Deshabhimani

അഭിമന്യു വധക്കേസ്: രണ്ടും മൂന്നും സാക്ഷികളും പ്രതികളെ തിരിച്ചറിഞ്ഞു; കോടതിമുറിയിൽ തലകുനിച്ച്നിന്ന് പ്രതികൾ

Abhimanyu Murder Case Accused

അഭിമന്യു വധക്കേസിലെ പ്രതികൾ എറണാകുളം ജില്ലാ കോടതിയിൽ വിസ്താരത്തിനു ശേഷം കറുത്ത മുഖാവരണവും തൊപ്പിയും ധരിച്ച്‌ പുറത്തേക്ക്‌ ഇറങ്ങിയപ്പോൾ

വെബ് ഡെസ്ക്

Published on Oct 16, 2026, 04:19 PM | 1 min read

കൊച്ചി: എറണാകുളം മഹാരാജാസ്‌ കോളേജ്‌ വിദ്യാർഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രണ്ടും മൂന്നും സാക്ഷികളും തിരിച്ചറിഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയിൽ ആരംഭിച്ച സാക്ഷിവിസ്‌താരത്തിൽ രണ്ടാം സാക്ഷി ബോബിൻസ് 15 പ്രതികളെയും മൂന്നാം പ്രതിയും അഭിമന്യുവിനൊപ്പം ആക്രമിക്കപ്പെടുകയും ചെയ്ത അർജുൻ 16 പ്രതികളെയുമാണ് തിരിച്ചറിഞ്ഞത്. പോപ്പുലർ ഫ്രണ്ട്‌– ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ പ്രതികളായ കേസിൽ സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ ജി മോഹൻരാജാണ്‌ വിസ്‌തരിച്ചത്‌.

അഭിമന്യുവിനെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച കത്തിയും എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച ഇടിക്കട്ടയും അർജുൻ തിരിച്ചറിഞ്ഞു. മറ്റ് സാക്ഷികളുടെ വിസ്താരം അടുത്തദിവസം നടക്കും.


ഇന്നും കോടതിയിൽ മുഖം മറച്ചാണ് പ്രതികൾ എത്തിയത്. കോടതിമുറിയിൽ കയറിയപ്പോൾ മുഖംമൂടി മാറ്റി. സാക്ഷികൾക്ക് മുൻപിൽ തലകുനിച്ചാണ് പ്രതികൾനിന്നത്. തുടർന്ന് തന്റെ മുഖത്തേക്ക് നോക്കാൻ ജഡ്ജി കെ കെ ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുഖംമൂടിയും കറുത്തതൊപ്പിയും ധരിച്ച് പ്രതികൾ എത്തിയതിൽ കോടതി വിമർശനമുന്നയിച്ചിരുന്നു. ഇനി രൂപം മാറി വന്നാൽ കർശന നടപടിയെടുക്കുമെന്ന് കോടതി മുന്നറിയിപ്പും നൽകി.


ഒന്നാംസാക്ഷിയും കോളേജിലെ പൂർവവിദ്യാർഥിയുമായ സുബിൻ 13 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.


പ്രതികൾക്കായി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയടക്കമുള്ളവർ ഹാജരായി. 156 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിക്കും. അഭിമന്യുവിനെ ​2018 ജൂലൈ രണ്ടിനാണ്‌ കൊലപ്പെടുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home