ന്യൂനമർദം ശക്തി പ്രാപിക്കുന്നു; കേരളത്തിൽ മഴയ്ക്ക് സാധ്യത, ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. നാളെയോടെ (നവംബർ 14) ശക്തി കൂടിയ ന്യൂനമർദമായും, നവംബർ 15-ഓടെ തീവ്ര ന്യൂനമർദമായും (Depression) അതിനുശേഷം വടക്ക് - വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി, നവംബർ 16-ന് വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മധ്യ കിഴക്കൻ അറബിക്കടലിലും സമീപ വടക്കൻ ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴി തുടരുന്നു. അതിനാൽ നവംബർ 13 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ / ഇടത്തരം മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഭാഗമായി ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാൽ 13/11/2026 മുതൽ 17/11/2026 വരെ ബംഗാൾ ഉൾക്കടലിൽ യാതൊരു കാരണവശാലും മൽസ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. ഈ പ്രദേശങ്ങളിൽ ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണമെന്ന് കേന്ദ്ര കാലാവസ്ഥ അറിയിച്ചു.








0 comments