ad
Deshabhimani

വില്ലിങ്ഡൺ ഐലൻഡിൽ റെയിൽപ്പാളം മോഷ്ടിച്ചു; അരക്കിലോമീറ്ററോളം ഭാഗത്തെ പാളം മോഷ്ടിച്ചുകടത്തി

railway track ai image

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 24, 2026, 07:50 AM | 1 min read

കൊച്ചി : അതീവസുരക്ഷാ മേഖലയായ കൊച്ചി വില്ലിങ്ഡൺ ഐലൻഡിൽ റെയിൽപ്പാളം മോഷ്ടിച്ചതായി കണ്ടെത്തൽ. നിലവിൽ ട്രെയിൻ സർവീസുകളില്ലാത്ത ഐലൻഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് എറണാകുളം ഭാഗത്തേക്കുള്ള റെയിൽപ്പാതയിലെ അരക്കിലോമീറ്ററോളം ഭാഗത്തെ പാളമാണ് മോഷ്ടിച്ച് കടത്തിയതെന്നാണ് വിവരം. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് മോഷണം നടന്നത്. റെയിൽവേ അധികൃതർക്ക് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മോഷണം സ്ഥിരീകരിച്ചത്. ഇതിനുപിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.


നേരത്തേ ഈ ഭാഗത്തെ റെയിൽവേ ഗർഡറുകൾ അഴിച്ചുമാറ്റി അറ്റകുറ്റപ്പണി നടത്താൻ ശ്രമം നടന്നിരുന്നു. ഈ പ്രവൃത്തികളുടെ മറവിൽ പാളം കടത്തിയതാണോയെന്ന് റെയിൽവേ അധികൃതർ സംശയിക്കുന്നുണ്ട്. ട്രെയിൻ സർവീസ് ഇല്ലാത്ത ഭാഗമായതിനാൽ റെയിൽവേയുടെയോ പോർട്ടിന്റെയോ കൃത്യമായ നിരീക്ഷണമോ സംരക്ഷണമോ പ്രദേശത്ത് ഉണ്ടായിരുന്നില്ല. സിഐഎസ്എഫ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എന്നിവരുടെ കനത്ത നിരീക്ഷണവലയത്തിലുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ പരിധിയിൽനിന്ന് ഇത്രയും ഭാരമേറിയ റെയിൽപ്പാളം ആരുമറിയാതെ കടത്തിക്കൊണ്ടുപോയി എന്നത് റെയിൽവേ അധികൃതരെ ഉൾപ്പെടെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home