വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റം
എല്ലാം കടന്നുപോകുന്നത് സതീശന്റെ കൈകളിലൂടെ; വിഴിഞ്ഞത്തേത് പരസ്യമായ കരാർ ലംഘനം: പി രാജീവ്

വി ഡി സതീശന്‍, പി രാജീവ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റം പരസ്യമായ കരാർ ലംഘനമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വ്യവസായ മന്ത്രിയുമായ പി രാജീവ്. പതിമൂവായിരത്തിഇരുനൂറ് കോടി രൂപയുടെ കൈമാറ്റമാണ് 49 ശതമാനം ഓഹരികളിലൂടെ നടത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് തങ്ങൾക്ക് ഒന്നും അറിയില്ല എന്നുമാണ്. എന്നാൽ കമ്പനി അധികൃതർ തന്നെ സർക്കാരിനെ അറിയിച്ചു എന്നു കൂടി വ്യക്തമാക്കിയിട്ടുണ്ട്. ഈ വാദത്തെ ശരിവെയ്ക്കുന്ന പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉണ്ടായതെന്ന് പി രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിലുള്ള കരാർ അനുസരിച്ച് മുൻകൂർ അനുമതി വേണമെന്ന് കൃത്യമായി വ്യവസ്ഥയുണ്ട്. എന്നിട്ടും സെബിയിൽ ഈ കരാർ എത്തി എന്ന് പറഞ്ഞ് സമർപ്പിച്ചതിന് ശേഷം കേരളത്തിന്റെ മുഖ്യമന്ത്രി അസംതൃപ്തി മാത്രമാണ് പ്രകടിപ്പിക്കാനുള്ളത്. ഇതിൽ നിന്നും തന്നെ നിയമവിരുദ്ധമായ കാര്യമാണ് നടപ്പിലാക്കിയിരിക്കുന്നതെന്നും വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ വ്യവസ്ഥകളുടെ പരസ്യമായ ലംഘനം നടക്കുമ്പോൾ അസംതൃപ്തി എന്ന വാക്ക് കൊണ്ട് പരാമർശിക്കുന്നു. കരാർ ലംഘനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് എന്തുകൊണ്ട് മുഖ്യമന്ത്രി ധൈര്യം കാണിക്കുന്നില്ല..? എന്നും പി രാജീവ് ചോദിച്ചു.
സർക്കാർ എല്ലാ വശവും പരിശോധിച്ച് തീരുമാനം എടുക്കുമെന്നത് ഗൗരവമായി കാണേണ്ട ഒന്നാണ്. ഇപ്പോള്‍ ഇവർ നല്‍കിയ കരാര്‍ എംപവേർഡ് കമ്മിറ്റി പരിശോധിക്കും. തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ഇത്തരത്തില്‍ കരാർ വരുമ്പോ അതിന്റെ ആദ്യത്തെ പരിശോധന എംപവേർഡ് കമ്പനി നടത്തി കഴിഞ്ഞാൽ അത് തുറമുഖ വകുപ്പിലേയ്ക്ക് വരും. തുറമുഖ സെക്രട്ടറി രത്തൻ ഖേൽക്കർ പരിശോധിക്കും ശേഷം, തുറമുഖ മന്ത്രി വി ഡി സതീശന് കൈമാറും. വീണ്ടും മുഖ്യമന്ത്രി വി ഡി സതീശന് നൽകും. ശേഷം ഭരണപരമായ സംശയങ്ങൾ തീർക്കാൻ മുഖ്യമന്ത്രി രത്തൻ ഖേൽക്കർക്ക് കൊടുക്കും. തുറമുഖ സെക്രട്ടറി തന്നെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി.
പിന്നീട് ധനപരമായ ബാധ്യതകൾ പരിശോധിക്കൽ ആണ്. അത് മുഖ്യമന്ത്രി നേരേ ധനമന്ത്രിക്ക് കൈമാറും. ധനകാര്യ വകുപ്പ് പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്ക് നൽകും. മുഖ്യമന്ത്രി വി ഡി സതീശൻ പരിശോധിച്ചിട്ട് നിയമപരമായിട്ടുള്ള വശങ്ങൾ പരിശോധിക്കാൻ നിയമവകുപ്പ് മന്ത്രി വി ഡി സതീശന് കൊടുക്കും. നിയമവകുപ്പ് മന്ത്രി വി ഡി സതീശൻ പരിശോധിച്ചിട്ട് മുഖ്യമന്ത്രി വി ഡി സതീശന് കൊടുക്കും. മുഖ്യമന്ത്രിക്ക് ഏതെങ്കിലും ഘട്ടത്തിൽ സംശയം വന്നാൽ നേരെ മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ ഖേൽക്കറിന്റെ അടുത്തെത്തും. ഇതാണ് കിട്ടുണ്ണ്യായരുടെ അടിയന്തരം എന്ന് പറയുന്നത്. അതുപോലെ തന്നെ എല്ലാ കാര്യങ്ങളും ഒരു വ്യക്തി തന്നെ പരിശോധിക്കുന്നു.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് നിയമവകുപ്പ്, ധനകാര്യവകുപ്പ്, പൊതുഭരണവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നത്. ധനം, നിയമം, പൊതുഭരണം , തുറമുഖം ഏറ്റവും പ്രധാനപ്പെട്ട സ്വതന്ത്ര വകുപ്പുകളും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടിട്ടുള്ള വകുപ്പും സ്വയം ഏറ്റെടുത്തിരിക്കുന്നത് എന്ത് ധാരണയുടെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. പ്രകടമായ നിയമലംഘനം നടന്ന സന്ദർഭത്തിൽ അതുസംബന്ധിച്ച് ശക്തമായ നിലപാട് സ്വീകരിക്കാതെ അതൃപ്തി എന്ന വാക്കിനകത്താണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോൾ പ്രതികരണം ഒതുക്കിയിട്ടുള്ളതെന്ന് രാജീവ് പറഞ്ഞു.
കഴിഞ്ഞ ദിവസം എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ കേരളത്തിൽ ബിജെപിയാണോ അദാനി സൂപ്പർ ഗവൺമെന്റാണോ എന്ന രണ്ട് പരാമർശങ്ങൾ നടത്തി. കേരളത്തിൽ ബിജെപി സർക്കാർ ആണോ ഭരിക്കുന്നത് എന്ന് ചോദിക്കുമ്പോൾ എഐസിസി സംഘടന സെക്രട്ടറിക്ക് പോലും ഇപ്പോ കേരളത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ബിജെപിയാണോ ഭരിക്കുന്നത് എന്ന സംശയം വരുന്നു എന്നാണ് മനസിലാക്കേണ്ടതെന്ന് പി രാജീവ് കൂട്ടിച്ചേർത്തു.










0 comments