ad
Deshabhimani

മഴ ശക്തം: വിവിധ ജില്ലകളില്‍ മലയോര മേഖലയിലേക്കുള്ള യാത്രയിൽ നിയന്ത്രണം: വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

rain
വെബ് ഡെസ്ക്

Published on May 25, 2025, 08:17 PM | 2 min read

കോട്ടയം/ കൊച്ചി : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും 27 വരെ ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും 26 വരെ നിരോധിച്ചതായും കലക്ടർ അറിയിച്ചു.


എറണാകുളം ജില്ലയിൽ തിങ്കളാഴ്‌ച കേന്ദ്രകാലാവസ്ഥ വകുപ്പ്‌ റെഡ്‌ അലർട്ട് പ്രഖ്യാപിച്ച സഹാചര്യത്തിൽ കർശന സുരക്ഷ നടപടികളുമായി ജില്ലാഭരണ സംവിധാനം. മലയോരേ മേഖലയിലൂടെയുള്ള റോഡ്‌ ഗതാഗതത്തിൽ നിയന്ത്രണം ഉൾപ്പെടെയുള്ള മുൻകരുതലുകളും നിയന്ത്രങ്ങളും സ്വീകരിച്ചതായി കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ അറിയിച്ചു.


പ്രധാന നിയന്ത്രണങ്ങളും നിർദേശങ്ങളും


  • മലയോര മേഖലകളിലേയും ജലാശയങ്ങളി‌ലെയും വിനോദ സഞ്ചാരം ഒഴിവാക്കണം.

  • ജില്ലയിലെ മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതം ഇന്ന് വൈകുന്നേരം 7 മുതൽ നാളെ രാവിലെ 7 മണിവരെ നിയന്ത്രിക്കേണ്ടതാണ്. അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ഈ മേഖലയിലൂടെ യാത്ര അനുവദിക്കുന്നതല്ല.

  • നദീ തീരങ്ങളിലും പാലങ്ങളിലും മലഞ്ചെരുവുകളിലും ബീച്ചുകളിലും വിനോദങ്ങളിൽ ഏർപ്പെടുന്നതും സെൽഫി എടുക്കുന്നതും നിരോധിച്ചു.

  • ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറി പ്രവർത്തനങ്ങൾ നിരോധിച്ചു.

  • ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സുരക്ഷ /ജാഗ്രതാ നിർദ്ദേശം നൽകുകയും ആവശ്യമെങ്കിൽ മാറ്റി പാർപ്പിക്കുന്നതുമാണ്.

  • ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കടലിലെയും കായലിലേയും മത്സ്യബന്ധനം നിരോധിച്ചു.

  • ശക്തമായ കാറ്റിൽ പറന്നു പോകാനോ തകരാനോ സാദ്ധ്യതയുള്ള മേൽക്കൂരയുളള വീടുകളിൽ താമസിക്കുന്നവരെ മുൻകരുതൽ നടപടിയെന്ന നിലയിൽ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറേണ്ടതാണ്.

  • പൊതുജനങ്ങൾ പരമാവധി വീടിനുള്ളിൽ തന്നെ കഴിയാനും എന്നാൽ പ്രളയ മേഖലയിലും, മണ്ണിച്ചിൽ മേഖലയിലുമുളള ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറാനും നിർദ്ദേശിക്കുന്നു.

  • ഉരുൾ പൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7pm to 7am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുക.

  • ബീച്ചുകളിൽ ഇറങ്ങാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം

  • പുഴകളിലും തോടുകളിലും ജല നിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും, വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.

  • മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം പാലങ്ങളുടെ അരികിൽ വാഹനങ്ങൾ നിർത്താതിരിക്കാൻ ശ്രദ്ധിക്കുക

  • മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കുക.

  • ഉരുൾ പൊട്ടൽ സാധ്യതയുള്ള മലയോര മേഖലയിലെ ആളുകൾ ജാഗ്രത പാലിക്കുക.

  • ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കാൻ അമാന്തം കാണിക്കരുത്.

  • കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം.

  • ജില്ലയിലെ ജലാശയങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതും, പ്രധാനപ്പെട്ട രേഖകൾ അടക്കമുള്ള വിലപ്പെട്ട വസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home