ad
Deshabhimani

ആർസി, ഒസി, കെകെ, ഇകെ; പണം വാങ്ങിയിട്ടും തൊട്ടില്ല

ED ramesh chennithala.jpg
വെബ് ഡെസ്ക്

Published on Sep 10, 2026, 12:24 AM | 2 min read

തിരുവനന്തപുരം: ആദായനികുതി വകുപ്പ് 2019 ജനുവരിയിൽ സിഎംആർഎൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ വീട്ടിൽനിന്ന് കണ്ടെടുത്ത കടലാസിൽ ചില പേരുകളുടേതെന്ന്‌ തോന്നിപ്പിക്കുന്ന ചുരുക്കെഴുത്തുകൾ കണ്ടെത്തി– ആർസി, ഒസി, കെകെ, ഇകെ, പിവി. ഇവർക്ക്‌ നൽകിയ ലക്ഷങ്ങളുടെ കണക്കുമുണ്ടായിരുന്നു. ഇ‍ൗ പേരുകാരെക്കുറിച്ചുള്ള അന്വേഷണത്തിൽ വലിയ രാഷ്‌ട്രീയ നേതാക്കളാണെന്നും സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ഇഡി പുറകേവരുമെന്ന്‌ അറിഞ്ഞതോടെ കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്ക്‌ ചാടി വിശുദ്ധയായി.


‘ആർസി’ രമേശ്‌ ചെന്നിത്തലയും ‘ഒസി’ ഉമ്മൻചാണ്ടിയും ‘കെകെ’ പികെ കുഞ്ഞാലിക്കുട്ടിയും ‘ഇകെ’ വി കെ ഇബ്രാഹിം കുഞ്ഞുമാണെന്നായിരുന്നു ആക്ഷേപം. ഇതിലെ ആർസി പണം വാങ്ങിയതായി പരസ്യമായി സമ്മതിച്ചു. പണം പാർടിയുടെ ഫണ്ടിലേക്കായിരുന്നു എന്നും പറഞ്ഞു. ബാങ്ക്‌ രേഖകൾ കാണിക്കാൻ ചെന്നിത്തല തയ്യാറായിട്ടില്ല. പണം വാങ്ങിയതായി ‘കെകെ’യും സമ്മതിച്ചു. അദ്ദേഹം വാങ്ങിയത്‌ മുസ്ലിംലീഗിനുവേണ്ടിയായിരുന്നുവത്രെ. എന്നാൽ വാങ്ങിയ പണം എങ്ങോട്ടുപോയി എന്നത്‌ ആർക്കുമറിയില്ല. ‘കെകെ’ പറഞ്ഞുമില്ല. ഓസിയും ഇകെയും ജീവിച്ചിരിപ്പില്ല. പട്ടികയിലുള്ളതെല്ലാം കോൺഗ്രസ്‌, ലീഗ്‌ നേതാക്കളുടെ പേരുകൾ. കെകെ 2006–11ൽ യുഡിഎഫ്‌ സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്നു. ഇകെയും ആർസിയും മന്ത്രിയായിരുന്നു. ഇത്രയും വർഷമായിട്ടും ആദായ നികുതിവകുപ്പോ ഇഡിയോ ഒരു നോട്ടീസ്‌ പോലും ഇവർക്ക്‌ അയച്ചിട്ടില്ല.


വെളിപ്പെട്ടത്‌ ബിജെപി കുതന്ത്രം


സിഎംആർഎൽ കേസിൽ ഇഡി ഡിജിപിക്ക്‌ നൽകിയ കത്തിലെ കുറ്റാരോപണങ്ങൾ രാഷ്‌ട്രീയ ലക്ഷ്യത്തോടെ. കുറ്റകൃത്യം കണ്ടെത്തിയിട്ടുണ്ടെങ്കിൽ തെളിവും വിവരങ്ങളും പൊലീസിന്‌ കൈമാറി അന്വേഷിക്കാൻ നിർദേശിക്കലാണ്‌ നിയമപരമായി ഇഡി ചെയ്യേണ്ടത്‌. എന്നാൽ ‘ക്ലൈമാക്‌സ്‌ ’ തയ്യാറാക്കി പറ്റിയ കഥ മെനയണമെന്നാണ്‌ പൊലീസിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇതോടെ വെളിപ്പെട്ടത്‌ ബിജെപിയുടെ രാഷ്‌ട്രീയവേട്ട.


