണ്ട കേരള സ്‌റ്റോറി. അത്തരം ചില ജീവിതങ്ങളും അനുഭവങ്ങളുമിതാ...


ശിവക്ഷേത്രത്തിന്‌ ഭൂമി മറിയുമ്മ ഹജ്ജുമ്മ വക


മലപ്പുറം മങ്കടയിലെ മസ്‌ജിദ്‌–മന്ദിർ റോഡ്‌ ആരുടെയും ശ്രദ്ധയാകർഷിക്കുന്നതാണ്‌. മാണിക്കേടത്ത്‌ ശിവക്ഷേത്രവും പള്ളിയും ചേരുന്ന വീഥിയാണത്‌. ഇവിടെയുള്ള ശിവക്ഷേത്രത്തിന്‌ പറയാനുള്ളത്‌ മതേതര സംസ്‌കാരത്തിന്റെ ശ്രേഷ്‌ഠകഥയാണ്‌. ഹജ്ജുമ്മയെന്ന്‌ അറിയപ്പെടുന്ന മറിയുമ്മ ഹജ്ജുമ്മ സ്വന്തം കർമത്താൽക്കൂടി ആ ശ്രേഷ്‌ഠാനുഭവം നേടിയ മഹതിയെന്നാണ്‌ നാട്ടിലെ ഇതരമതവിശ്വാസികൾ പറയുക. തയ്യിൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യയാണ്‌ മറിയുമ്മ. ആദ്യം സ‍ൗജന്യമായി സ്ഥലം വിട്ടുനൽകിയ മറിയുമ്മയും കുടുംബവും പിന്നീട്‌ ക്ഷേത്ര വിപുലീകരണത്തിനായി മൂന്നേക്കറോളം സ്ഥലം ചെറിയ വിലവാങ്ങിയും കൈമാറാൻ സന്മനസ്സുകാട്ടി. മാണിക്കേടത്ത്‌ ശിവക്ഷേത്രത്തിന്‌ സ്വന്തം സ്ഥലം മുസ്ലിം കുടുംബം വിട്ടുനൽകിയ ഇതേ മലപ്പുറത്തെ സംഘപരിവാരം ഇന്നും ജിഹാദികളുടെ നാടെന്ന്‌ അധിക്ഷേപിക്കുന്പോൾ നമുക്ക്‌ മറക്കാതിരിക്കാം, മറിയുമ്മ ഹജ്ജുമ്മ ജീവിച്ചത്‌ ഇവിടെയാണ്‌.


manikkoth templeമാണിക്കേത്ത്‌ ശിവക്ഷേത്രം


മങ്കടയിലെ കർക്കിടകത്തെ ബിലാൽ മസ്‌ജിദ്‌ ജുമാമസ്‌ജിദാക്കാൻ സ‍ൗജന്യമായി സ്ഥലം നൽകിയ മൂത്തേടത്ത്‌ മനയിലെ വാസുദേവൻ നന്പൂതിരിയുടെ മാതൃകയും മങ്കടയുടെ മതേതരപ്പെരുമ വിളംബരംചെയ്യുന്നതാണ്‌. സ്ഥലത്തിന്‌ വില നൽകാൻ പള്ളിക്കമ്മിറ്റി തയ്യാറായിട്ടും വാസുദേവൻ നന്പൂതിരി അത്‌ സ്വീകരിച്ചില്ല. കാളികാവിൽനിന്നും ഏറെ ദൂരമില്ല ചുങ്കത്തറക്ക്‌. അവിടെയുള്ള വലിയ ജുമാഅത്ത്‌ പള്ളി മദ്രസക്ക്‌ സ‍ൗജന്യമായി സ്ഥലം നൽകിയത്‌ കെ കെ അപ്പു കരുമാംപൊയിലായിരുന്നു. മാനവസ്‌നേഹത്തിൽ വിശ്വസിച്ച്‌ വിസ്‌മയമായ മാതൃകകൾ സൃഷ്‌ടിച്ച മഹദ്‌ജീവിതങ്ങൾ നിരവധിയാണ്‌ മലപ്പുറത്തും പരിസരത്തും.


