print edition രാഹുലിന് താൽപ്പര്യം വേണുഗോപാലിനെ; പ്രഖ്യാപനം?

ന്യൂഡൽഹി: കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് രാഹുൽഗാന്ധിയുടെ താൽപര്യമെന്നും രണ്ട് ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള തമ്മിലടി തെരുവിലെത്തിയതോടെ സംസ്ഥാന കോൺഗ്രസ് കലങ്ങി മറിയുകയാണ്. അതിനാൽ, പ്രഖ്യാപനം നടത്താനാകില്ലെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. എംഎൽഎമാരുടെ അഭിപ്രായം അറിഞ്ഞ് തിരിച്ചെത്തിയ എഐസിസി നിരീക്ഷകരും സാഹചര്യം വഷളാണെന്ന റിപ്പോർട്ടാണ് നൽകിയത്.
അതേസമയം, രാഹുൽ ഗാന്ധിയ്ക്ക് താൽപര്യം കെ സി വേണുഗോപാലിനോടാണെന്നുള്ള ആക്ഷേപം ശക്തമാവുകയാണ്. മൂന്ന് നേതാക്കളെയും മല്ലികാർജുനൻ ഖാർഗേയുടെ വസതിയിൽ കാണുന്നതിന് മുന്നോടിയായി കെ എസി വേണുഗോപാലിനെ സ്വകാര്യമായി സന്ദർശിച്ച് ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. രണ്ട് ദിവസത്തിനുള്ളിൽ സാഹചര്യങ്ങൾ ശാന്തമാക്കണമെന്ന് നേതൃത്വം മൂന്ന് നേതാക്കളോടും നിർദേശിച്ചു. മന്ത്രി ഡി സുധാകറിന്റെ മരണത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകത്തിലേക്ക് പോയി. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഡൽഹിയിൽ തുടരുകയാണ്.
രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ചയിൽ, സതീശൻ അനുകൂലികൾ തനിക്കെതിരെ ആസൂത്രിതമായ നുണപ്രചരണം അഴിച്ചുവിടുകയാണെന്ന് കെ സി വേണുഗോപാൽ പരാതിപ്പെട്ടു. തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷന്റെ വസതിക്ക് മുന്നിലും സംസ്ഥാനവ്യാപകമായും ഫ്ലക്‌സുകൾ ഉയർത്തി. വലിയ രീതിയിൽ പണമൊഴുക്കിയുള്ള പ്രചരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
വേണുഗോപാലിന്റെ ആക്ഷേപങ്ങൾ ശരിയാണോയെന്ന് രാഹുൽ സതീശനോട് ചോദിച്ചു. വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിനോട് തനിക്ക് കടുത്ത എതിർപ്പുണ്ടെന്ന് സതീശൻ പ്രതികരിച്ചു. സംഘടനാ ജനറൽ സെക്രട്ടറിയെന്ന സ്വാധീനവും സമ്മർദ്ദശക്തിയും ഉപയോഗിച്ച് വേണുഗോപാൽ എംഎൽഎമാർക്കിടയിൽ സ്വന്തം ഗ്രൂപ്പുണ്ടാക്കി. എന്നാൽ, പ്രതിപക്ഷ നേതാവെന്ന നിലയിൽ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് താൻ ശ്രമിച്ചതെന്നാണ് സതീശൻ പറഞ്ഞത്.
അതേസമയം, താൻ മുഖ്യമന്ത്രിയായില്ലെങ്കിൽ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടും വേണുഗോപാൽ നേതൃത്വത്തിന് മുന്പാകെ അവതരിപ്പിച്ചു. സീനിയോറിറ്റി അനുസരിച്ച് ചെന്നിത്തലയ്ക്കാണ് യോഗ്യത. വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിനെ ശക്തമായി എതിർക്കുന്ന സതീശൻ തന്നെക്കാൾ സീനിയറായ ചെന്നിത്തലയെ കാര്യമായി എതിർത്തിട്ടില്ല. സമവായ സ്ഥാനാർഥിയെന്ന നിലയിൽ ചെന്നിത്തലയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാനില്ല.











0 comments