print edition ഉന്നതവിദ്യാഭ്യാസരംഗത്ത് ജനകീയ ഇടപെടൽ വേണം: തോമസ് ഐസക്

ആക്ഷൻ കൗൺസിൽ ഓഫ് റിട്ടയേർഡ് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് ഡോ. ടി എം തോമസ് ഐസക് സംസാരിക്കുന്നു
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾ ഉന്നതവിദ്യാഭ്യാസ സംവിധാനത്തെ ദുർബലപ്പെടുത്തുന്നെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്. വിദ്യാഭ്യാസമേഖലയെ വിപണിശക്തികൾക്ക് വിട്ടുകൊടുക്കാനുള്ള നീക്കം രാജ്യത്തിന്റെ ഭാവിക്ക് ഗുണകരമല്ല. സർവകലാശാലകളുടെ സ്വയംഭരണവും അക്കാദമിക സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ആക്‌ഷൻ കൗൺസിൽ ഓഫ് റിട്ട. യൂണിവേഴ്സിറ്റി ആൻഡ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം കൺവൻഷൻ അംഗീകരിച്ചു.
സമരത്തിലേർപ്പെട്ട വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു. നിരാഹാരസമരം തുടരുന്ന സോനം വാങ്‌ചുക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഡോ. എ ആർ രാജൻ അധ്യക്ഷനായി. പ്രൊഫ. ജി രാജീവ്, പ്രൊഫ. വി എൻ ചന്ദ്രമോഹനൻ, പ്രൊഫ. ടി കെ ജി നായർ എന്നിവർ വിഷയമവതരിപ്പിച്ചു. വിവിധ അധ്യാപക സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. പ്രിൻസ് പ്രസാദ്, ഡോ. സുമേഷ്, ഡോ. ആർ ബി പ്രമോദ്, ഡോ. എസ് രാജശേഖരൻ, പ്രൊഫ. കെ കെ വിശ്വനാഥൻ, ഡോ. കെ ജ്യോതിലാൽ, പ്രൊഫ. എസ് സരോജാദേവി, ഡോ. ലക്ഷ്മിപ്രിയ, പ്രൊഫ. കെ ലളിത, ഡോ. കെ കെ രാധ എന്നിവർ സംസാരിച്ചു.










0 comments