print edition വീരോചിതം വയലാർ ; പുന്നപ്ര വയലാർ വാരാചരണം സമാപിച്ചു

പുന്നപ്ര- വയലാർ വാരാചരണ സമാപനത്തോടനുബന്ധിച്ച് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അർപ്പിക്കുന്നു. മന്ത്രി സജി ചെറിയാൻ, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ മഹേന്ദ്രൻ, ജി ഹരിശങ്കർ, മനു സി പുളിക്കൽ, എച്ച് സലാം എംഎൽഎ തുടങ്ങിയവർ സമീപം ഫോട്ടോ : കെ എസ് ആനന്ദ്
അഞ്ജുനാഥ്
Published on Oct 28, 2025, 03:04 AM | 1 min read
വയലാർ
അലയടിച്ചെത്തിയ കായൽക്കാറ്റിന് വെടിപ്പുകയുടെയും കട്ടച്ചോരയുടെയും ഗന്ധമുണ്ടായിരുന്നു. ആളിപ്പടർന്ന മുദ്രാവാക്യങ്ങളിൽ അനശ്വര രക്‌തസാക്ഷികളുടെ വീരഗാഥകൾ. പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സജ്ജരാണെന്നതിന് ഇരന്പിയെത്തിയ യുവത സമരസാക്ഷ്യമേകി. ആയിരങ്ങളുടെ ആവേശഭരിതമായ രക്‌താഭിവാദ്യങ്ങളിൽ വീരവയലാർ വീണ്ടും അരുണിമയിൽ മിന്നി.
രക്തസാക്ഷിഗ്രാമങ്ങളിൽനിന്ന് രാവിലെ മുതൽ ചെറുപ്രകടനങ്ങൾ എത്തിത്തുടങ്ങിയിരുന്നു. വയലാർ സ്‌മൃതിമണ്ഡപത്തിലെ വാരിക്കുന്തമേന്തി മുന്നേറുന്ന സമരഭടന്റെ ശിൽപത്തിനു മുന്നിൽ പുഷ്‌പാർച്ചന നടത്തി വലംവച്ച പ്രകടനങ്ങൾ സമരഭൂമിയെ ത്രസിപ്പിച്ചു. വയലാർ ദിനത്തോടെ 79–-ാം പുന്നപ്ര-വയലാർ വാരാചരണത്തിന് പരിസമാപ്തിയായി.
രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖ ആലപ്പുഴ വലിയ ചുടുകാട്ടിൽനിന്നും മേനാശേരിയിൽനിന്നും എത്തിച്ചു. വലിയചുടുകാട്ടിൽ മുതിർന്ന സിപിഐ എം നേതാവ് ജി സുധാകരനും മേനാശേരിയിൽ കെ വി ദേവദാസും ദീപശിഖ അത്‌ലീറ്റുകൾക്ക് കൈമാറി. ദീപശിഖകൾ കേന്ദ്രവാരാചരണകമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു.
വയലാർ സമരഭൂമിയിൽ വയലാർ രാമവർമ അനുസ്‌മരണ സാഹിത്യ സമ്മേളനത്തിൽ ഡോ. ജി എസ് പ്രദീപ്, ആലങ്കോട് ലീലാകൃഷ്‌ണൻ, എ ജി ഒലീന, ഒ കെ മുരളീകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ അധ്യക്ഷനായി. സെക്രട്ടറി എൻ പി ഷിബു സ്വാഗതം പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി എന്നിവർക്ക് സമ്മേളനം ആദരം അർപ്പിച്ചു. പുന്നപ്ര–-വയലാർ സമര സേനാനികളുടെ ഡയറക്‌ടറി മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനു നൽകി പ്രകാശിപ്പിച്ചു. ബിനോയ് വിശ്വം, ഡോ. ടി എം തോമസ് ഐസക്, സി എസ് സുജാത, സജി ചെറിയാൻ, ആർ നാസർ, പി പ്രസാദ്, സി ബി ചന്ദ്രബാബു, ടി ജെ ആഞ്ചലോസ്, എ എം ആരിഫ്, ടി ടി ജിസ്‌മോൻ, മനു സി പുളിക്കൽ, എസ് സോളമൻ, പി കെ സാബു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അലോഷിയുടെ ഗസൽസന്ധ്യ നടന്നു.










0 comments