ചെന്നിത്തലയ്‌ക്ക് മേജർ പദവി നൽകി സതീശന്റെ പരിഹാസം
കോൺഗ്രസിൽ ‘മേജർ’ തർക്കം ; സതീശനെ ലക്ഷ്യമിട്ട് ചെന്നിത്തല


സി കെ ദിനേശ്
Published on Jun 27, 2025, 02:03 AM | 1 min read
തിരുവനന്തപുരം
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനായുള്ള വാഴ്‌ത്തലുകൾ പരിധിവിട്ടതോടെ പരിഭവം പങ്കുവച്ചും അതൃപ്തി പ്രകടമാക്കിയും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് ആയിരുന്നപ്പോൾ നിരവധി ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചിട്ടുണ്ടെന്നും അന്നൊന്നും തന്നെയാരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. വി ഡി സതീശനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചതാണ് ചെന്നിത്തലയെ പ്രകോപിപ്പിച്ചത്.
‘‘എനിക്ക് തരാത്ത ക്യാപ്റ്റൻ പദവി ഇപ്പോൾ കൊടുക്കുന്നത് ഡബിൾ സ്റ്റാൻഡ് ആണ്. നിലമ്പൂരിൽ കോൺഗ്രസിനെക്കാൾ മികച്ച പ്രകടനം നടത്തിയത് ലീഗാണ്. പ്രതിപക്ഷനേതാവിനുള്ള പങ്ക് ചെറുതായി കാണുന്നില്ല, പക്ഷേ ഇതേ സഹചര്യത്തിൽ എന്നെ കാലാൾപ്പട പോലും ആക്കിയിട്ടില്ല. ഉമ്മൻചാണ്ടിക്കും ഇത്തരം വിശേഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. മാധ്യമ പിന്തുണയോടെയല്ല ഞാനടക്കമുള്ള നേതാക്കൾ നിലനിൽക്കുന്നത്.’’ അൻവറിനുവേണ്ടി വാദിക്കുന്നയാളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിനെതിരെയും ചെന്നിത്തല തുറന്നടിച്ചു. ‘‘ആരാണ് അതിന് പിന്നിലെന്ന് അറിയാം. തൽക്കാലം പറയുന്നില്ല’’
എന്നാൽ, ചെന്നിത്തലയ്‌ക്ക് ‘മേജർ’ പദവി നൽകി പരിഹസിച്ചാണ് സതീശൻ തിരിച്ചടിച്ചത്. വ്യാഴാഴ്‌ച ചേരുന്ന രാഷ്‌ട്രീയകാര്യ സമിതിയിൽ ക്രെഡിറ്റ് തർക്കം മുറുകും.
കോൺഗ്രസിലെ ഏക അധികാര കേന്ദ്രമായി വി ഡി സതീശൻ മാറുന്നതിലെ അസ്വസ്ഥത മുതിർന്ന നേതാക്കളിൽ രൂക്ഷമാണ്.









0 comments