print edition എന്റെ കുഞ്ഞേ, മറക്കുവതെങ്ങനെ...

രഞ്‌ജിതയുടെ ചിത്രവുമായി അമ്മ തുളസി

അശ്വതി ജയശ്രീ
Published on Jun 11, 2026, 12:01 AM | 1 min read
പത്തനംതിട്ട: "മിടുക്കിയായിരുന്നു എന്റെ കുഞ്ഞ്. നന്നായി പഠിച്ചു, എഴുതിയ പരീക്ഷകളിലെല്ലാം വിജയിച്ചു. സലാലയിൽ ആരോഗ്യമന്ത്രാലയത്തിലും പിഎസ്‌സി എഴുതി സംസ്ഥാന ആരോഗ്യവകുപ്പിലും ഒടുവിൽ യുകെയിലും ജോലി കിട്ടി. എനിക്കും രണ്ട് കുഞ്ഞുങ്ങൾക്കും വേണ്ടിയായിരുന്നു അവൾ ജീവിച്ചത്. അവൾ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത ദിവസങ്ങളില്ല. ഒരു വർഷമായെന്നത് ഞങ്ങൾക്ക് വിശ്വസിക്കാനാകുന്നില്ല. അവളുടെ ഓർമയ്ക്കായി വീടിനടുത്തുള്ള അനാഥാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി. മറ്റെന്താണ് ചെയ്യാനാവുക'– രഞ്ജിതയുടെ ഓർമകളുറങ്ങുന്ന വീട്ടിലിരുന്ന് അമ്മ തുളസി ജി നായർ സംസാരിച്ചു.
കഴിഞ്ഞ ജൂൺ 12ന് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് മരിച്ച പുല്ലാട് കോഞ്ഞോൺ വീട്ടിൽ രഞ്ജിത ജി നായർ ഇന്നും അമ്മ തുളസിക്കും മക്കൾക്കും മറക്കാനാകാത്ത ദുഃഖമാണ്. നിർമാണം കഴിയാറായ പുതിയ വീട്ടിലായിരുന്നു അന്ന് രഞ്ജിതയുടെ മൃതദേഹം എത്തിച്ചത്. അമ്മയ്ക്കും മക്കൾക്കുമൊപ്പം ആ വീട്ടിൽ കഴിയുകയെന്ന സ്വപ്നം ബാക്കിവച്ചായിരുന്നു രജിതയുടെ മടക്കം. മൂന്നുമാസങ്ങൾക്കുമുമ്പ് രഞ്ജിതയില്ലാതെ അവർ പുതിയ വീട്ടിലേക്ക് താമസം മാറി.
മകളുടെ ഓർമയ്ക്കായി പുതിയ വീടിനൊരു പേരിടണമെന്നാണ് ആഗ്രഹം. എന്നാൽ വീടിന് വൈദ്യുതി കണക്ഷൻ കിട്ടാത്തതാണ് വലിയ പ്രതിസന്ധി. അപകടശേഷം വിമാനകമ്പനി നൽകിയ നഷ്‌ടപരിഹാരം മാത്രമാണ് ലഭിച്ചത്. ഇൻഷുറൻസ് തുകയടക്കം ഇനിയും കിട്ടാനുണ്ട്. നിയമനടപടിയുമായി മുന്നോട്ടുപോകാൻ ഒരുങ്ങുകയാണിവർ. "രണ്ടുമാസം മുമ്പ് എനിക്ക് പക്ഷാഘാതം വന്നു. രഞ്ജിതയുടെ സുഹൃത്തുക്കൾ ഇന്നും വലിയ പിന്തുണയാണ്. ആരെങ്കിലുമൊക്കെ വന്നുകൊണ്ടിരിക്കും. അതൊരു ധൈര്യമാണ്–തുളസി പറഞ്ഞു.
രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ പ്ലസ്‌വൺ പ്രവേശനത്തിനായി കാത്തിരിക്കുകയാണ്. മകൾ ഇധിക എട്ടാം ക്ലാസിലും. അമ്മയുടെ വിടവ് നികത്താൻ ആകില്ലങ്കിലും ആ ദുഃഖത്തെ ജീവിച്ച് കീഴടക്കുകയാണ് കുട്ടികൾ.










0 comments