തിരുവനന്തപുരം മൃഗശാല മാറ്റത്തിൽ കച്ചവടക്കണ്ണ്; പ്രതിഷേധം ശക്തം

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല മാറ്റിസ്ഥാപിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിൽ പ്രതിഷേധം ശക്തം. നഗരത്തിന്റെ തണലിടത്തെ പറിച്ചു നടാനുള്ള സംശയാസ്‌പദ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുയരുമെന്ന് വിവിധ സംഘടനകളും കൂട്ടായ്‌മകളും മുന്നറിയിപ്പ് നൽകി. നഗരത്തിൽ സ്വാഭാവിക ആവാസവ്യവസ്ഥയുള്ള സ്ഥലത്തുനിന്ന് മൃഗശാല മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനു പിന്നിൽ കച്ചവടക്കണ്ണുള്ളതായി ആക്ഷേപം ഉയർന്നിരുന്നു. നഗരഹൃദയത്തിൽ കോടികൾ വിലമതിക്കുന്ന 30 ഏക്കറിലാണ് മൃഗശാലയുള്ളത്. ഇതുൾപ്പെടെ 55 ഏക്കർ ഉൾപ്പെടുന്നതാണ് മ്യൂസിയം കോമ്പൗണ്ട്. നഗരത്തിന്റെ കണ്ണായ സ്ഥലങ്ങൾ ലാഭക്കൊതിയോടെ കാത്തുനിൽക്കുന്ന കോർപറേറ്റുകൾക്ക് തീറെഴുതി നൽകി കോടികൾ കൈപ്പറ്റുകയാണ് യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്നും ആക്ഷേപമുണ്ട്.
മൃഗശാലയുൾപ്പെടുന്ന നഗര ഭൂമി തുച്ഛവിലയ്‌ക്ക് പാട്ടത്തിനെടുക്കാൻ വൻകിടക്കാർ കാലാകാലങ്ങളായി ശ്രമങ്ങൾ നടക്കുന്നുണ്ട്. വ്യവസായിക ലക്ഷ്യത്തോടെ സർക്കാർ– സ്വകാര്യ സംയുക്ത സംരംഭമാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. തിരുവനന്തപുരം വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും സ്വന്തമാക്കിയ അദാനി ഗ്രൂപ്പിന്റെ അദാനി എയർപ്പോർട്ട് ഹോൾഡിങ്‌സ് ലിമിറ്റഡ് നഗരം കേന്ദ്രീകരിച്ച് സിറ്റിസൈഡ് ഡെവലപ്‌മെന്റ് പ്രോജക്‌ട് എന്ന പേരിൽ വൻകിട പദ്ധതി ആസൂത്രണം ചെയ്‌തിട്ടുണ്ട്. ഇതുകൂടാതെ, തിരുവനന്തപുരം കേന്ദ്രീകരിച്ച് മറ്റ് പദ്ധതികളും ലക്ഷ്യമിടുന്നു. മറ്റ് ചില വൻകിട കോർപറേറ്റുകളും നഗരഹൃദയത്തിൽ ഭൂമി അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മൃഗശാലകളിലൊന്നാണ് 1856ൽ സ്ഥാപിതമായ തിരുവനന്തപുരം മൃഗശാല. നഗരത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പൈതൃകത്തിന്റെ ഭാഗമാണിത്. മ്യൂസിയം, ആർട്ട് ഗ്യാലറി എന്നിവയും ചേർന്നുനിൽക്കുന്നുവെന്ന പ്രത്യേകതയുണ്ട്. വർഷം 15 ലക്ഷത്തോളം സന്ദർശകരാണിവിടെ എത്തുന്നത്. നൂറിലേറെ സസ്യവർഗങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമേറിയ വന്മരങ്ങൾ, സ്വാഭാവിക ജലാശയം ഉൾപ്പെടുന്ന പ്രദേശം നഗരത്തിലെ കാർബൺ സാന്നിധ്യം കുറയ്ക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. രാജ്യത്ത് സ്വകാര്യവൽക്കരണ നീക്കങ്ങൾക്ക് തുടക്കം കുറിച്ച കോൺഗ്രസ്, കേരളത്തിൽ അധികാരത്തിലെത്തിയപ്പോഴൊക്കെ, പൊതുമേഖലാ സ്ഥാപനങ്ങളടക്കം സ്വകാര്യമേഖലയ്ക്ക് തീറെഴുതിയിട്ടുണ്ട്. അതിനാൽ മൃഗശാല മാറ്റിസ്ഥാപിക്കണമെന്ന സർക്കാരിന്റെ വാദം കോർപറേറ്റുകൾക്ക് തിരുവനന്ത പുരം നഗരത്തിലേക്ക് വാതിൽ തുറക്കാനുള്ള റിയൽ എസ്റ്റേറ്റ് താൽപ്പര്യമാണെന്ന് വ്യക്തം.









0 comments