​പള്ളിമുറ്റത്ത്‌ വിഷ്‌ണുമൂർത്തി തെയ്യം


കാസർകോടൻ സംസ്‌കൃതിയുടെ സുകൃതപ്രവാഹമാണ്‌ തേജസ്വിനിപ്പുഴ. വിപ്ലവവും കലയും വിശ്വാസവുമെല്ലാം തളിരിടുന്ന തേജസ്വിനിക്ക്‌ തേജസ്സായി മാറുകയാണ്‌ പെരുമ്പട്ടയിലെ താഴെത്തിടം പാടാർക്കുളങ്ങര ഭഗവതിക്ഷേത്രവും മസ്‌ജിദും. മൂന്നുവർഷത്തിലൊരിക്കലാണ്‌ ക്ഷേത്രത്തിൽ കളിയാട്ടം. ഉത്സവം കൊടിയിറങ്ങുമ്പോൾ വിഷ്‌ണുമൂർത്തി തെയ്യവും ക്ഷേത്ര ഭാരവാഹികളും നന്ദിപറയാൻ തൊട്ടടുത്ത മുനീറുൽ ഇസ്ലാം ജുമാമസ്‌ജിദിലെത്തും.


‘നിസ്‌കാരം അഞ്ചുനേരവും പിറകൊണ്ട പെരുന്നാളും വ്രതങ്ങളുമായി ദീനിന്റെ വഴി മുടങ്ങാതീട്ടുതക്കവണ്ണം മാർഗം നടത്തുന്നുണ്ടല്ലോ അല്ലേ എന്റെ മാടായി നഗരേ’, പെരുമ്പട്ട ജുമാമസ്‌ജിദിലെത്തി വിഷ്‌ണുമൂർത്തി തെയ്യം അരുളുന്നതിങ്ങനെയാണ്‌. പള്ളിയിൽ അസർ നിസ്‌കാരത്തിന്‌ ബാങ്കുവിളി മുഴങ്ങുന്പോഴാണ്‌ കളിയാട്ടക്കാവിൽനിന്ന്‌ വിഷ്‌ണുമൂർത്തി എത്തുക. പള്ളിയും പള്ളിയറയും എല്ലാം ഒന്നാണെന്നും മാനവക്ഷേമമാണ്‌ എല്ലാത്തിന്റെയും അടിസ്ഥാനമെന്നും ബാങ്കുവിളിയും നിസ്‌കാരവും മുടങ്ങാതെ കാക്കണമെന്നും തെയ്യം അരുളിച്ചെയ്യുന്നു. തെയ്യത്തെയും ക്ഷേത്രഭാരവാഹികളെയും അരിയിട്ടാണ്‌ പള്ളിയിൽ വരവേൽക്കുക. ക്ഷേത്രഭാരവാഹികൾ ഖത്തീബിനെ ആദരിക്കുന്ന പതിവുമുണ്ട്‌.



theyyam at masjidവിഷ്‌ണുമൂർത്തി തെയ്യം പെരുമ്പട്ട ജുമാമസ്‌ജിദിൽ


ഒന്നരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്‌ പെരുമ്പട്ട ജുമാമസ്‌ജിദിനും പാടാർക്കുളങ്ങര ഭഗവതിക്ഷേത്രത്തിനും. ക്ഷേത്ര സ്ഥാനികർ പള്ളിമുറ്റത്ത്‌ ചന്ദനത്തിരികൾ കത്തിക്കുന്നതോടെയാണ്‌ പരദേവതയുടെ വരവിളി മുഴങ്ങുക. മുസ്ലിങ്ങളടക്കമുള്ള കമ്മിറ്റിയാണ്‌ നേതൃത്വം. ക്ഷേത്രോത്സവത്തിന്‌ അരിയും ഭക്ഷ്യവിഭവങ്ങളും പള്ളിയിൽനിന്ന്‌ നൽകും. ഫെബ്രുവരി ആദ്യം നടക്കുന്ന മഖാംഉറൂസിന്‌ ക്ഷേത്രകമ്മിറ്റിയും സഹായം നൽകും. ഇക്കുറി കളിയാട്ടക്കാലം റംസാൻ മാസമായതിനാൽ ക്ഷേത്രത്തിൽ അടുത്ത ദിവസം ഇഫ്‌താറും സംഘടിപ്പിച്ചിട്ടുണ്ട്‌.


