രാഹുലിനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്‌ 
വി ഡി സതീശനും ഷാഫി പറമ്പിലും, നിലപാട്‌ വിഴുങ്ങി വനിതാ നേതാക്കൾ

ഭീഷണിക്ക്‌ വഴങ്ങി ; രാഹുലിന് സസ്പെൻഷൻ മാത്രം , നാണംകെട്ട്‌ കെപിസിസി നേതൃത്വം

Rahul Mamkootathil suspension
avatar
സി കെ ദിനേശ്‌

Published on Aug 26, 2025, 02:00 AM | 2 min read


തിരുവനന്തപുരം

നേതാക്കളുടെ രഹസ്യങ്ങൾ പുറത്തുവിടുമെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണിക്കുമുന്നിൽ മുട്ടുവിറച്ച കോൺഗ്രസ്‌ നേതൃത്വം തെളിവുസഹിതം പുറത്തുവന്ന ലൈംഗികപീഡനങ്ങൾക്കുള്ള നടപടി സസ്‌പൻഷനിൽ ഒതുക്കി. സമൂഹമാധ്യമത്തിലെ പരാമർശത്തിനുപോലും നൽകുന്നതാണ് സസ്‌പെൻഷൻ. ഗുരുതര കുറ്റകൃത്യത്തിൽ ഏർപ്പെട്ട രാഹുലിനെതിരെയും ഈ ലഘുശിക്ഷ സ്വീകരിച്ചതിലൂടെ ‘കൈവിടില്ല’ എന്ന സന്ദേശമാണ് നൽകുന്നത്. എംഎൽഎ സ്ഥാനം രാജിവയ്‌പ്പിക്കാനുള്ള സമ്മർദവും നേതൃത്വം ഉപേക്ഷിച്ചു.


ശക്തമായ നടപടിയുണ്ടാകുമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കൂട്ടാളിയായ ഷാഫി പറമ്പിലും രാഹുൽ എംഎൽഎ സ്ഥാനം ഒഴിയേണ്ടെന്ന നിലപാടിലേക്ക്‌ എത്തിക്കുകയായിരുന്നു. മറ്റ്‌ ഭാരവാഹികളും വഴങ്ങി. കേരളത്തിനാകെ അപമാനമായ എംഎൽഎയെ തുടരാൻ അനുവദിക്കരുതെന്ന പൊതുവികാരവും പാർടിയിലെ മഹിളാനേതാക്കളുടെ ആവശ്യവുമാണ്‌ നേതൃത്വം തള്ളിയത്‌.


Rahul Mamkootathil suspension


യുവതിയെ ഗർഭഛിദ്രത്തിന്‌ നിർബന്ധിക്കുകയും വഴങ്ങിയില്ലെങ്കിൽ കൊന്നുകളയാനും മടിക്കില്ലെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. ഇതിലും ഗുരുതരമായ സംഭവങ്ങളുടെ തെളിവുകൾ പലരുടെയും കൈയിലുണ്ടെന്നും നേതാക്കൾക്കറിയാം. നേതാക്കളുടെ രഹസ്യങ്ങൾ പുറത്തുവരാതിരിക്കാനാണ് തൽക്കാലം മുഖം രക്ഷിക്കാൻ സസ്‌പെൻഡ്‌ ചെയ്തത്. കാലതാമസമില്ലാതെ തിരിച്ചെടുക്കുമെന്ന്‌ നേതൃത്വം രാഹുലിന് ഉറപ്പുനൽകി. ബലാത്സംഗ പരാതി ഉയർന്നപ്പോൾ എൽദോസ്‌ കുന്നപ്പള്ളിയെയും സസ്‌പെൻഡ്‌ ചെയ്‌ത്‌ പിന്നീട്‌ തിരിച്ചെടുത്തിരുന്നു.


താരതമ്യമില്ലാത്തവിധം ഗുരുതരമായ ആരോപണം ഉയർന്നിട്ടും രാഹുലിനെ സംരക്ഷിക്കാനുള്ള നേതൃത്വത്തിന്റെ നീക്കമാണ്‌ കോൺഗ്രസുകാരെത്തന്നെ അത്‌ഭുതപ്പെടുത്തുന്നത്‌. നേതൃത്വം അനങ്ങാത്ത സാഹചര്യത്തിലാണ് നിൽക്കക്കള്ളിയില്ലാതെ വനിതാ നേതാക്കൾ രാഹുലിന്റെ രാജി ആവശ്യപ്പെട്ടത്.


