ad
Deshabhimani

തമിഴ്‌നാട്ടിൽനിന്ന്‌ ക്വാറി ഉൽപ്പന്നങ്ങളുടെ വരവുനിലച്ചു; നിർമാണ മേഖലയ്‌ക്ക്‌ കനത്ത പ്രഹരം: ദേശീയപാത നിർമാണത്തിനും തിരിച്ചടി

construction

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 05, 2026, 11:08 AM | 3 min read

തിരുവനന്തപുരം/കൊല്ലം : പാറയും പാറപ്പൊടിയുമടക്കമുള്ള ക്വാറി ഉൽപ്പന്നങ്ങൾ തമിഴ്നാട്ടിൽ നിന്നും എത്താതായതോടെ കേരളത്തിലെ ദേശീയപാത നിർമാണമടക്കമുള്ള പ്രവൃത്തികൾ മന്ദ​ഗതിയിൽ. സംസ്ഥാനത്തിനുപുറത്ത് ക്വാറി ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചുള്ള തമിഴ്‌നാട്‌ സർക്കാര്‍ വിജ്ഞാപനം നിർമാണ മേഖലയ്‌ക്ക്‌ കനത്ത പ്രഹരമായിട്ടും കേരള സർക്കാർ അനങ്ങാപ്പാറ നയം തുടരുന്നു. തൊഴിൽദിനങ്ങളുടെ എണ്ണം കുറയുന്നതോടെ തൊഴിലാളികളും ദുരിതത്തിലേക്ക്‌ നീങ്ങുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിർമാണ മേഖലയിലാണ് വൻ തിരിച്ചടിയുണ്ടായത്.


ജൂലൈ ഒമ്പതിനാണ്‌ തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്‌. ഉത്തരവ്‌ ലംഘിച്ച്‌ ക്വാറി ഉൽപ്പന്നങ്ങളുമായി കേരളത്തിലേക്ക്‌ വരുന്ന ലോറികൾ തമിഴ്‌നാട്ടിലെ ചെക്ക്‌ പോസ്റ്റുകളിൽ പൊലീസ്‌ തടയുകയാണ്‌. ഇതോടെ ക്വാറി ഉൽപ്പന്നങ്ങളുടെ വിലയും സംസ്ഥാനത്ത്‌ കുതിച്ചുയരുന്നു. വില കുത്തനെ ഉയർന്നത് ദേശീയപാത നിർമാണത്തെയും ബാധിച്ചു. പ്രതിസന്ധി മറികടക്കാൻ സർക്കാർ ഒന്നും ചെയ്യാത്തതിൽ നിർമാണമേഖലയിൽ വലിയ പ്രതിഷേധം ഉയരുന്നു.


വിരളമായി ലഭിക്കുന്ന പാറ ഉൽപ്പന്നങ്ങൾക്കാണെങ്കിൽ ഇരട്ടി വിലയും നൽകണം. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം, നാഗർകോവിൽ, ചിത്തിരംകോട്, വലിയാറ്റുമുഖം, തൂത്തുക്കുടി,കൂടംകുളം, തിരുനെൽവേലി തുടങ്ങിയ ഭാഗങ്ങളിലെ ക്വാറികളിൽ നിന്നാണ് കേരളത്തിലെ തെക്കൻ മേഖലകളിലെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള പാറ ഉത്പന്നങ്ങൾ കൂടുതലായി എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് മാസക്കാലമായി തമിഴ്നാട്ടിലെ ക്വാറികൾക്ക് നൽകിയിരുന്ന പാസിൽ തമിഴ്നാട് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതോടെയാണ് പാറ ഉൽപ്പന്നങ്ങളുടെ വരവ് നിലച്ചത്.