സഹോദരിക്കായി ഒരു ഓർമപ്പായ


​വിളയിൽ ഫസീലയെ പാട്ട്‌പ്രേമികളെല്ലാമറിയും. ‘‘ആമിനാബീവിക്കോമന മോനേ, മൈലാഞ്ചി കൊന്പൊടിച്ച്‌, ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ്‌ കണ്ടു, കിരികിരികിരിചെരുപ്പുമ്മൽ....’’ തുടങ്ങിയ മാപ്പിളപ്പാട്ടുകൾ പാടി ആസ്വാദകരുടെ പ്രിതീ നേടിയ ഗായിക. വിഖ്യാതനായ എം എസ്‌ ബാബുരാജിനൊപ്പം പാടിയ ‘‘വിശ്വപ്രപഞ്ചത്തിനാകെ റസൂലേ’’ എന്ന പാട്ട്‌ ഫസീലയെ പ്രശസ്‌തയാക്കി. ഫസീല എന്ന പേരിൽ അറിയപ്പെടുംമുമ്പ് വിളയിൽ വത്സലയായിരുന്നു. ഇസ്ലാംമതം സ്വീകരിച്ച്‌ വിവാഹിതയായപ്പോഴാണ്‌ അവർ ഫസീലയായത്‌. ഇത്‌ എല്ലാവർക്കും അറിയാവുന്ന കാര്യം. മൂന്നുവർഷം മുമ്പ് ഫസീലയുടെ ജീവിതഗാനം നിലച്ചു.


vilayil faseelaവിളയിൽ ഫസീല


അവരുടെ സഹോദരൻ മണ്ണാരക്കൽ നാരായണനിലൂടെയാണ്‌ ഫസീല വീണ്ടും ചിരസ്‌മരണയായി എത്തിയത്‌. വിവാഹശേഷം മതംമാറിയ അനുജത്തിക്കായി വീട്ടിൽ നിസ്‌കരിക്കാൻ പ്രത്യേകം പായ വാങ്ങി സൂക്ഷിച്ചിരുന്നു നാരായണൻ. വത്സല ഫസീലയായപ്പോഴും മലപ്പുറം വിളയിലെ വീട്ടിലെത്തും. പെങ്ങളുടെ വേർപാടിനുശേഷവും അനന്യമായ സ്‌നേഹസ്‌മരണയായി നാരായണനും കുടുംബവും അത്‌ കാത്തുസുക്ഷിച്ചു. കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിലെ മഹാകവി മോയിൻകുട്ടിവൈദ്യർ മാപ്പിള കലാ അക്കാദമിക്ക്‌ ആ ഓർമപ്പായ നാരായണൻ കൈമാറിയപ്പോഴാണ്‌ അത്യപൂർവമായ സാഹോദര്യത്തിന്റെയും മൈത്രിയുടെയും അനുഭവം ലോകം അറിഞ്ഞത്‌.


ഈ ഉമ്മ എന്റെ സ്വന്തം അമ്മ


തെന്നാടൻ സുബൈദയും അബ്ദുൾ അസീസ്‌ ഹാജിയും ഇ‍ൗ കലുഷകാലത്ത്‌ കാണാൻ അസാധ്യമായ മഹാമാതൃകകാട്ടിയ ദന്പതികളാണ്‌. അയൽവാസിയായ ചക്കിയുടെ മരണശേഷം അനാഥരായ മൂന്ന്‌ കുഞ്ഞുമക്കളെ സ്വന്തം മക്കളായി വളർത്തി വലുതാക്കി വിവാഹംകഴിപ്പിച്ചയച്ച അച്ഛനമ്മ (ഉപ്പയുമ്മ ) മാരാണിവർ. ഒരേവീട്ടിൽനിന്ന്‌ രമണിയും ലീലയും ശ്രീധരനും അന്പലത്തിലേക്കും ഷാനവാസും ജാഫറും ജോഷിനയും മദ്രസയിലേക്കും പോകും. പിന്നീട്‌ ആറുപേരും ഒന്നിച്ച്‌ സ്‌കൂളിൽ പോകും. ഒരുവീട്ടിൽ മൂന്നു മക്കളെ ഇസ്ലാംമതാചാര പ്രകാരവും മൂന്നുപേരെ ഹൈന്ദവവിശ്വാസികളായും വളർത്തിയത്‌ ശരിക്കും ഇ‍ൗ കെട്ടകാലത്ത്‌ ലോകമാകെ അറിയേണ്ട മഹാസംഭവമാണ്‌.


