print edition അപൂർവ കണ്ടെത്തൽ; അഗസ്ത്യമല ബുഷ് ഫ്രോഗ് ദേവികുളത്തും

അഗസ്ത്യമല ബുഷ് ഫ്രോഗ്'
തിരുവനന്തപുരം: അഗസ്ത്യമലയിൽ മാത്രമല്ല "അഗസ്ത്യമല ബുഷ് ഫ്രോഗ്' ദേവികുളത്തുമുണ്ട്. ചെങ്കോട്ടചുരത്തിന് തെക്കുള്ള അഗസ്ത്യമല മേഖലയിൽ ആദ്യമായി കണ്ടെത്തിയ തവളകളെയാണ് ഇപ്പോൾ ദേവികുളത്തെ ഷോല വനങ്ങളിലും കണ്ടെത്തിയത്.
സൊസൈറ്റി ഫോർ ഓഡൊണേറ്റ് സ്റ്റഡീസ് (എസ്ഒഎസ്), കേരള സർവകലാശാല, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സുവോളജി വിഭാഗത്തെയും എസ്ഒഎസിനെയും പ്രതിനിധീകരിക്കുന്ന ഡോ. സുജിത് വി ഗോപാലൻ, കേരള സർവകലാശാല കമ്പ്യൂട്ടേഷണൽ ബയോളജി വിഭാഗത്തിലെ ഡോ. കെ പി ലാലദാസ്, എസ്ഒഎസിലെ രൻജിത്ത് ജേക്കബ് മാത്യൂസ്, യൂണിവേഴ്സിറ്റി കോളേജിലെ ഡോ. ഡി എ ഇവാൻസ് എന്നിവരാണ് ഗവേഷണത്തിന് പിന്നിൽ.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1570 മീറ്റർ ഉയരത്തിലുള്ള ഷോലവനത്തിലെ 45 സെന്റിമീറ്റർ ഉയരമുള്ള കുറ്റിച്ചെടിയിലിരുന്ന് ശബ്ദമുണ്ടാക്കുന്ന ആൺ തവളയെയാണ് ഡോ. സുജിത് കണ്ടെത്തിയത്. രൻജിത്ത് ജേക്കബിന്റെ തുടർപഠനത്തിൽ ഇതേ പ്രദേശത്ത് തവളയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
ദേവികുളത്ത് കണ്ടെത്തിയ തവളകളുടെ ജനിതകഘടന അഗസ്ത്യമലയിലെ തവളകളുടേതിന് സമാനമാണെന്ന് ജനിതക വിശകലനം തെളിയിച്ചതായി ഡോ. സുജിത് വി ഗോപാലൻ പറഞ്ഞു. പശ്ചിമഘട്ടത്തിലെ ഉഭയജീവികളെ സംബന്ധിച്ച നിർണായക പഠനമാണിതെന്ന് ‘റെപ്‌റ്റൈൽസ് ആൻഡ് ആംഫിബിയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ പറയുന്നു.










0 comments