ഹോസ്റ്റലിൽ കയറി പീഡനം: പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞു

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ടെക്നോപാർക്ക് ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തമിഴ്നാട് മധുര സ്വദേശി ബെഞ്ചമിൻ ( 35 ) ആണ് പ്രതി. ലോറി ഡ്രൈവറായ ഇയാളെ മധുരയ്‌ക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്. കഴക്കൂട്ടം അസി. കമീഷണറുടെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പെൺകുട്ടിയെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. മോഷണം നടത്താനാണ് പ്രതി ഹോസ്റ്റലിൽ കയറിയതെന്നാണ് വിവരം. ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്കായിരുന്ന യുവതി ഉറങ്ങുമ്പോഴായിരുന്നു അതിക്രമം.യുവതി ഞെട്ടി ഉണർന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.
ഹോസ്റ്റലിൽ സിസിടിവിയുണ്ടായിരുന്നില്ല. സമീപ പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് പ്രതി എത്തിയ ട്രക്ക് പൊലീസ് തിരിച്ചറിഞ്ഞു. ഈ ട്രക്കിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് പൊലീസ് പിന്തുടരുകയായിരുന്നു. ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനം തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് സാഹസികമായാണ് കേരള പൊലീസ് മധുരയിൽ നിന്ന് പ്രതിയെ പിടികൂടിയത്. മറ്റ് സ്ഥലങ്ങളിൽ നിന്നായി പ്രതി മൊബൈൽ ഫോണും പണവും മോഷ്ടിച്ചതായാണ് വിവരം.










0 comments