ad
Deshabhimani

print edition പുനർജനി തട്ടിപ്പ്‌: കേസ്‌ പിൻവലിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം- പ്രതിപക്ഷ നേതാവ്‌

pinarayi vijayan
avatar
സ്വന്തം ലേഖകൻ

Published on Aug 02, 2026, 12:23 AM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിയായ പുനർജനി തട്ടിപ്പിലെ വിജിലൻസ്‌ കേസ്‌ പിൻവലിക്കാനുള്ള തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരായ കേസാണ്‌ അദ്ദേഹത്തിന്റെ കീഴിലെ ആഭ്യന്തരമന്ത്രിതന്നെ അവസാനിപ്പിച്ചത്‌. ഗുരുതരമായ കേസാണ് നിസ്സാരമായി ഇല്ലാതാക്കാൻ തീരുമാനിച്ചത്‌. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തിപരമായല്ല തീരുമാനിക്കേണ്ടത്‌. വിഷയം നീതിന്യായ സംവിധാനങ്ങളുടെ പരിഗണനയ്‌ക്ക്‌ വിടണം. അവരാണ്‌ കുറ്റവിമുക്തരാക്കേണ്ടത്‌– പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


മഹാപ്രളയകാലത്ത്‌ സർക്കാരിന്റെ പുനരധിവാസത്തിന്റെ ഭാഗമാകാതെയാണ്‌ പറവൂർ എംഎൽഎ സ്വകാര്യമായി ‘പുനർജനി’തുടങ്ങിയത്‌. അമീർ മുഹമ്മദ്‌ എന്നൊരാൾ നേതൃത്വം നൽകുന്ന മണപ്പാട്‌ ഫ‍ൗണ്ടേഷനാണ്‌, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റവന്യൂവകുപ്പ്‌ അറിയാതെ കോടികളുടെ പണമിടപാട്‌ നടത്തിയത്‌. മണപ്പാട്‌ ഫ‍ൗണ്ടേഷന്റെ പദ്ധതിക്ക്‌ പുനർജനി എന്ന പേരിടുകയായിരുന്നെന്ന്‌ വിജിലൻസ്‌ കണ്ടെത്തി. ലണ്ടനിലെ ബക്കിങ്‌ഹാമിൽ വിളിച്ചുചേർത്ത യോഗത്തിൽ സതീശൻ ധനസഹായം അഭ്യർഥിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രയ്‌ക്ക്‌ ടിക്കറ്റും മറ്റ്‌ സഹായവും ഒരുക്കിയത്‌ അമീറാണെന്നും വിജിലന്‍സ് റിപ്പോർട്ടിലുണ്ട്‌.


പ്രളയകാലത്ത്‌ വിദേശമലയാളികളുടെ സഹായം സ്വീകരിക്കാൻ മന്ത്രിമാർക്കുപോലും സന്ദർശനാനുമതി ലഭിക്കാതിരിക്കെയാണ്‌ സതീശൻ സ്വകാര്യസന്ദർശനമെന്ന പേരിൽ അനുമതി നേടിയത്‌. ഫണ്ട്‌ സമാഹരണം കേന്ദ്രസർക്കാരിൽനിന്നും സ്‌പീക്കറിൽനിന്നും മറച്ചു. വിദേശഫണ്ട്‌ സമാഹരണം സംശയാസ്‌പദമാണെന്നും വിജിലൻസ്‌ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിദേശനാണയ വിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടെന്നും അതിനാൽ കേന്ദ്രഏജൻസി അന്വേഷിക്കണമെന്നും 2025ൽ വിജിലൻസ്‌ ശുപാർശ ചെയ്‌തു. രാഷ്‌ട്രീയ ഉദ്ദേശ്യമില്ലാത്തതിനാൽ സിബിഐ അന്വേഷണത്തിന്‌ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചില്ല‍. കൂടുതൽ വിശദമായി അന്വേഷിച്ച്‌ വ്യക്തത വരുത്താനാണ്‌ നിർദേശിച്ചത്‌. കേസവസാനിപ്പിക്കുമ്പോൾ പരാതിക്കാരന്‌ നോട്ടീസയക്കാൻ പോലും തയ്യാറായിട്ടില്ലെന്നും പിണറായി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home