രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമീഷൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നു വരുന്ന ലൈംഗികാരോപണങ്ങളിൽ സ്വമേധയാ കേസെടുത്ത് വനിതാ കമീഷൻ. ഇതു സംബന്ധിച്ച് ഡിജിപിയോട് റിപ്പോർട്ട് തേടി.
തനിക്കെതിരെ എന്തെങ്കിലും തരത്തിൽ പരാതിയോ കേസോ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു കഴഞ്ഞ ദിവസം രാജി വെക്കുന്നതിന് മുമ്പ് രാഹുൽ മാധ്യമങ്ങളോടായി ചോദിച്ചത്. ആ പ്രതിരോധങ്ങൾക്ക് പൂട്ടു വീഴുന്ന കാര്യങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ബാലാവകാശ കമീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
നിർബന്ധിത ഗർഭഛിദ്രമുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ഉയർന്നു വന്നതിനു പിന്നാലെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നിരുന്നു രാഹുലിന്. തുടർന്ന് എംഎൽഎ സ്ഥാനത്ത് നിന്നും രാജി വെക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.
മാധ്യമപ്രവർത്തകയെ വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനംചെയ്‌ത് യുവ നേതാവ് പീഡിപ്പിച്ചശേഷം ഗർഭഛിദ്രം നടത്തിച്ചെന്ന വാർത്ത സമുഹമാധ്യമങ്ങളിൽ കുറച്ച് ദിവസമായി ചർച്ചയായിരുന്നു. അതിനിടയിലാണ് ബുധനാഴ്‌ച ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ രാഹുലിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് കോൺഗ്രസ് അനുഭാവിയും ചലച്ചിത്രതാരവും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് വെളിപ്പെടുത്തുന്നത്. ഫൈവ്‌സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാമെന്ന് പറഞ്ഞതായും അവർ വെളിപ്പെടുത്തിയിരുന്നു. ഇൗ വിവരം മുതിർന്ന നേതാവിനെ അറിയിച്ചിരുന്നതായും അവർ ഒന്നും ചെയ്‌തില്ലെന്നും പകരം ഉന്നതസ്ഥാനം നൽകിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രക്ഷാകർത്താവിന്റെ സ്ഥാനത്തു കാണുന്ന നടി തുറന്നടിച്ചു. രാഹുൽ മാങ്കൂട്ടത്തിലാണ് യുവ നേതാവ് എന്ന് അവർ പറഞ്ഞില്ലെങ്കിലും വാക്കുകളിൽനിന്ന് ഇത് വ്യക്തമായിരുന്നു.
പിന്നാലെ എഴുത്തുകാരി ഹണി ഭാസ്‌കറും, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ട അവന്തികയുമടക്കം നിരവധിപ്പേർ രാഹുലിനെതിരെ രംഗത്തുവന്നു. പലരും രാഹുൽ അയച്ച അശ്ലീല സന്ദേശങ്ങളടക്കമുള്ള ഡിജിറ്റൽ തെളിവും പുറത്ത് വിട്ടു.










0 comments