നാടിന്റെ അഭിമാനം കാക്കാൻ വേണ്ടിവന്നാൽ ഇതിലും പൊക്കത്തിൽ കയറും: വിമര്‍ശകരോട് മന്ത്രി കെ രാജൻ

കെ രാജൻ വാർത്താസമ്മേളനത്തിൽ (ഇടത്), ടൗൺഷിപ്പിലെ വീടിന്റെ സീലിങിൽ പെൻസിൽകൊണ്ട് അടയാളപ്പെടുത്തിയ ഭാഗം മന്ത്രി മായ്ച്ചുകളയുന്നു (വലത് | ഫയൽ )
തിരുവനന്തപുരം: മുണ്ടക്കൈ അതിജീവിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ ഗുണനിവാരം പരിശോധിച്ച്, മാധ്യമങ്ങളുടെ നുണപ്രചാരണം പൊളിച്ചതിന് പിന്നാലെ കോൺഗ്രസ് നടത്തുന്ന സൈബർ അധിക്ഷേപത്തിൽ മറുപടിയുമായി മന്ത്രി കെ രാജൻ. കൂലിപ്പണിക്കാരൻ എന്ന് തന്നെ വിളിക്കുന്നതിൽ അഭിമാനം മാത്രമേയുള്ളൂ എന്നും മന്ത്രിയായി പ്രവർത്തിച്ച് അഞ്ച് വർഷം കഴിഞ്ഞപ്പോൾ മുതലാളി രാജൻ എന്ന പേര് കേട്ടില്ലല്ലോ എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വീടുകൾക്ക് വിള്ളൽ വീണു എന്ന് മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും വലിയതോതിൽ പ്രചാരണം ഉണ്ടായതോടെയാണ് നേരിട്ട് പോയി പരിശോധിച്ചത്. വിള്ളൽ അല്ല, ഗുണനിലവാര പരിശോധനയുടെ ഭാഗമായി എഞ്ചിനിയർ പെൻസിൽകൊണ്ട് അടയാളപ്പെടുത്തിയതാണെന്ന് നേരിട്ട് ബോധ്യപ്പെട്ടു. ചൂരൽമലക്കാർക്ക് താനൊരു മന്ത്രിയല്ല, വീട്ടുകാരനാണ്. അവർക്കായി ഒരു വീട് നിർമിക്കുമ്പോൾ അതിൽ വിള്ളലുണ്ടെന്ന ആശങ്കപോലും നിലനിൽക്കാൻ പാടില്ല എന്ന് ഉറപ്പുണ്ടായിരുന്നു.
"ഞാൻ മേശപ്പുറത്ത് കയറിയത് തെറ്റായി എന്ന് പറയുന്നവരോട്, എന്റെ നാടിന്റെ അഭിമാനം കാക്കാൻ വേണ്ടിവന്നാൽ ഇതിനുംപൊക്കത്തിൽ കയറും. മന്ത്രി എന്നതിലുപരിയായി മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന മലയാളിയുടെ കടമകൂടിയാണത്. സൈബറിടങ്ങളിൽ പലവിധത്തിൽ ആക്ഷേപങ്ങളുണ്ടായി. കൂലിപ്പണിക്കാരൻ രാജൻ, വാർക്കപ്പണിക്കാരൻ എന്നൊക്കെയായിരുന്നു വിളിച്ചത്. എന്നാൽ കൂലിപ്പണിക്കാരൻ രാജൻ എന്ന് വിളികേട്ടാൽ ആത്മാഭിമാനം വർധിക്കുന്നതല്ലാതെ മറ്റൊന്നുമില്ല. കൂലിപ്പണിക്കാരുടെ ഹൃദയവികാരങ്ങളും വേദനകളും അറിയുന്നയാളാണ് ഞാൻ. അതിൽ അഭിമാനം മാത്രമേയുള്ളൂ"- വിമർശകർക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
