print edition പുന്നപ്ര–വയലാർ വാരാചരണം; രണസ്‌മാരകങ്ങളിൽ ചെങ്കൊടി ഉയർന്നു

പുന്നപ്ര–വയലാർ സമരത്തിന്റെ 79-–ാം വാർഷിക വാരാചരണത്തിന്റെ ഭാഗമായി ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ വിപ്ലവഗായിക പി കെ മേദിനി പതാക ഉയർത്തുന്നു . ഫോട്ടോ: കെ എസ് ആനന്ദ്

സ്വന്തം ലേഖകൻ
Published on Oct 21, 2025, 01:51 AM | 2 min read
ആലപ്പുഴ : പുന്നപ്ര–വയലാർ വീരേതിഹാസത്തിന്റെ 79ാം വാർഷിക വാരാചരണത്തിന് ഉജ്വല തുടക്കം. ദിവാൻഭരണത്തിനും രാജവാഴ്‌ചയ്‌ക്കുമെതിരെയും പ്രായപൂർത്തി വോട്ടവകാശം, ജനാധിപത്യം എന്നിവയ്‌ക്ക് വേണ്ടിയും ചോരചിന്തി ജീവൻ വെടിഞ്ഞ രണധീരരുടെ സ്‌മൃതികുടീരങ്ങളിൽ രക്‌തപതാക ഉയർന്നു. സമരേതിഹാസത്തിന്റെ സ്‌മരണകളുയർത്തി 27 വരെ വിവിധ പരിപാടികൾ നടക്കും. സിപിഐ എം, സിപിഐ നേതൃത്വത്തിലുള്ള വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികൾ. സിപിഐ എം സമുന്നത നേതാവ് സി എച്ച് കണാരൻ അനുസ്‌മരണദിനവും തിങ്കളാഴ്‌ച ആചരിച്ചു.
തൊഴിലിടങ്ങളിലും വിവിധ കേന്ദ്രങ്ങളിലും രാവിലെ പതാക ഉയർത്തിയതോടെയാണ് വാരാചരണത്തിന് തുടക്കമായത്. പുന്നപ്ര–വയലാർ രക്‌തസാക്ഷികൾ അന്ത്യവിശ്രമംകൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ വിപ്ലവഗായിക പി കെ മേദിനിയും പുന്നപ്ര രക്‌തസാക്ഷി മണ്ഡപത്തിനുമുന്നിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയനും മാരാരിക്കുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും പതാക ഉയർത്തി. വയലാറിൽ ഉയർത്താനുള്ള പതാകയുമായുള്ള ജാഥ മേനാശേരി രക്‌തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രയാണം ആരംഭിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു പതാക സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം കെ ഉത്തമന് കൈമാറി. ചൊവ്വ പകൽ 11 ന് വയലാറിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും മേനാശേരിയിൽ വൈകിട്ട് ആറിന് എൻ ജി രാജനും പതാക ഉയർത്തും. വയലാറിൽ പതാക ഉയർത്തലിന് ശേഷം ചേരുന്ന സമ്മേളനത്തിൽ ഇരുകമ്യൂണിസ്‌റ്റ് പാർടികളുടെയും നേതാക്കളായ സി എൻ മോഹനൻ, പി പ്രസാദ്, സി ബി ചന്ദ്രബാബു, ടി ജെ ആഞ്ചലോസ് തുടങ്ങിയവർ സംസാരിക്കും.
പുന്നപ്രദിനമായ 23 ന് വൈകിട്ട് ആറിന് സമരഭൂമിയിൽ ചേരുന്ന സമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും. 25 ന് മേനാശേരിദിനത്തിൽ വൈകിട്ട് പൊന്നാംവെളി ജങ്‌ഷനിൽ ചേരുന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. 26 ന് മാരാരിക്കുളത്ത് അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും.
വയലാർദിനമായ 27 ന് രാവിലെ വലിയചുടുകാട് , മേനാശേരി എന്നിവിടങ്ങളിൽനിന്ന് വയലാർ ബലികുടീരത്തിലേക്ക് ദീപശിഖാറിലേ ആരംഭിക്കും. 11 ന് ദീപശിഖകൾ രക്‌തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. തുടർന്ന് പുഷ്‌പാർച്ചന, വയലാർ രാമവർമ അനുസ്‌മരണ സാഹിത്യ സമ്മേളനം, പൊതുസമ്മേളനം എന്നിവയുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും.










0 comments