ad
Deshabhimani

നിപിന്റെ വരപ്പുസ്‌തകം പറയുന്നു: സങ്കടാവണ്ട...സങ്കടാവണ്ട

Sankadavanda Nipin Narayanan book
avatar
പി പി സതീഷ്‌കുമാർ

Published on Jun 24, 2026, 08:21 AM | 1 min read

കണ്ണൂർ: ലോകത്ത്‌ സങ്കടങ്ങളുള്ള സകല മനുഷ്യർക്കുമുള്ളതാണ്‌ നിപിൻ നാരായണന്റെ ‘സങ്കടാവണ്ട’ പുസ്‌തകം. താളുകൾ മറിക്കവേ പരസ്‌പരം ഹൃദയമിടിപ്പുകൾ കേൾക്കാവുന്നത്രയും അരികെയിരുന്ന്‌ അടുപ്പമുള്ളൊരാൾ നമ്മുടെ മുറിവുകളിൽ തലോടുന്നതായാണ്‌ തോന്നുക. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്‌തകത്തിലെ കുറുങ്കവിതകൾപോലെ ദാർശനികമായ ആഴമുള്ള കുഞ്ഞെഴുത്തുകൾ നമ്മളെ തൊടും, ഉള്ളുണർത്തും.


ജീവിതത്തിന്റെ വളവുതിരിവുകളിലും അനിശ്‌ചിതത്വങ്ങളിലും സ്‌തംഭിച്ചുപോയവർക്കുനേരെ ഇ‍ൗ പുസ്‌തകം കൈകൾ നീട്ടും. സങ്കടാവണ്ടെന്നും ചുറ്റിലും നമുക്കുനേരെ നീളുന്ന കൈകളുണ്ടെന്നും മന്ത്രിക്കും. വായിക്കാൻ മാത്രമല്ല, കാണാനും കൂടിയുള്ളതാണ്‌ ഇ‍ൗ ഗ്രാഫിക്‌ പുസ്‌തകം. ഇതിലെ ഇല്ലസ്‌ട്രറ്റഡ്‌ ഗ്രാഫിക്‌ ചിത്രങ്ങളിൽ നമ്മളെ കാണാം.


സംവിധായകനും ചലച്ചിത്രപ്രവർത്തകനുമായ നിപിൻ നാരായണന്റെ മൂന്നാമത്‌ പുസ്‌തകമാണിത്‌. ആദ്യ പുസ്‌തകമായ ‘നൊസ്‌റ്റാൾജിയത്തിന്റെ പുസ്‌തക’ത്തിന്‌ സമാനമായ ഗ്രാഫിക്‌ വരകളാണ്‌ ‘സങ്കടാവണ്ട’. ഒരു കൈക്കുന്പിളിൽ ഒതുങ്ങാവുന്ന വലുപ്പംമാത്രമുള്ള പുസ്‌തകം പ്രിയപ്പെട്ടവർക്കും സങ്കടക്കടലിൽ നിലകിട്ടാതെ തുഴയുന്നവർക്കും നൽകാവുന്ന പ്രിയപ്പെട്ട സമ്മാനമായിരിക്കുമെന്ന്‌ നിപിൻ പറയുന്നു.

‘‘സങ്കടാവണ്ട, കൊർച്ചുംകൂടി നാള്‌ കഴീന്പം എല്ലാം മാറും. സന്തോഷൂണ്ടാവും, സമാധാനൂണ്ടാവും, ജീവിതത്തോട്‌ സ്‌നേഹൂണ്ടാവും. വെയിലും മഴേം മാറിമാറി വെര്‌ന്നില്ലേ? രാത്രീം പകലും മാറിമാറി വെര്‌ന്നില്ലേ? ഞാൻ വിരിയൂം കൊഴിയൂം ചെയ്യ്‌ന്നില്ലേ? അതോണ്ട്‌ സങ്കടാവണ്ട ... സങ്കടാവണ്ട’’ –എന്ന്‌ ജനാലയ്‌ക്കപ്പുറത്തെ പൂച്ചെടി പറയുംപോലെ അനേകം കാര്യങ്ങൾ.


‘സങ്കടാവണ്ട’ സീരിസിലെ വരയും വിരിയും സമാധിപ്പിക്കും. ഏറെ വായിക്കപ്പെട്ട ‘നൊസ്‌റ്റാൾജിയത്തിന്റെ പുസ്‌തകം’ പുറത്തുവന്ന്‌ പത്തു വർഷം തികയുന്പോഴാണ്‌ ‘സങ്കടാവണ്ട’യുടെ വരവ്‌. മാൻകൈൻഡ്‌ പബ്ലിക്കേഷനാണ്‌ പ്രസാധകർ. ഭക്ഷണത്തിന്റെ രാഷ്ട്രീയവും നമ്മളറിയാതെ നമ്മുടെ ഇഷ്ടങ്ങൾ സാമൂഹ്യവിഷയമാവുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയവും പ്രമേയമായ ‘ഇത്‌’ എന്ന ഗ്രാഫിക്‌ കഥയായിരുന്നു രണ്ടാം പുസ്‌തകം. ‘ചിന്ത’യാണ്‌ പ്രസാധകർ. സെലിബ്രിറ്റികൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന്‌ ഫോളോവർമാരുണ്ട്‌ നിപിന്‌. സാമൂഹ്യവിഷയങ്ങളിലുള്ള പ്രതികരണങ്ങൾ ഉൾപ്പെടെ നിപിന്റെ വരകൾ ആയിരക്കണക്കിനാളുകളിലൂടെ പങ്കുവയ്‌ക്കപ്പെടാറുണ്ട്‌.


ഇ‍ൗ വർഷത്ത ഐഎഫ്‌എഫ്‌കെയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ‘കാത്തിരിപ്പ്‌’ സിനിമയുടെ കഥയും സംവിധാനവും നിപിനാണ്‌. പയ്യന്നൂർ വെള്ളോറ സ്വദേശിയായ നിപിൻ പഠനകാലത്ത്‌ പയ്യന്നൂർ കോളേജ്‌ മാഗസിൻ എഡിറ്ററായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home