അസി. ഇൻഫർമേഷൻ ഓഫീസർ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത് ചട്ടങ്ങൾ പാലിച്ച്: പിഎസ്‍സി

തിരുവനന്തപുരം: പിആർഡിയിലേക്കുള്ള അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിൽ ക്രമക്കേട് നടന്നെന്ന മാധ്യമവാർത്തകൾ അടിസ്ഥാനരഹിതം. വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുമായി നിരവധിപേർ റാങ്ക്പട്ടിയകയിൽ കടന്നുകൂടിയെന്നാണ് പ്രചാരണം. എന്നാൽ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പാലിച്ചാണ് പിഎസ്‍സി റാങ്ക് പട്ടിക പ്രസീദ്ധീകരിച്ചത്. ഈ തസ്തികയ്ക്കായി ഉദ്യോഗാർഥികൾ ഹാജരാക്കേണ്ട പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ നിശ്ചിതമാതൃക വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു. ഇത് കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസ് 10 പ്രകാരമുള്ള മാതൃകയാണ്.
അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയ്ക്ക് ഒരു സർക്കാർ പബ്ലിസിറ്റി ഓർഗനൈസേഷനിലോ, പ്രൈവറ്റ് ഓർഗനൈസേഷന്റെ പബ്ലിസിറ്റി ഡിപ്പാർട്ട്മെന്റിലോ, ഏതെങ്കിലും ദിനപത്രത്തിന്റെയോ ന്യൂസ് ഏജൻസിയുടെയോ എഡിറ്റോറിയൽ വിഭാഗത്തിലോ ഉള്ള രണ്ട് വർഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത. ഈ തസ്തികയ്ക്ക് പ്രിലിമിനറി പരീക്ഷയുടെയും വിവരണാത്മക പരീക്ഷയുടേയും അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ ന്യൂനതകളുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്ക് അത് പരിഹരിക്കാൻ അവസരവും നൽകി. ഇത്തരത്തിൽ ന്യൂനത പരിഹരിച്ച് ഹാജരാക്കിയ സർട്ടിഫിക്കറ്റുകളാണ് കമീഷൻ സ്വീകരിച്ചത്. ഇത് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ബാധകമായ എല്ലാ തസ്തികകളിലും അനുവദിക്കുന്നതുമാണ്.
പിആർഡി പ്രിസം പ്രോജക്ടുമായി ബന്ധപ്പെട്ട് പിആർഡി അനുവദിച്ച പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്വീകരിച്ചത്.









0 comments