കോന്നി പാറമട അപകടം; രണ്ടാമത്തെ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കോന്നി: പത്തനംതിട്ട പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ കല്ലിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ടാമത്തെ തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. ഹിറ്റാച്ചി ഓപറേറ്റർ ബിഹാർ സ്വദേശി അജയ് റായ് (38)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാബിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം ആലപ്പുഴയിൽ നിന്ന് കൊണ്ടുവന്ന ലോങ്ങ് ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് മൃതദേഹം കണ്ടെടുത്തത്. ലോങ് ബൂം എസ്‌കവേറ്റർ ഉപയോഗിച്ച് പാറക്കല്ലുകൾ മാറ്റി കാബിൻ പൊളിച്ചാണ് മൃതദേഹം കണ്ടെടുത്തത്. എൻഡിആർഎഫ് സംഘം വടം കെട്ടിയിറങ്ങി മൃതദേഹം പുറത്തെത്തിച്ചു. ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ കല്ലിനും മണ്ണിനുമടിയിൽ കുടുങ്ങിയ ഒഡീഷ സ്വദേശിയായ മഹാദേവ് പ്രധാന്റെ (51) മൃതദേഹം തിങ്കളാഴ്‌ച കണ്ടെത്തിയിരുന്നു. കോന്നി പഞ്ചായത്ത് ആറാം വാർഡിലെ പയ്യനാമൺ ചെങ്കളം പാറമടയിലാണ് ഇന്നലെ അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് പാറമടയിൽ അപകടമുണ്ടായത്. കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ച് തൊഴിലാളികൾ അപകടത്തിൽപ്പെടുകയായിരുന്നു. ജോലിയ്ക്കിടെ തുരന്ന പാറയുടെ മുകൾ ഭാഗം ഇടിഞ്ഞ് താഴേക്ക് പതിച്ചാണ് അപകടം ഉണ്ടായത്.
പകൽ ഒന്നോടെയാണ് 500ഓളം അടി ഉയരമുള്ള പാറയുടെ താഴ്ഭാഗത്തായി വെടിവെച്ചത്. രണ്ടരയോടെ ഹിറ്റാച്ചി ഉപയോഗിച്ച് പാറക്കല്ലുകൾ നീക്കം ചെയ്യുമ്പോഴാണ് മുകൾഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ മുകളിലേക്ക് പതിച്ചത്. പൊലീസും അഗ്‌നിരക്ഷാസേനയും ദുരന്തനിവാരണ സേനയും ചൊവ്വ രാവിലെ തിരച്ചിൽ നടത്തിയെങ്കിലും മുകളിൽനിന്ന് വീണ്ടും പാറയിടിഞ്ഞ് വീഴുന്നതിനാൽ തെരച്ചിൽ താൽക്കാലികമായി നിർത്തി. മുപ്പത് മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിലാണ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്.









0 comments