ഉപതെരഞ്ഞെടുപ്പ് ജയിച്ചപ്പോൾ എന്നെ ആരും ക്യാപ്റ്റൻ എന്ന് വിളിച്ചില്ല; പരാതിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പിന്നാലെ പരിഭവം പങ്കുവച്ചും പ്രതിപക്ഷ നേതാവിനോടുള്ള അതൃപ്തി പ്രകടമാക്കിയും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. താൻ പ്രതിപക്ഷനേതാവ് ആയിരുന്നപ്പോൾ നിരവധി ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചിട്ടുണ്ടെന്നും എന്നാൽ തന്നെ ആരും ക്യാപ്റ്റൻ എന്ന് വിളിച്ചിട്ടില്ലെന്നും ആണ് രമേശ് ചെന്നിത്തലയുടെ പരാതി. ചാനലുമായുള്ള അഭിമുഖത്തിനിടെയാണ് രമേശ് ചെന്നിത്തല വി ഡി സതീശനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചതിനെ പരോക്ഷമായി വിമർശിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ചില മാധ്യമങ്ങൾ വി ഡി സതീശനെ ക്യാപ്റ്റൻ എന്ന് വിളിച്ചിരുന്നു. ഇതേപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് രമേശ് ചെന്നിത്തലയുടെ വിഷമവും എതിർപ്പും പരിഭവമായി പുറത്തുവന്നത്.
ഞാൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ ഉപതെരഞ്ഞെടുപ്പ് ജയിച്ചപ്പോൾ എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചില്ലല്ലോ. എത്രയോ ഉപതെരഞ്ഞെടുപ്പ് ഞാൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ജയിച്ചു. അന്ന് ആരും ക്യാപ്റ്റൻ എന്നുള്ള പദവി എനിക്ക് തന്നില്ല. അതെന്താണ് തരാഞ്ഞത്. അതൊക്കെയാണ് ഡബിൾ സ്റ്റാൻഡ് എന്ന് പറയുന്നത്. തീർച്ചയായും പ്രതിപക്ഷനേതാവിന് ഈ വിജയത്തിൽ മുഖ്യപങ്ക് ഉണ്ട്. പ്രതിപക്ഷനേതാവ് ആരായാലും ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അദ്ദേഹത്തിന് അതിന്റെ ക്രെഡിറ്റ് ഉണ്ട്. അതിൽ സംശയമില്ല. പക്ഷേ ഞാൻ വിജയിച്ചപ്പോൾ എന്നെ ആരും ക്യാപ്റ്റനും ആക്കിയില്ല, കാലാൾപ്പട പോലും ആക്കിയിട്ടില്ല. ഒരു ചാനലും ഒരു പത്രവും ഇങ്ങനെ ഒരു വിശേഷണം നൽകിയില്ല. എനിക്ക് അതിലൊന്നും പരാതിയില്ല- രമേശ് ചെന്നിത്തല പറഞ്ഞു. തുടർന്ന് ഉമ്മൻചാണ്ടിക്കും ഇങ്ങനെ പദവികളൊന്നും ആരും നൽകിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഞാനും ഉമ്മൻചാണ്ടിയും ജയിച്ച കാലഘട്ടത്തിൽ ഞങ്ങൾക്കൊന്നും ആ പരിവേഷം ആരും തന്നിട്ടില്ല. ഇതൊന്നും മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല. നമ്മൾ ഒക്കെ എത്രയോ കാലമായി രാഷ്ട്രീയത്തിൽ നിൽക്കുന്നു. ഒരു മാധ്യമങ്ങളുടെയും പിന്തുണയോടെ അല്ലല്ലോ നമ്മൾ നിൽക്കുന്നത്- ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷ നേതാവിനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചതിലെ അതൃപ്തി വ്യക്തമായി പ്രകടമാക്കുന്നതായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ.
തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റിന്റെ ഭൂരിഭാഗവും ലീഗിന് ആണെന്നു പറഞ്ഞ ചെന്നിത്തല കോൺഗ്രസിന്റെ പ്രവർത്തനത്തേക്കാൾ മികച്ചു നിന്നത് ലീഗ് ആണെന്നും പറഞ്ഞു. മുസ്ലിം ലീഗിനും സാദിഖലി ശിഹാബ് തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കുമാണ് ബിഗ് സല്യൂട്ട് നൽകേണ്ടത്. കോൺഗ്രസ് നേതാക്കൻമാരേക്കാൾ മുന്നിൽ നിന്നുകൊണ്ടാണ് ഇവർ പ്രവർത്തിച്ചത്. വീടുവീടാന്തരം കയറിയിറങ്ങാൻ കുഞ്ഞാലിക്കുട്ടി തയാറായി. മുസ്ലിംലീഗ് തങ്ങളുടെ സ്വന്തം സ്ഥാനാർഥിക്കുവേണ്ടി എങ്ങനെ പ്രവർത്തിക്കുമോ അതുപോലെയാണ് ഇവിടെ ഷൗക്കത്തിനുവേണ്ടി പ്രവർത്തിച്ചത്. കോൺഗ്രസ് പ്രവർത്തിച്ചെങ്കിലും ഒരുപടി മുന്നിൽ നിന്നത് മുസ്ലിംലീഗ് ആണ്- ചെന്നിത്തല പറഞ്ഞു.









0 comments