സാധാരണ പോലെയല്ല ടൗൺഷിപ്പിലെ വീടുകൾ നിർമിക്കുന്നത്. വീടുകൾക്ക് വാട്ടർ പോണ്ടിങ് ടെസ്റ്റ് നടത്തണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഏത് കാലാവസ്ഥയെയും വീടുകൾ അതിജീവിക്കും എന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് അത്. നിർമിക്കപ്പെട്ട വീടിന്റെ ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തും. ടെറസിൽനിന്ന് വെള്ളം ഏതെങ്കിലും വിധത്തിൽ താഴേക്ക് പോകുന്നത് കണ്ടാൽ അവിടെ അപ്പോക്‌സി ട്രീറ്റ്‌മെന്റ് നടത്തും. ഇതിനുശേഷം 24 മണിക്കൂർ വെള്ളം നിർത്തി നനവ് ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. അതിന് ശേഷം രണ്ടുതവണ സ്വിമ്മിങ് പൂൾ വാട്ടർ പ്രൂഫിങ് നടത്തും. വാട്ടർ പ്രൂഫിങ്ങിന് മുകളിൽ വീണ്ടും കോൺക്രീറ്റ് ചെയ്യും. ഉന്നതരായ സാങ്കേതികവിദഗ്ധരുടെ അഭിപ്രായപ്രകാരമാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
ഗുണനിലവാര പരിശോധനയിൽ രണ്ട് വീടുകൾക്കാണ് നനവുണ്ടായതായി കണ്ടെത്തിയത്. അത് ഏതെങ്കിലും മഴയിൽ ചോർന്ന് ഒലിച്ചതല്ല, വാണ്ടർ പോണ്ടിങ് ടെസ്റ്റിന്റെ ഭാഗമായി 24 മണിക്കൂർ വെള്ളം കെട്ടിനിർത്തി പരിശോധിച്ചപ്പോഴാണ് നനവ് കണ്ടെത്തിയത്. നിർമാണകമ്പനിയായ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ എഞ്ചിനിയർമാർ തന്നെയാണ് നനവ് കണ്ടെത്തിയ ഭാഗത്ത് പെൻസിൽ കൊണ്ട് അടയാളപ്പെടുത്തിയത്. ഇത് ദൂരനിന്ന് ചിത്രീകരിച്ചപ്പോൾ അതൊരു വിളള്ളലാണെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. താപനിലയിലുണ്ടാകുന്ന വ്യത്യാസംമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് സർക്കാർ ഏജൻസിയായ കിഫ്‌കോണിന്റെ വിദഗ്ധരായ എഞ്ചിനിയർമാർ അറിയിച്ചത്. എഞ്ചിനിയർമാർ പറഞ്ഞത് ശരിയാണോ എന്ന് ബോധ്യപ്പെടുന്നതിന് വേണ്ടിയാണ് പെൻസിൽകൊണ്ട് അടയാളപ്പെടുത്തിയ ഭാഗം മായ്ച്ചുകാണിച്ചത്.
ടൗൺഷിപ്പിലെ വീടുകൾ ഉടമസ്ഥർക്ക് നൽകുന്നതിന് മുൻപ് ഊരാളുങ്കൽ മാത്രമായും പിന്നീട് കിഫ്കോണുമായി ചേർന്നും സംയുക്ത പരിശോധന നടത്തും. അതിന് ശേഷം വീട്ടുടമസ്ഥരും ഊരാളുങ്കലും കിഫ്കോണും പരിശോധന നടത്തും. പിന്നീട് പ്രശ്‌നമുണ്ടായാൽ പരിഹരിക്കാൻ അഞ്ചുവർഷം വാറന്റിയുണ്ട്.
ദുരന്തം നടന്ന് 21മാസക്കാലം കഴിയുമ്പോഴും ഒരു മാസത്തെയും വാടകയോ ദിനബത്തയോ ഭക്ഷ്യക്കൂപ്പണോ മുടങ്ങിയിട്ടില്ല. ബന്ധപ്പെട്ട എല്ലാവർക്കും സുരക്ഷിതമായ വീട് നൽകും. ഏറ്റവും വേഗത്തിൽ പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.











0 comments