construction field


തമിഴ്നാട്ടിലെ പാറ ഉൽപ്പന്നങ്ങളുടെ നിയന്ത്രണം മുതലെടുത്ത് പാറപ്പൊടി, പീസാൻ്റ്, ഹോളോബ്രിക്സ്, മെറ്റൽ, എംസാൻ്റ് എന്നിവയ്ക്ക് കേരളത്തിൽ ഇരട്ടി വിലയാണ് ഈടാക്കുന്നതെന്ന ആക്ഷേപവുമുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള വരവ് നിലച്ചതോടെ മൂന്ന് ആഴ്‌ചയ്‌ക്കുള്ളിൽ ക്വാറി ഉൽപ്പന്നങ്ങൾക്ക് ക്യുബി​ക് അടി ശരാശരി ഒമ്പതുരൂപയുടെ വർധനയുണ്ടായി. എം സാൻഡ് 60- 62രൂപയിൽനിന്ന്‌ 72-80 രൂപയായും മുക്കാൽ ഇഞ്ച് മെറ്റൽ 48ൽനിന്ന്‌ 55ആയും ഒന്നരയിഞ്ച് മെറ്റൽ 45ൽനിന്ന്‌ 55 ആയും പാറപ്പൊടി 42ൽനിന്ന്‌ അമ്പതായും ഉയർന്നു.


ഇപ്പോൾ നാമമാത്രമായി ചെങ്കോട്ട വഴിയാണ് പാറ ഉൽപ്പന്നങ്ങൾ കേരളത്തിലെത്തുന്നത്. ഇവയും നിർത്തലാക്കാനുള്ള തീരുമാനത്തിലാണ് അധികൃതരെന്ന് ലോറി ഉടമകൾ പറയുന്നു. പാറ ഉൽപ്പന്നങ്ങളുടെ വരവ് നിലച്ചത് സിമൻ്റ് ഹോളോബ്രിക്സ് കല്ലുകളുടെ നിർമാണത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ ക്വാറികളിൽ നിന്ന് നൽകുന്ന പാസിനും ജിയോളജി വകുപ്പിൻ്റെ പാസിനും വില വർധിപ്പിച്ചതായി ലോറി ഉടമകൾ പറയുന്നു. വിവിധ കെട്ടിടങ്ങളും വീടുകളും കരാർ അടിസ്ഥാനത്തിൽ നിർമ്മിച്ച് നൽകുന്ന കോൺട്രാക്ടർമാരിൽ ഭൂരിഭാഗം പേരും വില വർധനവ് കാരണം നിർമാണ പ്രവർത്തനം നിർത്തിവെച്ച അവസ്ഥയിലാണ്. കേരളത്തിലേക്ക് തമിഴ്നാട്ടിൽ നിന്ന് പാറ ഉൽപ്പന്നങ്ങൾ യാതൊരു കാരണവശാലും കൊണ്ടുവരാൻ അനുമതി നൽകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് തമിഴ്നാട് സർക്കാർ. നിർമാണ മേഖലയിൽ പ്രതിസന്ധി തുടർന്നാൽ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ലോറി ഉടമകളും ചുമട്ട് തൊഴിലാളികളുമുൾപ്പെടെയുള്ള ആയിരത്തോളം പേരുടെ ജീവിതം പ്രതിസന്ധിയിലായി തീരും.


കൊല്ലം ജില്ലയിൽ ആകെയുള്ളത് 11 ക്വാറിയാണ്‌. ഇവിടങ്ങളിൽ കാര്യമായി ഖനനം ഇല്ലാത്തതിനാൽ കരാറുകാർ തമി​ഴ്നാടി​നെയാണ് ആശ്രയി​ച്ചി​രുന്നത്. ജില്ലയിലെ ക്രഷറുകൾ അധികവും പ്രവർത്തിക്കുന്നത്‌ തമിഴ്നാട്ടിൽനിന്ന് ക്വാറി ഉൽപ്പന്നങ്ങൾ എത്തിച്ചായിരുന്നു. വരവ് നിലച്ചതോടെ യാർഡുകളും കാലിയായി. കോന്നിയിൽനിന്ന് പാറ എത്തിച്ചാണ് അവശേഷിക്കുന്ന ക്രഷറുകൾ പ്രവർത്തിക്കുന്നത്. ആവശ്യം പെട്ടെന്ന് വർധിച്ചതോടെ ക്രഷറുകൾ കുത്തനെ വില ഉയർത്തി. കരാറുകാർക്ക്‌ നിലവിലെ എസ്റ്റിമേറ്റ്‌ പ്രകാരം നിർമാണം പൂർത്തിയാക്കാനാകാത്ത സ്ഥിതിവരുന്നു. ക്വാറി ഉൽപ്പന്നങ്ങളെ ആശ്രയിച്ചുള്ള മറ്റ്‌ നിർമാണസാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങളിലെ കച്ചവടവും ഇടിഞ്ഞു.


