ad
Deshabhimani

കൊച്ചിയെ ഇളക്കിമറിച്ച് രാജാ കുമാരി; 'മേഡ് ഇൻ ഇന്ത്യ' റാണിക്ക് കേരളത്തിൽ 'ഹൈ-വോൾട്ടേജ്' അരങ്ങേറ്റം

raja kumari singer
വെബ് ഡെസ്ക്

Published on Dec 08, 2025, 06:49 PM | 1 min read

കൊച്ചി: കേരളത്തിലെ സംഗീത പ്രേമികൾക്കിടയിൽ തീപ്പൊരി പടർത്തിക്കൊണ്ട്, ഗ്രാമി അവാർഡ് നോമിനേഷൻ നേടിയ ആഗോള ഹിപ്-ഹോപ്പ് താരം രാജാ കുമാരി കൊച്ചിയിൽ. കളമശ്ശേരി ചക്കോളാസ് മില്ലിലെ ദി ഗ്രൗണ്ട്‌സിൽ നടന്ന ഒച്ച മ്യൂസിക് ഫെസ്റ്റിവലിലാണ് ആഗോള ഹിപ്-ഹോപ്പ് സെൻസേഷനായ രാജാ കുമാരി തകർപ്പൻ പ്രകടനവുമായി എത്തിയത്.


'സിറ്റി സ്ലംസ്', 'മേഡ് ഇൻ ഇന്ത്യ', 'ജവാൻ', 'ബോൺ ടു വിൻ', 'റിവോൾവർ തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളുമായി രാജാ കുമാരി വേദിയിൽ നിറഞ്ഞാടിയപ്പോൾ, കൊച്ചിയിലെ സംഗീത പ്രേമികൾ അത് ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ലോകോത്തര നിലവാരമുള്ള ഹിപ്-ഹോപ്പിനെ തൻ്റെ ഇന്ത്യൻ പാരമ്പര്യവുമായി സമന്വയിപ്പിക്കുന്ന അവരുടെ ശൈലിക്ക് ആസ്വാദകർക്കിടയിൽ ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്.


വേദിയെ തീ പിടിപ്പിച്ച പ്രകടനത്തിന് ശേഷം വികാരഭരിതയായാണ് രാജാ കുമാരി സംസാരിച്ചത്. 'കേരളത്തിൻ്റെ കലയും സംസ്കാരവും എന്നെ എപ്പോഴും ആകർഷിച്ചിട്ടുണ്ട്. ഞാൻ ഇവിടെ ആയുർവേദ ചികിത്സകൾക്കായി വന്നിട്ടുണ്ടെങ്കിലും ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരം ഇതാദ്യമാണ്.'


'ഒച്ച ഫെസ്റ്റിവലിൽ ആദ്യമായി പെർഫോം ചെയ്യുമ്പോൾ, മലപ്പുറത്തുനിന്നുള്ള റാപ്പർമാരുടെ പ്രകടനം കേട്ടത് അത്ഭുതകരമായ അനുഭവമായിരുന്നു. ഹിപ്-ഹോപ്പിൻ്റെ ഭാവി സുരക്ഷിതമായ കൈകളിലാണെന്നാണ് എനിക്ക് തോന്നിയത്. കൊച്ചിയിലെ പ്രേക്ഷകർ എന്നെ അമ്പരപ്പിച്ചു. അവർ ഊർജ്ജസ്വലരും സ്നേഹമുള്ളവരുമായിരുന്നു. ഇനിയും കേരളത്തിൽ ഇത്തരം പ്രകടനങ്ങൾ നടത്താനുള്ള അവസരങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്.' രാജാ കുമാരി പറ‍‍ഞ്ഞു.


സംസ്കാരത്തിൻ്റെ ആഘോഷവും കേരളത്തിൽ വളർന്നുവരുന്ന ഹിപ്-ഹോപ്പ് പ്രസ്ഥാനത്തോടുള്ള ആദരവും, ഭാഷയുടെ അതിരുകൾ ഭേദിക്കുന്ന സംഗീതത്തിൻ്റെ ശക്തിയും പ്രതിഫലിപ്പിക്കുന്നതായിരുന്നു രാജാ കുമാരിയുടെ പ്രതികരണം.


ഇന്ത്യൻ പ്രേക്ഷകരെ ആദ്യമായി പരിചയപ്പെടുത്തിയ ട്രിപ്പിൾ-പ്ലാറ്റിനം ഹിറ്റായ 'സിറ്റി സ്ലംസ്' പാടി അവർ സദസ്സിനെ കയ്യിലെടുത്തു. തുടർന്ന് സ്വന്തം വ്യക്തിത്വത്തിൻ്റെ പ്രൗഢി വിളിച്ചോതുന്ന 'മേഡ് ഇൻ ഇന്ത്യ'യും വിജയത്തിൻ്റെ ഗീതമായ 'ബോൺ ടു വിൻ' ഉം അവതരിപ്പിച്ചു. ബോളിവുഡ് പ്രോജക്റ്റ് ആയ 'ദി ബാസ്റ്റാർഡ്സ് ഓഫ് ബോളിവുഡ്'-ലെ 'റിവോൾവർ' തുടങ്ങിയപ്പോൾ വേദി ആവേശം കൊണ്ട് പൊട്ടിത്തെറിച്ചു. രാജാ കുമാരിയെ ഇന്ത്യൻ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാക്കിയ 'ജവാൻ' ടൈറ്റിൽ ട്രാക്ക് പാടിയതോടെ സദസ്സ് ഇളകി മറിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home