തമ്മിലടി കനക്കുന്നു; രമ്യ ഹരിദാസിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ പ്രമേയം

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎക്കെതിരെ പ്രമേയം പാസാക്കി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ. ചിറയിൻകീഴിലെ കിഴുവില്ലം, പൂന്തള്ളൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളാണ് രമ്യ ഹരിദാസിനെതിരെ പരസ്യമായി രംഗത്ത് വന്നത്.
ചിറയിൻകീഴിലെ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് നേരെ എംഎൽഎ നടത്തിയ ആക്രമണങ്ങൾക്കെതിരെ അവർ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. രണ്ടു കമ്മിറ്റികളുടെയും യോഗത്തിൽ പ്രമേയം ഏകകണ്ഠമായി പാസ്സാക്കുകയായിരുന്നു.
രമ്യ ഹരിദാസ് പാർട്ടിക്കുള്ളിൽ അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ആസ്തി വികസന ഫണ്ടുപയോഗിച്ച് നടത്തേണ്ട പ്രവർത്തികൾ നടത്താൻ വേണ്ട ഇടപെടലുകൾ എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഫണ്ട് കൃത്യമായി വിനിയോഗിക്കാനും ശ്രദ്ധിക്കണമെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.
കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് കാരണം എംഎൽഎ പ്രദേശത്തുണ്ടാക്കിയ പ്രശ്നങ്ങളാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ട്. പ്രാദേശികമായി അണികൾക്കും പ്രവർത്തകർക്കുമിടയിൽ അതൃപ്തി രൂപപ്പെടാൻ എംഎൽഎയുടെ പ്രവർത്തികൾ കാരണമായിട്ടുണ്ട്.
ഈ തർക്കം ഇങ്ങനെ തന്നെ നിലനിന്നാൽ എംഎൽഎക്ക് പ്രദേശത്ത് പ്രവർത്തിക്കാൻ തന്നെ കഴിയാത്ത സാഹചര്യമുണ്ടാകും. പ്രവർത്തകരിൽ നിന്നുള്ള സഹായങ്ങളും ഇല്ലാതാകും എന്നും വിമർശനമുണ്ട്.








0 comments