തിരിച്ചും മറിച്ചും അന്വേഷിച്ചിട്ടും പലരെയും ചോദ്യം ചെയ്‌തിട്ടും റെയ്‌ഡ്‌ നടത്തിയിട്ടും പിണറായി വിജയനിലേക്ക്‌ കേസ്‌ എത്തിക്കാൻ ഒന്നും കിട്ടിയില്ല. ഇല്ലാത്ത തെളിവ്‌ ചമയ്‌ക്കാനാണോ കേസ്‌ സിഎംആർഎൽ ഡയറിയിൽ പേരുള്ള ആഭ്യന്തരമന്ത്രി നിയന്ത്രിക്കുന്ന പൊലീസിനെ ഏൽപ്പിച്ചതെന്നും സംശയിക്കാം. രാഷ്‌ട്രീയപാർടികൾ 2000 രൂപയിൽ കൂടുതൽ പണമായി സംഭാവന വാങ്ങരുതെന്നാണ്‌ നിയമം. സിഎംആർഎല്ലിൽനിന്ന്‌ പണം വാങ്ങിയെന്ന്‌ ഡയറിയിൽ പേരുള്ള യുഡിഎഫ്‌ നേതാക്കൾ സമ്മതിച്ചിട്ടുണ്ട്‌. വരുമാനനികുതി ആക്‌ടിലെ 13A പ്രകാരം പാർടികൾക്ക്‌ ഇളവ്‌ കിട്ടണമെങ്കിൽ ഫണ്ട്‌ സ്വീകരിച്ചതിന്റെ അക്ക‍ൗണ്ട്‌ വിശദാംശങ്ങൾ നൽകണം.

ഇന്നുവരെ യുഡിഎഫ്‌ നേതാക്കൾ അത്‌ ഹാജരാക്കിയിട്ടില്ല. നിയമം ലംഘിച്ച്‌ പണമായി വാങ്ങിയെന്ന്‌ സമ്മതിച്ച ഇവരോട്‌ ഇഡിക്ക്‌ ‘ഇഷ്‌ടം’മാത്രം. യജമാനൻ ആർക്ക്‌ നേരെ കുരയ്‌ക്കാനും കടിക്കാനും പറയുന്നുവോ അത്‌ മാത്രമേ ചെയ്യൂവെന്ന്‌ സാരം. നിയമപരമായോ ജനങ്ങളുടെ മുന്നിലോ ഇഡിക്കോ അവരെ പറഞ്ഞുവിടുന്നവർക്കോ നിലനിൽപ്പുണ്ടാകില്ലെന്നത്‌ ചരിത്രം. വീണയുടെ കമ്പനി കരാർ പ്രകാരം നികുതിയടച്ച്‌ ബാങ്ക്‌ വഴി കൈപ്പറ്റിയ പണത്തിന്റെ പേരുപറഞ്ഞ്‌ അന്വേഷണ ഏജൻസികൾക്കൊന്നും പിണറായി വിജയനെ കുറ്റക്കാരനാക്കാൻ കഴിയില്ല. അത്‌ കൃത്യമായി അറിയാമെങ്കിലും കോടതിയുടെ ചവറ്റുകുട്ടയിൽ കേസ്‌ വീഴുംവരെ ക്രൂരവിനോദം നടത്താമെന്ന ആഹ്ലാദമാണ്‌ ബിജെപിക്കും കോൺഗ്രസിനും മാധ്യമങ്ങൾക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home