ജന്തർ മന്തറിലെ പ്രക്ഷോഭം; ഇടതുപക്ഷത്തിന്റെ പങ്ക് പൂർണമായി തമസ്കരിച്ച് മുഖ്യധാര മലയാള മാധ്യമങ്ങൾ

ജന്തർമന്തറിലെ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും ഇടതുപക്ഷ എംപിമാരും എസ്എഫ്ഐ പ്രവർത്തകരും
ന്യൂഡൽഹി : ഡൽഹി ജന്തർമന്ദിറിൽ നടന്ന ഐതിഹാസിക യുവജന- വിദ്യാർഥി പ്രക്ഷോഭത്തിൽ തുടക്കം മുതൽ ഒപ്പം നിന്ന ഇടതുപക്ഷത്തെ പൂർണമായി തമസ്കരിച്ച് മുഖ്യധാര മലയാള മാധ്യമങ്ങൾ. വലതുപക്ഷ മാധ്യമങ്ങൾ സമരത്തെപ്പറ്റി നൽകിയ വാർത്തകളിലൊന്നും ഇടതുപക്ഷത്തിന്റെ പങ്ക് വ്യക്തമാക്കിയിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി വിമർശിച്ചു. എന്നാൽ സമരത്തിനെ ആദ്യമൊന്നും പിന്തുണയ്ക്കാതെ അവസാന നാളിൽ മാത്രം രംഗത്തുവന്ന കോൺഗ്രസിനെ വാനോളം പുകഴ്ത്തിയാണ് പല മാധ്യമങ്ങളും വാർത്ത നൽകിയിരിക്കുന്നത്. ഏതെങ്കിലും ഒരു പാർട്ടിയെയോ നേതാവിനെയോ ഉയർത്തിക്കാട്ടുന്നത് എഡിറ്റോറിയൽ നയത്തിന്റെ ഭാഗമായിരിക്കാമെന്നും എന്നാൽ മുന്നിലുള്ള യാഥാർഥ്യങ്ങൾക്ക് നേരെ വെറുതെ കണ്ണടയ്ക്കാമോയെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു. ദേശീയ മാധ്യമങ്ങളിലടക്കം ഇടതുപക്ഷത്തിന്റെ സമരത്തിലെ പങ്ക് എടുത്തുപറഞ്ഞ വാർത്തകളും ജോൺ ബ്രിട്ടാസ് പങ്കുവച്ചു.
സിജെപി തുടക്കമിട്ട ജന്തർമന്തർ സമരത്തിൽ ആദ്യാവസാനം ഇടതുപക്ഷത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർഥി–യുവജന സംഘടനകളും സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികളുടെ നേതാക്കളും ആദ്യം മുതൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും മുതിർന്ന നേതാവ് ബൃന്ദ കാരാട്ടും ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണനും രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസും മറ്റ് ഇടതുപക്ഷ എംപിമാരും നേതാക്കളുമെല്ലാം സമരവേദിയിലെത്തി. പ്രധാന്റെ രാജിക്കുശേഷം സമരവേദിയിലെത്തിയ ബ്രിട്ടാസ് അടക്കമുള്ള ഇടതുപക്ഷ നേതാക്കളെ കൈയടിയോടെയാണ് പ്രക്ഷോഭകർ സ്വീകരിച്ചത്.
ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം സ്ഥിതിചെയ്യുന്ന ശാസ്‌ത്രി ഭവനിലേക്ക് എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനെ പൊലീസ് കടന്നാക്രമിച്ചു. നേതാക്കളെയും പ്രവർത്തകരെയും നിരത്തിലൂടെ വലിച്ചിഴച്ചു. ജന്തർമന്തറിൽ സിജെപി പ്രക്ഷോഭത്തുടക്കം മുതൽ എസ്‌എഫ്‌ഐയുടെ സജീവ പ്രാതിനിധ്യമുണ്ടായി. സമരവേദിയിൽ ‘ക്രാന്തികോർണർ’ തീർത്തു. പിന്തുണയുമായി ഡിവൈഎഫ്‌ഐയും എത്തി. എഐഎസ്‌എഫ്, ഐസ തുടങ്ങിയ സംഘടനകളും ചേർന്നു. അംബേദ്‌കറുടെയും ഭഗത്‌സിങ്ങിന്റെയും ചെഗുവേരയുടെയും ചിത്രങ്ങൾ സമരവേദിയിലുയർന്നു. കോൺഗ്രസ് പൂർണമായും സമരത്തോട് മുഖംതിരിച്ചപ്പോൾ എം എ ബേബി അടക്കമുള്ള സിപിഐ എം നേതാക്കൾ ഐക്യദാർഢ്യവുമായി എത്തിയത് സിജെപിക്ക് ആത്മവിശ്വാസമേകി. സോനം വാങ്‌ചുക്കിന്റെ നിരാഹാര സമരത്തിലും ഇടതുപക്ഷ സംഘടനകൾ പങ്കാളികളായി. എസ്‌എഫ്‌ഐ നേതാക്കളായ ആദർശ് എം സജിയും ഐഷി ഘോഷും ഐസാ നേതാക്കളും നിരാഹാരമനുഷ്‌ഠിച്ചു.
ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മലയാളത്തിലെ മുഖ്യധാര പത്രങ്ങൾ രാവിലെ വായിച്ചപ്പോൾ ഒരു സംശയം...
ജന്തർ മന്തറിലെ പ്രക്ഷോഭത്തിൽ ഇടതുപക്ഷത്തിന് ഒരു പങ്കും ഇല്ലായിരുന്നോ?
ശരിയാണ്, ഏതെങ്കിലും ഒരു പാർട്ടിയെയോ പ്രത്യേകിച്ചൊരു നേതാവിനെയോ പ്രൊമോട്ട് ചെയ്യുക എന്നത് എഡിറ്റോറിയൽ നയത്തിന്റെ ഭാഗമായിരിക്കാം. എന്നാൽ നമ്മളെ തുറിച്ചു നോക്കുന്ന, നമ്മുടെ മുന്നിലുള്ള യാഥാർത്ഥ്യങ്ങൾക്ക് നേരെ ചുമ്മാ കണ്ണടക്കാമോ?
ഇടതുപക്ഷത്തിനോട് യാതൊരുതരത്തിലും അനുകമ്പയില്ലാത്ത ഇന്ത്യയിലെ ഏറ്റവും വലിയ പത്രമായ ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ചില വാർത്തകൾ ഇവിടെ സമർപ്പിക്കട്ടെ...









0 comments