മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ അട്ടിമറിക്കുന്നു; രണ്ട് കേസുകളിൽ കുറ്റപത്രമില്ല

തിരുവനന്തപുരം: കോണ്ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിലെ അന്വേഷണം അട്ടിമറിക്കുന്നു. മൂന്ന് ബലാത്സംഗക്കേസുകളിൽ രണ്ടെണ്ണത്തിൽ പത്ത് മാസത്തിലേറെ പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരിൽ പലരെയും സ്ഥലംമാറ്റിയതോടെ പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രവർത്തനവും ഏതാണ്ട് നിലച്ചു.
ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ സ്ഥലംമാറ്റത്തെ തുടർന്ന് വിവിധ ഭാഗങ്ങളിലായി ചിതറിയതോടെ അന്വേഷണം നിലയ്ക്കുകയായിരുന്നു. ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന കേസുകളിൽ അന്വേഷണം ഇത്രയും നീണ്ടുപോകുന്നതും അന്വേഷണസംഘം നിർജീവമായതുമാണ് അട്ടിമറി സംശയങ്ങൾക്ക് ഇടയാക്കുന്നത്.
2025 നവംബർ 28നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. ഡിസംബർ മൂന്നിന് രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു. ഇതരസംസ്ഥാനത്ത് പഠിക്കുന്ന യുവതിയെ വിവാഹവാഗ്ദാനം നൽകി ആളൊഴിഞ്ഞ വില്ലയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ രാഹുൽ പിന്നീട് മുൻകൂർ ജാമ്യം നേടുകയായിരുന്നു.
ഇതിനിടെയാണ് മൂന്നാമത്തെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തതും രാഹുൽ അറസ്റ്റിലായതും. യുവതിയെ തിരുവല്ലയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു നടപടി. ഈ കേസിൽ 17 ദിവസം ജയിലിൽ കഴിഞ്ഞ രാഹുൽ പിന്നീട് ജാമ്യത്തിലിറങ്ങി. മൂന്ന് കേസുകളിൽ മൂന്നാമത്തെ കേസിൽ മാത്രമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. മെയ് മാസത്തിൽ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ചതിനെ തുടർന്ന് കേസ് പിന്നീട് പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു.
മൂന്നാമത്തെ കേസിൽ നാലുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച അന്വേഷണസംഘത്തിന് ആദ്യ രണ്ട് കേസുകളിൽ പത്ത് മാസമായിട്ടും അന്വേഷണം പൂർത്തിയാക്കാനാകാത്തതാണ് പ്രധാനമായും ചോദ്യങ്ങൾ ഉയർത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് പിന്നാലെ കേസുകളുടെ തുടർനടപടികൾ മന്ദഗതിയിലായെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായ പരാതികളിൽ തെളിവുശേഖരണവും മറ്റ് അന്വേഷണനടപടികളും വൈകുന്നത് കേസുകളുടെ തുടർനടപടികളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നു.
ഇതിനിടെ പരാതിപ്പെട്ട സ്ത്രീകള്ക്ക് നേരെ മാങ്കൂട്ടത്തില് അനുയായികള് വലിയ രീതിയിലുള്ള സൈബറാക്രമണങ്ങളും അഴിച്ചുവിട്ടിരുന്നു. രാഹുലിനെ പാര്ടിയില് നിന്ന് പുറത്താക്കി എന്ന് പറയുമ്പോഴും അയാളിപ്പോഴും പാര്ടിക്കാരനാണെന്നാണ് ഒരുകൂട്ടം കോണ്ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.








0 comments