തുടർന്നുണ്ടായ ഭീകര സൈബർ ആക്രമണവും നേതാക്കളുടെ കണ്ണുരുട്ടലും അവരെ നിശ്ശബ്‌ദരാക്കി. ഷാനിമോൾ ഉസ്‌മാനും ഉമ തോമസും ഷമ മുഹമ്മദും ബിന്ദു കൃഷ്‌ണയുമടക്കമുള്ളവർ രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന്‌ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. നേതൃത്വം വേട്ടക്കാരനൊപ്പം നിലയുറപ്പിച്ചതോടെ, ഇരുട്ടിവെളുത്തപ്പോൾ നിലപാട്‌ മാറ്റിപ്പറയേണ്ട ഗതികേടിലായി വനിതാ നേതാക്കൾ.


കേട്ടാലറയ്‌ക്കുന്ന ഭാഷയിൽ ഭീകര സൈബർ ആക്രമണമാണ്‌ ഇവർക്കെതിരെ നടക്കുന്നത്‌.

യൂത്ത്‌ കോൺഗ്രസിലെ യുവതികൾ നൽകിയ പരാതികൾ പ്രതിപക്ഷ നേതാവടക്കമുള്ളവർ മുക്കിയിരുന്നു. എന്നിട്ടും, പരാതി ലഭിക്കാത്ത സാഹചര്യത്തിൽ രാജി ആവശ്യപ്പെടാനുള്ള ധാർമിക അവകാശം ആർക്കുമില്ലെന്നാണ്‌ കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫിന്റെ വാദം. എംഎൽഎ സ്ഥാനം രാജിവയ്‌ക്കുമെന്ന്‌ ആരുപറഞ്ഞെന്നായിരുന്നു വി ഡി സതീശന്റെ ചോദ്യം.


രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന്‌ ഒഴിവാക്കുമെന്ന സൂചനയാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കമാൻഡ്‌ വൃത്തങ്ങളും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലടക്കമുള്ള നേതാക്കളും നൽകിയത്‌.


കൈപിടിച്ചതും കവചമായതും ഒരേ സംഘം

ശക്തമായ നടപടി, സ്‌ത്രീ സംരക്ഷകർ...കോൺഗ്രസിന്റെ അവകാശവാദങ്ങൾ വലുത്‌. തെളിയുന്നതോ, കൈപിടിച്ചു വളർത്തിയ നേതാക്കൾതന്നെയാണ്‌ രാഹുൽ മാങ്കൂട്ടത്തിലിന്‌ കവചമൊരുക്കുന്നതെന്ന പരമാർഥവും. പൊതുസമൂഹത്തിന്റെയും വനിതാ നേതാക്കളുടെയും രമേശ്‌ ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കളുടെയും വികാരം മാനിക്കില്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ വി ഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും നടപടികൾ.


ഗുരുതര ലൈംഗികപീഡനത്തിന്റെ തെളിവുകളടക്കം പുറത്തുവന്നിട്ടും നടപടി സസ്‌പൻഷനിലൊതുക്കിയത്‌ ആസൂത്രിത രക്ഷാപ്രവർത്തനംതന്നെ. എല്ലാവരുടെയും അഭിപ്രായമാരാഞ്ഞാണ്‌ നടപടിയെന്നത്‌ വസ്‌തുതയല്ലെന്ന്‌ കെ മുരളീധരന്റെ പ്രതികരണം തെളിയിക്കുന്നു.


രാഹുലിനെതിരെ പരസ്യമായി രംഗത്തുവന്ന റിനി ആൻ ജോർജ്‌, ഹണി ഭാസ്‌കരൻ, അവന്തിക എന്നിവരിൽ പലരും ദുരനുഭവമുണ്ടായപ്പോൾത്തന്നെ നേതാക്കളെ അറിയിച്ചിരുന്നു. യൂത്ത്‌ കോൺഗ്രസിലെ യുവതികൾ ഷാഫിക്കും പരാതി നൽകി. ഹണി ഭാസ്‌കരൻ പരസ്യമായി പറഞ്ഞതും ഷാഫി നിഷേധിച്ചില്ല. ചോദ്യങ്ങളിൽനിന്ന്‌ നേതാക്കൾക്ക്‌ ഒളിച്ചോടേണ്ടിവന്നതും ഇ‍ൗ സംരക്ഷണനാടകം മൂലം.





deshabhimani section

Related News

View More
0 comments
Sort by

Home