കണ്ണൂർ കോർപറേഷനിലും സഹകരണ ബാങ്കിലും ജോലി വാഗ്‌ദാനം നൽകിയെന്ന് തട്ടിപ്പിനിരയായവർ
മന്ത്രിയുടെ സ്റ്റാഫിന്റെ ഒപ്പുള്ള കത്ത്, ഡിസിസിയുടെ സീൽ; കണ്ണൂരിൽ ജോലി വാഗ്ദാനംചെയ്‌ത് കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ തട്ടി


സ്വന്തം ലേഖകൻ
Published on Jun 24, 2026, 08:37 AM | 1 min read
കണ്ണൂർ: കണ്ണൂർ കോർപറേഷനിലും കോൺഗ്രസ് ഭരണത്തിയുള്ള സഹകരണ ബാങ്കിലും ജോലി വാഗ്ദാനംചെയ്‌ത് കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ വാങ്ങിയെന്ന് ആക്ഷേപം. ജോലി കിട്ടാതായതോടെ പണം തിരിച്ചുചോദിച്ചപ്പോൾ കണ്ണൂർ ഡിസിസിയുടേതായി സീലും മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്‌റ്റാഫ് ചന്ദ്രൻ തില്ലങ്കേരിയുടേതായി ഒപ്പുമുള്ള ‘ഉറപ്പ്’ കത്ത് നൽകിയെന്നും പണം നഷ്ടമായവർ പറയുന്നു.
അത്താഴക്കുന്ന്, തളിപ്പറന്പ് സ്വദേശികളാണ് തട്ടിപ്പിനിരയായത്. അഞ്ചുപേരിൽനിന്നായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പറയുന്നത്.
കോൺഗ്രസ് കക്കാട് മണ്ഡലം സെക്രട്ടറി മുരളിയാണ് ഒപ്പും സീലുമുള്ള ‘അപ്പോയ്‌മെന്റ് ലെറ്റർ’ നൽകിയതെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. വിവരം പുറത്തറിഞ്ഞതോടെ, അടുത്ത ഞായറാഴ്‌ച പണം തിരിച്ചുനൽകുമെന്ന് ഉറപ്പുനൽകി. അതിനാൽ, പൊലീസിൽ പരാതി നൽകാതിരിക്കുകയാണ് പണം നഷ്ടമായവർ.
പണം നൽകിയവർക്ക്, നിയമനം ശരിയായി എന്നനിലയിൽ കിട്ടിയ കുറിപ്പ്. ഡിസിസിയുടെ സീൽ കാണാം (ഇടത്), നിയമനത്തിനായി പണം നൽകിയയാൾക്ക് ലഭിച്ച കത്തിലൊന്ന്. ഡിഡിസിയുടെ സീലും മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പിഎ ചന്ദ്രൻ തില്ലങ്കേരിയുടെ പച്ച മഷിയിലുള്ള ഒപ്പും കാണാം (വലത്)
2026 മെയ് 25 എന്നാണ് മുരളി നൽകിയ ഒരു കത്തിലുള്ള തീയതി. നിയമനം തിരക്കിട്ട് നൽകാനാകില്ലെന്നും അൽപ്പം കാത്തിരിക്കണമെന്നും കത്തിലുണ്ട്. കോർപറേഷനിൽ ഉടൻ നിയമനം ലഭിക്കുമെന്നുപറഞ്ഞ്, പണം നൽകിയ ഒരാൾക്ക് യൂണിഫോം അയച്ചുകൊടുത്തതായും പരാതിക്കാർ പറയുന്നു. ഒന്നരലക്ഷവും അതിലധികവും തുക നൽകിയവരുണ്ട്.
ഒരുവർഷംമുന്പാണ് പണം നൽകിയത്. സ്വീപ്പർ തസ്‌തികയിൽ ഒഴിവുവരുന്ന മുറയ്‌ക്ക് ജോലിക്ക് കയറാമെന്നായിരുന്നു വാഗ്‌ദാനം. ജോലി കിട്ടാതായതോടെ പണം തിരിച്ചുചോദിച്ചപ്പോഴാണ് ഡിസിസിയുടെ സീലും ചന്ദ്രൻ തില്ലങ്കേരിയുടെ ഒപ്പുമുള്ള കത്തിലൂടെ ഉറപ്പുനൽകിയത്. ‘താങ്കളുടെ അപ്പോയ്‌മെന്റ് ഓകെ ആയി. ഇത് ഒരു അറിയിപ്പായി കരുതുക’ എന്നിങ്ങനെയാണ് മറ്റൊരു കത്തിലുള്ളത്. ‘കോർപറേഷനുമായി ബന്ധപ്പടുക, യൂണിയനുമായി ബന്ധപ്പെടുക’ എന്നും ചില കത്തിലുണ്ട്.
വായ്‌പയെടുത്തും സ്വർണം പണയപ്പെടുത്തിയുമായാണ് പലരും പണം കൈമാറിയത്. ഞായറാഴ്‌ച പണം തിരിച്ചുകിട്ടുമെങ്കിൽ കേസിനോ, പുറത്തുപറയാനോ പണം നഷ്ടമായവർക്ക് താൽപ്പര്യമില്ല. അതേസമയം, ഒപ്പും സീലും വ്യാജമാണെങ്കിൽ കണ്ണൂർ ഡിസിസിയോ ചന്ദ്രൻ തില്ലങ്കേരിയോ പൊലീസിൽ പരാതി നൽകുമോയെന്നും അറിയേണ്ടതുണ്ട്. അങ്ങനെയെങ്കിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിക്കെതിരെ വഞ്ചനക്കേസ് വരും.









0 comments