തെന്നാടൻ വീട്ടിലെ ജോലിക്കാരിയായ അടയ്‌ക്കാക്കുണ്ട്‌ മൂർക്കൻ വീട്ടിൽ ചക്കി. ശ്രീധരന്‌ ഒന്നരവയസ്സുള്ളപ്പോഴാണ്‌ ചക്കി മരിക്കുന്നത്‌. ശ്രീധരനെ വാരിയെടുത്ത്‌ പതിനൊന്നുവയസ്സുകാരി രമണിയെയും ആറുവയസ്സുള്ള ലീലയെയും കൂട്ടി സുബൈദ തെന്നാടൻ വീട്ടിലേക്ക്‌ വരികയായിരുന്നു. മദ്രസ അധ്യാപകനായ അബ്ദുൾ അസീസ്‌ ഹാജിയും സുബൈദയും ആറുമക്കളെയും ഒരുപോലെ വളർത്തി.


subaida and hajiതെന്നാടൻ അബ്ദുൾ അസീസ്‌ ഹാജിയും സുബൈദയും


2019 ജൂൺ 17ന്‌ ഉമ്മ സുബൈദ മരിച്ചപ്പോൾ ശ്രീധരൻ എഴുതിയ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ നിന്നാണ്‌ ഇ‍ൗ മഹാമാതൃക ലോകം അറിയുന്നത്‌. ‘എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക്‌ ഉത്തരം നൽകി. അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കാൻ പ്രാർഥിക്കേണമേ.’ ഇ‍ൗ പോസ്‌റ്റിന്‌ പിന്നാലെ ശ്രീധരൻ പരിഹാസവും ട്രോളും നേരിട്ടു. തുടർന്ന്‌ വിശദീകരണവുമായി ശ്രീധരൻ വീണ്ടും കുറിച്ചു ‘‘ ഞാനാരാണ്‌ എ ന്ന സംശയം തീർക്കാനാണ്‌ ഇ‍ൗ പോസ്‌റ്റ്‌. ഞാൻ മലപ്പുറം ജില്ലയിലെ നിലന്പൂരിനടുത്ത്‌ കാളികാവിലാണ്‌. ഇന്നലെ എന്റെ ഉമ്മ മരിച്ചു എന്ന പോസ്‌റ്റിട്ടപ്പോൾ ചിലർക്കൊരു സംശയം. തൊപ്പിയിട്ട ഫോട്ടോ കണ്ടപ്പോൾ ഒരു മുസൽമാന്‌ ശ്രീധരൻ എന്ന പേരിടുമോ എന്ന്‌ വേറെ സംശയം. എനിക്ക്‌ ഒരുവയസ്സായപ്പം അമ്മ (ചക്കി) മരിച്ചതാ. രണ്ട്‌ ചേച്ചിമാർ ഉണ്ട്‌. അമ്മ മരിച്ച ദിവസം തന്നെ, ആ ഉപ്പയും ഉമ്മയും ഞങ്ങളെ കൊണ്ടുവന്ന്‌ അവരുടെ വീട്ടിൽ താമസിപ്പിച്ചു. ഞങ്ങളെ മൂന്നുപേരെയും സ്വന്തം മക്കളെപ്പോലെ വിദ്യാഭ്യാസം തന്ന്‌ വളർത്തി. ചേച്ചിമാർക്ക്‌ കല്യാണപ്രായമായപ്പോൾ അവരെ കല്യാണം കഴിപ്പിച്ചയച്ചതും അവരാ. ഉപ്പാക്കും ഉമ്മാക്കും മക്കളില്ലാത്തോണ്ടല്ല ഞങ്ങളെ വളർത്തിയത്‌. അവർക്ക്‌ മൂന്നുമക്കളുണ്ട്‌. ചെറുപ്രായത്തിലേ ഞങ്ങളെ കിട്ടിയിട്ടും ഞങ്ങളുടെ ജാതിയും മതവും മാറ്റാൻ ശ്രമിച്ചില്ല അവർ. പെറ്റമ്മയേക്കാൾ വലുതല്ല പോറ്റമ്മ എന്ന്‌ പറയാറുണ്ടെങ്കിലും ഞങ്ങൾക്കിവർ പോറ്റമ്മയല്ല പെറ്റമ്മ തന്നെയാണ്‌.’’ ദീർഘകാലം ഒമാനിലായിരുന്ന ശ്രീധരനിപ്പോൾ ഗുരുവായൂരിലാണ്‌ ജോലി. സുബൈദയുടെ മഹനീയ ജീവിതം സിദ്ദിഖ്‌ പറവൂർ ‘എന്ന്‌ സ്വന്തം ശ്രീധരൻ ’ എന്ന പേരിൽ സിനിമയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home