രണ്ട് കുഞ്ഞുങ്ങളെയും കൊന്നതുതന്നെ; 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ച് പ്രതികൾ

puthukkad
വെബ് ഡെസ്ക്

Published on Jun 29, 2025, 11:17 PM | 1 min read

തൃശ്ശൂര്‍: പുതുക്കാട്ട് അവിവാഹിതരായ മാതാപിതാക്കള്‍ നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് കുഞ്ഞുങ്ങളെയും കൊന്നതുതന്നെയാണെന്ന് പ്രതികൾ സമ്മതിച്ചു. ആമ്പല്ലൂർ ചേനക്കാല ഭവിൻ (25), മറ്റത്തൂർ നൂലുവള്ളി മുല്ലക്കപ്പറമ്പിൽ അനീഷ (22) എന്നിവരെയാണ്‌ പുതുക്കാട്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.


കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആദ്യ കുട്ടിയെ കൊലപ്പെടുത്തിയത് 2021ലാണ്. രണ്ടാമത്തെ കുഞ്ഞിനെ കൊന്നത് 2024ലും. രണ്ടു കുഞ്ഞുങ്ങളും പ്രസവത്തോടെ മരിച്ചെന്നായിരുന്നു യുവതി ആദ്യം മൊഴി നൽകിയത്. കുഞ്ഞുങ്ങളുടേത് അസ്വാഭാവിക മരണമാണെന്ന് പൊലീസ് തുടക്കത്തിലേ സംശയം പ്രകടിപ്പിച്ചിരുന്നു.


പിന്നീട് ആദ്യ കുഞ്ഞിന്റേത് മാത്രമാണ് സ്വാഭാവിക മരണമെന്നും രണ്ടാമത്തെ കുഞ്ഞിനെ കൊന്നതാണെന്നും അമ്മ അനീഷ മൊഴി നൽകി. എന്നാലിപ്പോൾ രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് തന്നെയാണെന്നാണ് പ്രതികൾ സമ്മതിച്ചിരിക്കുന്നത്.


ഭവിനും അനീഷയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഭവിന്‍ കുട്ടികളുടെ അസ്ഥികളുമായി തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. കാമുകിയായ അനീഷ പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്നുകുഴിച്ചുമൂടി എന്നാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.


കര്‍മങ്ങള്‍ ചെയ്യാനായാണ് കുഞ്ഞുങ്ങളുടെ അസ്ഥികള്‍ സൂക്ഷിച്ചിരുന്നത് എന്നായിരുന്നു ഭവിന്റെ വെളിപ്പെടുത്തല്‍. അനീഷ ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതേത്തുടര്‍ന്ന് ഇരുവരും കഴിഞ്ഞദിവസം തർക്കമുണ്ടായി. പിന്നാലെയാണ് ഭവിന്‍ പോലീസ് സ്‌റ്റേഷനിലെത്തി വെളിപ്പെടുത്തല്‍ നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home