ഒഴിവ് 408
print edition ഡോക്ടർമാരുടെ നിയമനം വൈകിച്ച് സർക്കാർ

അഖില ബാലകൃഷ്ണൻ
Published on Jun 28, 2026, 12:45 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുമ്പോഴും സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരില്ല. പിഎസ്‌സി ശുപാർശ നൽകിയ 408 ഒഴിവുകളിൽ യുഡിഎഫ് സർക്കാർ നിയമനം വൈകിക്കുന്നു. പുതിയവ – 345, ജോലിക്ക് കയറാത്തത്–21, ഭിന്നശേഷി വിഭാഗം –42 എന്നിങ്ങനെയാണ് ഘട്ടംഘട്ടമായി റിപ്പോർട്ട് ചെയ്ത ഒഴിവുകൾ.
അസി. സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ ഡിസംബറിൽ പിഎസ്‌സി പരീക്ഷ നടത്തി. ഏപ്രിലിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എൽഡിഎഫ് സർക്കാർ ഇടപെടലിൽ ഒരു മാസത്തിനുള്ളിൽ നിയമന ശുപാർശയായി. മെയ് 25ന് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പിഎസ്‌സി സെക്രട്ടറി കത്തയച്ചു. അന്ന് റിപ്പോർട്ട് ചെയ്‌ത, വിവിധ ജില്ലകളിലെ 395 ഒഴിവിലേക്ക് ഡോക്ടർമാരെ നിയമിച്ച് പട്ടിക തയ്യാറാക്കുന്നതിനിടെയാണ് മന്ത്രിയുടെ ഇടപെടലിൽ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത്. പിന്നീട് നടപടിയുണ്ടായില്ല.
പകർച്ചവ്യാധികൾ വ്യാപകമായ വടക്കൻ ജില്ലകളിലും ഗ്രാമ പ്രദേശങ്ങളിലേക്കും ഡോക്ടർമാരെ നിയോഗിച്ചായിരുന്നു പ്രാഥമിക പട്ടിക. ഭരണപക്ഷ അനുകൂല സംഘടനകളുടെ ആവശ്യപ്രകാരം ഇത് അട്ടിമറിച്ചതായി ആരോപണം ഉയർന്നിരുന്നു. വീണ്ടും റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ജൂൺ ഒമ്പതിന് പിഎസ്‌സി വീണ്ടും ശുപാർശ അയച്ചു. ഇതിലും നടപടിയെടുത്തില്ല. നിയമനം അട്ടിമറിക്കുന്നതിനെതിരെ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് ആരോഗ്യമന്ത്രി മറുപടി നൽകിയിരുന്നില്ല.











0 comments