രാജി ആവശ്യമുന്നയിച്ചു ; വനിതാ നേതാക്കൾക്ക് തെറിയഭിഷേകം , പിന്നിൽ ഷാഫി, രാഹുൽ അനുയായികൾ

തിരുവനന്തപുരം
രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട കോൺഗ്രസ് വനിതാനേതാക്കൾക്കുനേരെ ഷാഫി പറമ്പിൽ–രാഹുൽ അനുകൂലികളുടെ സൈബർ ആക്രമണം. കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎ ഉമ തോമസ്, കെപിസിസി രാഷ്‌ട്രീയകാര്യസമിതി അംഗം ഷാനി മോൾ ഉസ്‌മാൻ, മഹിളാകോൺഗ്രസ് മുൻ അധ്യക്ഷ ബിന്ദുകൃഷ്‌ണ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഭാര്യ ഡോ. കെ ആശ തുടങ്ങിയവരെയാണ് കേട്ടാലറയ്‌ക്കുന്ന ഹീനമായ വാക്കുകളിൽ അധിക്ഷേപിച്ചത്. വാട്‌സാപ് ഗ്രൂപ്പുകളിലും ഫെയ്‌സ്‌ബുക്കിലുമാണ് തെറിവിളിച്ചും അപകീർത്തിപ്പെടുത്തിയും പ്രതികരണങ്ങളുണ്ടായത്.
ഉമയ്‌ക്ക് കലൂർ സ്‌റ്റേഡിയത്തിൽ സംഭവിച്ച അപകടം പോലും മനുഷ്യത്വവിരുദ്ധമായി അധിക്ഷേപത്തിന് ഉപയാഗിച്ചു. വീണപ്പോൾ ചത്താൽ മതിയായിരുന്നു, വിധവയായപ്പോഴല്ലേ പാർടിയിലെത്തിയത് രാഹുലിനെതിരെ പറഞ്ഞാൽ എംഎൽഎയാണെന്ന് നോക്കില്ല, ഇനിയിവർ നിയമസഭ കാണരുത്, തള്ളേ അടങ്ങിയിരുന്നുകൊള്ളണം എന്നിങ്ങനെ ക്രൂരമായ അധിക്ഷേപമാണ് കോൺഗ്രസ് അണികൾ ഉയർത്തിയത്. എംഎൽഎ സ്ഥാനത്ത് തുടരാൻ രാഹുലിന് അർഹതയില്ലെന്നും ആരോപണങ്ങൾ സത്യമാണെന്നുവേണം കരുതാൻ എന്നുമാണ് ഉമ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
സജീവ രാഷ്‌ട്രീയത്തിൽനിന്ന് രാഹുൽ മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലാണ് ഷാനിമോൾ ഉസ്‌മാനുനേരെ കടുത്ത വ്യക്തി അധിക്ഷേപം നടത്തിയത്. ബിന്ദുകൃഷ്‌ണ, ദീപ്‌തി മേരി വർഗീസ് എന്നിവർക്കുനേരെയും അധിക്ഷേപമുയർന്നു. സൈബർ ആക്രമണം നേരിട്ടതോടെ ആശയ്‌ക്ക് പോസ്‌റ്റ് പിൻവലിക്കേണ്ടി വന്നു.
കെ സി വേണുഗോപാലിനെ വരെ ബന്ധപ്പെടുത്തിയുള്ള കമന്റുകളാണ് പോസ്‌റ്റിന് താഴെ വന്നത്. പോസ്‌റ്റ് പിൻവലിച്ചിട്ടും ആക്രമണം തുടർന്നു. അതിജീവിതകൾക്കുനേരെയും പരുഷമായ വാക്കുകളിൽ കോൺഗ്രസുകാ സൈബർ ആക്രമണം നടത്തിയിരുന്നു.









0 comments