ad
Deshabhimani

'എന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല'; ദീപാ ജോസഫിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി അതിജീവിത

deepa joseph
വെബ് ഡെസ്ക്

Published on May 23, 2026, 04:06 PM | 2 min read

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നിരന്തരം അപമാനിക്കുന്ന സുപ്രീംകോടതി അഭിഭാഷക ദീപാ ജോസഫിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് പരാതി. താൻ സമൂഹമധ്യേ നിരന്തരം അപമാനിക്കപ്പെടുന്നുവെന്നും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും കാണിച്ച് അതിജീവിത മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും പരാതി നൽകി. ദീപാ ജോസഫിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് അതിജീവിത പരാതിയിൽ ആവശ്യപ്പെട്ടു.


രാഹുൽ മാങ്കൂട്ടത്തിന്റെ പീഡനത്തിനെതിരെ ആദ്യ പരാതി നൽകിയ അതിജീവിതയാണ് ഇപ്പോൾ സർക്കാരിനെ സമീപിച്ചിരിക്കുന്നത്. ലൈംഗിക പീഡനത്തിന്റെയും തുടർന്നുള്ള കേസിന്റെയും ട്രോമയിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്ന തന്നെ ദീപാ ജോസഫ് എന്ന വ്യക്തി നിരന്തരം വേട്ടയാടുകയാണെന്ന് അതിജീവിത പറയുന്നു. "മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്" എന്ന് ചൂണ്ടിക്കാണിച്ചാണ് അതിജീവിത തനിക്കുണ്ടാകുന്ന കടുത്ത മാനസിക ബുദ്ധിമുട്ടുകൾ പരാതിയിൽ വിവരിച്ചിരിക്കുന്നത്. തിരുവനന്തപുരം പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.


തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന ദീപാ ജോസഫിന്റെ ആവശ്യം രൂക്ഷ വിമർശനങ്ങളോടെ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് ശേഷം കീഴ്കോടതികളിൽ നിന്ന് ജാമ്യമോ മുൻകൂർ ജാമ്യമോ ദീപാ ജോസഫ് എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം ഡൽഹി കേരള ഹൗസിൽ വെച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് തന്നെ വീണ്ടും അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ പരാമർശങ്ങൾ ദീപ നടത്തിയത്.


ഡൽഹി കേരള ഹൗസിൽ വെച്ച് വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകരോട് കയർക്കുന്നതിനിടെ അതിജീവിതയെ 'രതിജീവിത' എന്ന് വിളിച്ച് ദീപാ ജോസഫ് പരസ്യമായി ആക്ഷേപിക്കുകയായിരുന്നു. ഈ പുതിയ സംഭവങ്ങൾ കൂടി നിലവിലെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ദീപാ ജോസഫിനെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകണമെന്നും അതിജീവിത ആവശ്യപ്പെട്ടു.


ലൈംഗിക അതിക്രമത്തെ അതിജീവിച്ച ഒരു സ്ത്രീക്ക് ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതിയും വിവിധ ഭരണഘടനാ കോടതികളും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ പ്രതി ഈ അവകാശത്തിന് മേലാണ് തുടർച്ചയായി സൈബർ പീഡനത്തിലൂടെയും പ്രസ്താവനകളിലൂടെയും ആക്രമണം നടത്തുന്നത്. തന്നെ മാനസികമായി തകർക്കാനും പൊതുജനമധ്യത്തിൽ മോശക്കാരിയാക്കാനുമാണ് ദീപാ ജോസഫ് ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.


ദീപാ ജോസഫ് നടത്തിയ അഭിമുഖങ്ങളുടെ ദൃശ്യങ്ങൾ, ഫേസ്ബുക്ക് പോസ്റ്റുകൾ, കമന്റുകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ പൊലീസ് അടിയന്തരമായി സംരക്ഷിക്കണമെന്നും നിരന്തരമായ സൈബർ പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയ്ക്ക് പ്രതിക്കെതിരെ കർശന നിയമനടപടി സ്വീകരിച്ച് അറസ്റ്റ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അതിജീവിത ആവശ്യപ്പെട്ടു. സ്ക്രീൻഷോട്ടുകളും മറ്റ് അനുബന്ധ രേഖകളും പരാതിക്കൊപ്പം അതിജീവിത കൈമാറിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home