ഓപ്പൺ എഐയുടെ നിർണായക ചുമതലയിലേക്ക് ഇന്ത്യൻ വംശജൻ ഉദയ് രുദ്രരാജു; ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തെ നയിക്കും

ഓപ്പൺഎഐയുടെ ഇൻഫ്രാസ്ട്രക്ചർ, കംപ്യൂട്ടിങ് വിഭാഗങ്ങളുടെ ചുമതലയിൽ ഇന്ത്യൻ വംശജനായ സാങ്കേതികവിദഗ്ധൻ ഉദയ് രുദ്രരാജു.
കാലിഫോർണിയ: ഓപ്പൺഎഐയുടെ ഇൻഫ്രാസ്ട്രക്ചർ, കംപ്യൂട്ടിങ് വിഭാഗങ്ങളുടെ ചുമതലയിൽ ഇന്ത്യൻ വംശജനായ സാങ്കേതികവിദഗ്ധൻ ഉദയ് രുദ്രരാജു. ഡാറ്റാ സെന്റർ വികസനം വിപുലീകരിക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനസൗകര്യങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിയമനം. നൂതന എഐ മോഡലുകളുടെ വികസനത്തിനും പ്രവർത്തനത്തിനും ആവശ്യമായ കംപ്യൂട്ടിങ് ശേഷി ഉറപ്പാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.
ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, 2025-ൽ ഓപ്പൺഎഐയിൽ ചേർന്ന രുദ്രരാജു 2026 ജൂലൈയിൽ കംപ്യൂട്ട് വിഭാഗത്തിന്റെ ചീഫ് ടെക്നോളജി ഓഫീസറായി നിയമിതനായിരുന്നു. പുതിയ ചുമതലയോടെ കമ്പനിയുടെ ഇൻഫ്രാസ്ട്രക്ചർ, കംപ്യൂട്ടിങ് ബിസിനസുകളുടെ മേൽനോട്ടവും അദ്ദേഹത്തിന് ലഭിച്ചു. ഇലോൺ മസ്കിന്റെ എഐ കമ്പനിയായ എക്സ് എഐയിൽ പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.
നിലവിലെ ഇൻഫ്രാസ്ട്രക്ചർ മേധാവി സച്ചിൻ കാട്ടി ചുമതലയിൽനിന്ന് മാറുന്നതോടെയാണ് രുദ്രരാജു പകരക്കാരനാകുന്നത്. കാട്ടി ഓപ്പൺഎഐയുടെ ഉപദേഷ്ടാവായി തുടരും. ഒഹായോയിലെ എട്ട് ഗിഗാവാട്ട് ശേഷിയുള്ള പദ്ധതിയുൾപ്പെടെ പ്രധാന അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്ക് കാട്ടി നേതൃത്വം നൽകിയിരുന്നു.
എഐ മോഡലുകളുടെ വികസനത്തിനും പ്രവർത്തനത്തിനും ആവശ്യമായ കംപ്യൂട്ടിങ് ശേഷി വർധിപ്പിക്കാനാണ് ഓപ്പൺഎഐയുടെ നീക്കം. 2030 വരെ കംപ്യൂട്ടിങ് ആവശ്യങ്ങൾക്കായി ഏകദേശം 600 ബില്യൺ ഡോളർ ചെലവഴിക്കാൻ കമ്പനി പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. എൻവിഡിയ ഉൾപ്പെടെയുള്ള പ്രമുഖ സാങ്കേതിക കമ്പനികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതും രുദ്രരാജുവിന്റെ ചുമതലകളിൽ ഉൾപ്പെടും.








0 comments