ad
Deshabhimani

print edition സ്ഥലംമാറ്റ സമ്മർദം: പിഡബ്ല്യുഡി 
ജീവനക്കാരൻ കുഴഞ്ഞുവീണു

PWD.jpg

ഓഫീസിൽ കുഴഞ്ഞ് വീണ പിഡബ്ല്യുഡി ജീവനക്കാരൻ കെ പി പ്രശാന്തിനെ സഹപ്രവർത്തകർ ആശുപത്രിയിലേക്ക് 
കൊണ്ടുപോകുന്നു

വെബ് ഡെസ്ക്

Published on Sep 23, 2026, 01:30 AM | 1 min read

കാക്കനാട്: മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തെത്തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായ പിഡബ്ല്യുഡി ജീവനക്കാരൻ ഓഫീസിൽ കുഴഞ്ഞുവീണു. എറണാകുളം സിവിൽ സ്റ്റേഷനിലെ പിഡബ്ല്യുഡി ക്വാളിറ്റി കൺട്രോൾ ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് കെ പി പ്രശാന്ത് കുമാറാണ് കുഴഞ്ഞുവീണത്.


ചേർത്തല സ്വദേശിയായ പ്രശാന്തിനെ കോതമംഗലത്തേക്ക് സ്ഥലംമാറ്റിയിരുന്നു. സ്വന്തം അപേക്ഷയില്ലാതെ ഓഫീസ് അറ്റൻഡന്റുമാരെ സ്ഥലംമാറ്റരുതെന്ന നിലവിലെ സർവീസ് മാനദണ്ഡങ്ങൾ മറികടന്നാണ് ഉത്തരവെന്നാണ്‌ പരാതി. ഒന്നര വർഷം മുമ്പാണ് പ്രശാന്ത് ഇവിടെ ജോലിയിൽ പ്രവേശിച്ചത്.


പ്രശാന്തിന്റെ വിദ്യാർഥിയായ മകന്‌ ഗുരുതര ആരോഗ്യപ്രശ്‌നമുള്ളപ്പോഴാണ്‌ വിദൂരസ്ഥലത്തേക്ക് മാറ്റിയത്‌. പകരക്കാരൻ എത്തുംമുമ്പ് ചൊവ്വാഴ്ചതന്നെ ജോലിയിൽനിന്ന് വിടുതൽ ചെയ്യണമെന്നാവശ്യപ്പെട്ട് മേലധികാരികൾ സമ്മർദം ചെലുത്തിയതായി ജീവനക്കാർ ആരോപിച്ചു. ഇതിനിടെയാണ് പ്രശാന്ത് ഓഫീസിൽ കുഴഞ്ഞുവീണത്.


​സംഭവമറിഞ്ഞെത്തിയ എൻജിഒ യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ ജീവനക്കാർ എക്സിക്യൂട്ടീവ് എൻജിനിയർ കെ എം സജീലയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസ്‌ ഉപരോധിച്ചു. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്.


മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കണമെന്നും ജീവനക്കാരെ സമ്മർദത്തിലാക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. കെ എൻ അൻവർ, ഗോഗുൽ ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home