മഴ കനക്കുന്നു; വിലങ്ങാട് 16 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

കോഴിക്കോട് : മലയോര മേഖലയായ വിലങ്ങാട് പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത. മഞ്ഞച്ചീളിയിൽ 16 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഞായർ രാത്രി രണ്ടോടെയാണ് 56 പേരടങ്ങുന്ന ഒമ്പത് കുടുംബത്തെ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിലേക്ക് മാറ്റിത്താമസിപ്പിച്ചത്. വൈകിട്ട് ഏഴ് കുടുംബത്തെയും മാറ്റി. മഞ്ഞച്ചീളിയിലാണ് കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായത്. നിരവധി വീടുകൾ ഒലിച്ചുപോകുകയും ഒരാൾ മരിക്കുകയും ചെയ്‌തു.
ശനി രാത്രി മണ്ണിടിച്ചിലുണ്ടായ പന്നിയേരി ഉന്നതിയിലും ജനങ്ങൾ ഭീതിയിലാണ്. അതിശക്തമായ കാറ്റ് മേഖലയിൽ ഉണ്ടായി. പാലുമ്മൽ ലീല, മുക്കാട്ട് ലീല, പലൂർ മുപ്രാടൻ രജീഷ് എന്നിവർ ബന്ധുവീടുകളിലേക്കും വാടകവീട്ടിലേക്കും മാറി. കരുകുളത്ത് പ്ലാവും മാവും വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു. നിരവധിയിടങ്ങളിൽ വൈദ്യുതി ലൈനിലേക്ക് മരങ്ങൾ കടപുഴകി വൈദ്യുതി തടസ്സം നേരിട്ടു. വാണിമേൽ കുറ്റിക്കടവത്ത് കുമാരന്റെ വീട്ടിലെ കിണർ മണ്ണിടിഞ്ഞ് താഴ്ന്നു. ഇ കെ വിജയൻ എംഎൽഎ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി.
Related News
കഴിഞ്ഞ ദിവസം മഴയത്ത് വൈദ്യുതി ലൈൻ പൊട്ടി വീണ് ഷോക്കേറ്റ് കോഴിക്കോട് വിദ്യാർഥികൾ മരണപ്പെട്ടിരുന്നു. തോട്ടിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളാണ് മരിച്ചത്. ശക്തമായ മഴയിലും കാറ്റിലും തോടിന് സമീപത്തെ തേക്കുമരം വൈദ്യുതി ലൈനിന് മുകളിലേക്ക് വീണ് ലൈൻ പൊട്ടി തോട്ടിലേക്ക് വീണാണ് കുട്ടികൾക്ക് ഷോക്കേറ്റത്. മലപ്പുറത്തും സമാനമായ രീതിയിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ചു.










0 comments