'നമ്മുടെ മാനവീയം, നമ്മുടെ ശബ്ദം': സംഘപരിവാർ മാനവീയം കൈയ്യടക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: സ്വതന്ത്ര്യമായ സാംസ്കാരിക പരിപാടികളുടെ വേദിയായ മാനവീയം വീഥിയിൽ സംഘപരിവാർ നിരോധനം ഏർപ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം മാനവീയം വീഥിയിൽ ഗായിക പുഷ്പവതിയുടെ പരിപാടി മേയർ വിലക്കി. ഇതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. യാതൊരു വേർതിരിവുകളുമില്ലാതെ കലാകാരന്മാർക്ക് അവസരം ഒരുക്കുന്ന സ്വതന്ത്രമായ ഇടമായാണ് മാനവീയം വീഥി സജ്ജമാക്കിയത്.
സംസ്കാരിക പരിപാടികൾക്കു വേണ്ടിയുള്ള പ്രധാന വേദിയാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സർക്കാരാണ് മാനവീയം വീഥിക്ക് പുതുമുഖം നൽകിയത്. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് അറുതി വരുത്തികൊണ്ട് മികച്ച രീതിയിൽ കലാപരിപാടികളുമായി മുൻപോട്ടു പോയിരുന്ന വീഥി ഇന്ന് സംഘപരിവാർ വിവേചനത്തിന്റെ വേദിയാക്കുകയാണ്. കലാകാരന്മാർക്ക് വർഗീയ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പേരിൽ അവസരങ്ങൾ നിഷേധിക്കുകയാണ്. മാനവീയം വീഥിയിൽ വിദ്വേഷത്തിന്റെ വേരുറപ്പിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ നീക്കത്തിനെതിരെ ഞായറാഴ്ച വൈകുന്നേരം 5.30 മണി മുതൽ പ്രതിഷേധ പരിപാടി നടക്കും.
മാനവീയം രജതജൂബിലി കമ്മിറ്റിയുടെ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഗായിക പുഷ്പവതിയുടെ പാട്ട് നിശ്ചയിച്ചിരുന്നത്. എന്നാൽ പരിപാടിക്ക് നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നു. കാരണം വ്യക്തമാക്കാതെയാണ് നിഷേധിച്ചത്. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തകർത്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ മാനവീയം വീഥിയിൽ നടൻ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിക്കുനേരെ പൊലീസ് അതിക്രമം നടത്തി. പിന്നാലെയാണ് മാനവീയം വീഥിയിൽ ബിജെപി ഭരിക്കുന്ന കോർപറേഷൻ പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി തുടങ്ങിയത്.
സാംസ്‌കാരിക ഇടങ്ങൾ ഇല്ലാതായാൽ മാത്രമേ ബിജെപിക്ക് വളരാനാകൂവെന്നും തന്റെ പാട്ടുകളാകാം കോർപറേഷനെ ഭയപ്പെടുത്തുന്നതെന്നും വിലക്കിനെതിരെ പുഷ്‌പവതി പ്രതികരിച്ചു. നിലവിൽ ബിജെപിയുടെ പരിപാടികൾക്ക് മാത്രമാണ് അനുമതി നൽകുന്നതെന്ന ആക്ഷേപവും ശക്തമാണ്. മാനവീയം വീഥിയിൽ റോഡ് കയ്യേറി പ്ലാറ്റ്ഫോം നിർമിച്ച ബിജെപി നടപടിയും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.








0 comments