ദേശീയപാത നിർമാണത്തിനും തിരിച്ചടി


തമിഴ്‌നാട്ടിൽനിന്നു പാറ, മെറ്റൽ, എം സാൻഡ്‌, ജിഎസ്‌പി എന്നിവയുടെ വരവ്‌ നിലച്ചത്‌ ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്ന നിർമാണ പ്രവർത്തനത്തെയും ബാധിച്ചു. കായംകുളം കൊറ്റുകുളങ്ങര മുതൽ കൊല്ലം ബൈപാസ്‌ വരെയുള്ള നിർമാണത്തെയാണ്‌ കൂടുതലായി ബാധിച്ചിരിക്കുന്നത്‌. പൊതുവെ ഇ‍ൗ റീച്ചിൽ നിർമാണത്തിന്‌ വേഗമില്ലായിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ക്വാറികളിൽ നിന്നായിരുന്നു കൊല്ലത്തേക്ക്‌ ഉൽപ്പന്നങ്ങൾ കൂടുതലായും എത്തിയിരുന്നത്‌. അതിനിടെ കൊല്ലം ബൈപാസ്‌– കടമ്പാട്ടുകോണം റീച്ചിൽ നിർമാണം പൂർത്തീകരണത്തിലേക്കാണ്‌. ദേശീയപാത നിർമാണത്തിനായി അഷ്ടമുടി, പരവൂർ കായലുകളിൽനിന്ന്‌ മണ്ണും മണലും ഡ്രഡ്‌ജിങ്‌ നടത്തിയെടുക്കാൻ മുൻ സർക്കാർ നൽകിയ അനുമതി വലിയ ആശ്വാസമായിരുന്നു. അതിപ്പോഴും തുടരുന്നുണ്ട്‌.


അതിർത്തിയിൽ പ്രതിഷേധവുമായി തൊഴിലാളികൾ


പാറ ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിനുള്ള പാസ് നൽകാത്ത കന്യാകുമാരി കളക്ടറുടെയും എസ്പിയുടെയും നടപടിയിൽ പ്രതിഷേധിച്ച് ലോറി ഉടമകളും തൊഴിലാളികളും അതിർത്തിയിൽ പ്രതിഷേധിച്ചു. തിങ്കൾ പകൽ 11 ഓടെ കേരള - തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ ലോറി ഉടമകളും തൊഴിലാളികളുമടക്കം നൂറ് കണക്കിനുപേരാണ് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്. ടോറസ് ലോറികളും ടിപ്പർ ലോറികളുമുൾപ്പെടെ നിത്യേന പാറ ഉൽപ്പന്നങ്ങളുമായി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന വാഹനങ്ങൾ അടിക്കടി അപകടത്തിനിടയാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ നടപടി. ബൈപ്പാസ് റോഡ് നിർമാണം പൂർത്തിയായാൽ അതുവഴി കടന്നു പോകണമെന്നാണ് പറയുന്നത്. എന്നാൽ മാസങ്ങളായി ലോറികൾ ഓടാത്തതിനാൽ ജീവിതംകടുത്ത പ്രതിസന്ധിയിലാണെന്ന് ലോറി ഉടമകളും തൊഴിലാളികളും പറയുന്നു. പലരും ബാങ്ക് വായ്പയെടുത്താണ് ലോറികൾ വാങ്ങിയതെന്നും വായ്പ അടക്കാനോ, ഇൻഷുറൻസ് അടക്കാനോ പറ്റാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home