പുതുപ്പരിയാരം ക്ഷീരസംഘം പ്രസിഡന്റിന്റെ ആത്മഹത്യ ; മരണത്തിലേക്ക് തള്ളിവിട്ടത് കോൺഗ്രസ് നേതൃത്വം

നിധിൻ ഈപ്പൻ
Published on Jun 07, 2025, 01:55 AM | 1 min read
പാലക്കാട്
പുതുപ്പരിയാരം തെക്കേപറമ്പ് ക്ഷീരസംഘം പ്രസിഡന്റും സജീവ കോൺഗ്രസ് പ്രവർത്തകനുമായ വി കെ പ്രഭാകരൻ ജീവനൊടുക്കാൻ കാരണം പ്രാദേശിക കോൺഗ്രസ് നേതൃത്വം. മുൻ സെക്രട്ടറി ശരത്‌കുമാർ, ജീവനക്കാരി രമ എന്നിവർ തന്നെ കബളിപ്പിച്ച് സംഘത്തിൽനിന്ന് പണം തട്ടിയെന്നും ആത്മഹത്യക്ക് ഇവരാണ് ഉത്തരവാദികളെന്നും പ്രഭാകരൻ എഴുതിയ കുറിപ്പിലുണ്ട്. സാമ്പത്തിക ക്രമക്കേട് അറിഞ്ഞിട്ടും ഡയറക്ടർ ബോർഡോ, കോൺഗ്രസ് നേതൃത്വമോ വിഷയത്തിൽ ഇടപെട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
2018 മുതൽ 2022 വരെ ശരത്‌കുമാറായിരുന്നു സംഘം സെക്രട്ടറി. ഈ കാലയളവിലാണ് തട്ടിപ്പ് നടന്നത്. ശരത്‌കുമാറിനുശേഷം എല്ലാ കണക്കും രമയാണ് നോക്കിയത്. താൻ ഒരു രൂപപോലും തട്ടിയിട്ടില്ല. കണക്ക് ശരിയാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ശരത്‌കുമാർ തയ്യാറായില്ല. സംഘത്തിന് നഷ്ടപ്പെട്ട പണം ഈ രണ്ട് ജീവനക്കാരോടാണ് ഈടാക്കേണ്ടതെന്നും ആത്മഹത്യകുറിപ്പിലുണ്ട്.
ഏകദേശം 60,000 രൂപയാണ് ഒരുമാസം അംഗങ്ങൾക്ക് നൽകാനായി രമ പ്രഭാകരന്റെ ഒപ്പോടെയുള്ള ചെക്ക് ഉപയോഗിച്ച് പിൻവലിച്ചിരുന്നത്. എന്നാൽ അതിൽ പകുതി പോലും വിതരണംചെയ്തിട്ടില്ല. തിരിമറി നടത്തിയ തുകയിൽ ഒരു ഭാഗം കോൺഗ്രസ് നേതാക്കൾ കൈപ്പറ്റിയെന്ന് പ്രഭാകരന്റെ ബന്ധുക്കളും നാട്ടുകാരും സൊസൈറ്റി അംഗങ്ങളും ആരോപിക്കുന്നു.
45 ക്ഷീരകർഷകർ അംഗങ്ങളായ സ്ഥാപനത്തിൽ പാൽ അളന്ന തുക ലഭിക്കാതായതോടെ പലരും പാൽ നൽകാതെയായി. നിലവിൽ 28 അംഗങ്ങളാണുള്ളത്. ഇവർക്കും കുടിശ്ശികയുണ്ട്. വ്യാഴം വൈകിട്ട് നാലോടെ രണ്ടുപേർ പ്രഭാകരന്റെ വീട്ടിൽ വന്നുപോയതായി നാട്ടുകാർ പറഞ്ഞു.








0 comments