print edition വയലാറിലും മേനാശേരിയിലും ചെങ്കൊടി ഉയർന്നു

പുന്നപ്ര–വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തുന്നു. / ഫോട്ടോ : കെ എസ് ആനന്ദ്
വയലാർ/മേനാശേരി
ധീരരക്‌തസാക്ഷികൾ ചുവപ്പിച്ച വയലാറിന്റെയും മേനാശേരിയുടെയും വിപ്ലവമണ്ണിൽ ചെങ്കൊടി ഉയർന്നു. വീരസ്‌മരണ ജ്വലിച്ച മുദ്രാവാക്യങ്ങളാൽ പോരാട്ടഭൂമികൾ തുടിച്ചു.
വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. സമ്മേളനത്തിൽ കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ അധ്യക്ഷനായി. ഇരു കമ്യൂണിസ്റ്റ് പാർടികളുടെയും നേതാക്കളായ സി എൻ മോഹനൻ, പി പ്രസാദ്, സി ബി ചന്ദ്രബാബു, ടി ടി ജിസ്‌മോൻ, മനു സി പുളിക്കൽ, എസ് സോളമൻ, എ എം ആരിഫ്, ദലീമ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.
എം കെ ഉത്തമൻ നയിച്ച പതാകജാഥ ചൊവ്വ രാവിലെ പള്ളിപ്പുറം എൻഎസ്എസ് കോളേജ് കവലയിൽനിന്ന് പുനരാരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് വയലാറിലെത്തിയത്.
മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എൻ ജി രാജൻ പതാക ഉയർത്തി. സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷനായി. ഇരു കമ്യൂണിസ്റ്റ് പാർടികളുടെയും നേതാക്കളായ പി പ്രസാദ്, കെ പ്രസാദ്, എൻ എസ് ശിവപ്രസാദ്, മനു സി പുളിക്കൽ, എ എം ആരിഫ്, എം കെ ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.









0 comments