print edition പിഎസ്‍സി പരീക്ഷ റദ്ദാക്കൽ; ഉദ്യോഗസ്ഥവീഴ്ച മറച്ച് മാധ്യമങ്ങൾ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷാചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് റദ്ദാക്കിയ സംഭവത്തിലെ ഉദ്യോഗസ്ഥവീഴ്ച മറച്ചുവച്ച് യുഡിഎഫ് അനുകൂല മാധ്യമങ്ങൾ. രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷ നടന്നതാണ് വീഴ്ചയ്‌ക്ക് കാരണമെന്നാണ് ഇവരുടെ കണ്ടെത്തൽ.
പിഎസ്‍സി ഒരു ദിവസം രണ്ട് പരീക്ഷ നടത്തുന്നത് ആദ്യമല്ല. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഉൾപ്പെടെയുള്ള സുപ്രധാന പരീക്ഷകൾ രാവിലെയും വൈകിട്ടുമായി നടത്താറുണ്ട്. ചോദ്യപേപ്പർ കവറുകൾ പരസ്പരം മാറാതിരിക്കാൻ കളർകോഡുമുണ്ട്.
ഇൻവിജിലേറ്റർമാർക്ക് മാർഗനിർദേശവും നൽകും. മേൽനോട്ടത്തിനായി എല്ലാ സെന്ററുകളിലും പിഎസ്‍സി ഉദ്യോഗസ്ഥരെ നിയോഗിക്കാറുണ്ട്.
ഇതിന് മുന്പൊന്നും പരീക്ഷാനടത്തിപ്പിൽ സമാന പിഴവുണ്ടായിട്ടില്ല. ആറ് ലക്ഷത്തോളംപേർ അപേക്ഷിക്കുന്ന പത്താംതരം പൊതു പ്രാഥമിക പരീക്ഷകൾ മൂന്നും നാലും ഘട്ടമായി വിവിധ ദിവസങ്ങളിലാണ് നടത്താറുള്ളത്.
നടത്തിപ്പിലുണ്ടാകുന്ന കാലതാമസവും അനാവശ്യ ചെലവും ഒഴിവാക്കാനാണ് പരീക്ഷ രാവിലെയും വൈകിട്ടുമാക്കാൻ തീരുമാനിച്ചത്. നാല് ഘട്ടമായി നടത്തുമ്പോൾ ആദ്യഘട്ടക്കാർക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ സമയം ലഭിക്കുന്നില്ലെന്നും അവസാനഘട്ടക്കാർക്ക് കൂടുതൽ സമയം ലഭിക്കുന്നെന്നും പരാതി ഉയർന്നിരുന്നു.
ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥൻ കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗമാണെന്ന വിവരവും മാധ്യമങ്ങൾ മറച്ചുവച്ചു. പിഎസ്‍സി ആസ്ഥാനത്ത് ജോലിചെയ്യുന്ന ഈ ഉദ്യോഗസ്ഥനാണ് ചോദ്യപേപ്പർ മാറ്റിനൽകിയ പരീക്ഷാകേന്ദ്രത്തിൽ അഡീഷണൽ ചീഫ് സൂപ്രണ്ട്. ആലപ്പുഴയിൽ മുസ്ലിംലീഗിന്റെ നിയന്ത്രണത്തിലുള്ള ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരീക്ഷയിലാണ് പിഴവുണ്ടായത്. സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ട്.










0 comments